രണ്ട് സ്ത്രീകൾ പ്രണയിച്ചു, കുട്ടിക്ക് വേണ്ടി ഒരാൾ വിവാഹിതയായി, കുട്ടി ജനിച്ചശേഷം തിരികെവന്നു, ഒരപൂർവ പ്രണയകഥ

Published : Feb 13, 2021, 12:48 PM IST
രണ്ട് സ്ത്രീകൾ പ്രണയിച്ചു, കുട്ടിക്ക് വേണ്ടി ഒരാൾ വിവാഹിതയായി, കുട്ടി ജനിച്ചശേഷം തിരികെവന്നു, ഒരപൂർവ പ്രണയകഥ

Synopsis

1917 -ലാണ് ലെസ്ലിയും ലൂസിയയും കണ്ടുമുട്ടുന്നത്. കണ്ടമാത്രയില്‍ തന്നെ ഇരുവരും തമ്മില്‍ ഗാഢമായ പ്രണയത്തിലായി. ലൂസിയ ലെസ്ലിയേക്കാള്‍ 10 വയസിന് മൂത്തതായിരുന്നു. 

ഇന്നുപോലും പല രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗം അംഗീകരിക്കപ്പെട്ടിട്ടില്ല. അയ്യേ ഒരു പെണ്ണും പെണ്ണും വിവാഹിതരാവുകയോ? ആണും ആണും വിവാഹിതരാവുകയോ? അവർ ഒന്നിച്ച് കഴിയുകയോ? തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ഇന്നും സമൂഹം ഉയർത്താറുണ്ട്. എന്നാല്‍, 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കാര്യം ചിന്തിച്ചു നോക്കൂ. സ്വവര്‍ഗാനുരാഗികളായ രണ്ട് സ്ത്രീകൾ ചേർന്ന് ഒരു കുട്ടിയെ വളര്‍ത്തുന്നതോ. മാർക്ക് മില്ലർ എന്നൊരാളുടെ ട്വീറ്റ് അങ്ങനെയൊരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. തന്‍റെ കുടുംബത്തില്‍ 100 വര്‍ഷം മുമ്പുണ്ടായിരുന്ന സ്വവര്‍ഗാനുരാഗിയായ ബന്ധുവിന്‍റെ ചിത്രവും വിവരങ്ങളുമാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. 

മാര്‍ക്ക് മില്ലര്‍ പങ്കുവച്ചിരിക്കുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രത്തില്‍ ബന്ധുവായ ലെസ്ലി എന്ന സ്ത്രീ അവരുടെ മകനെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് കാണാം. ആ ചിത്രം പകര്‍ത്തിയതാവട്ടെ ലെസ്ലിയുടെ കാമുകി ലൂസിയ ലാറംഗയാണ്. 'സ്നേഹം ലിംഗഭേദത്തെ അവഗണിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ ചിത്രം' എന്നാണ് മില്ലര്‍ പറയുന്നത്. ആ കാലഘട്ടത്തില്‍ നേരിട്ടേക്കാവുന്ന എല്ലാത്തരം എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് ആ സ്ത്രീകള്‍ ജീവിച്ചുവെന്നതിന്‍റെ തെളിവാണ് ഈ ചിത്രമെന്നും മില്ലര്‍ പറയുന്നു. 

1895 -ല്‍ സാന്‍ ഫ്രാന്‍സിസ്കോയിലാണ് ലെസ്ലി ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് തന്‍റെ അമ്മയെ നഷ്ടപ്പെട്ടു. പിരമിഡിന്‍റെ ആകൃതിയിലുള്ളൊരു ശവകുടീരത്തിലാണ് അവരെ അടക്കിയത്. അതിപ്പോഴും കാലിഫോര്‍ണിയയില്‍ കാണാം. അമ്മയുടെ മരണശേഷവും ലെസ്ലി അവളുടെ മുത്തശ്ശനോടും മുത്തശ്ശിയോടും അടുപ്പം സൂക്ഷിച്ചിരുന്നു. അവരുടെ ബന്ധത്തെ വെളിപ്പെടുത്തുന്ന ചില കുറിപ്പുകളും മില്ലര്‍ പങ്കുവയ്ക്കുകയുണ്ടായി. 

1917 -ലാണ് ലെസ്ലിയും ലൂസിയയും കണ്ടുമുട്ടുന്നത്. കണ്ടമാത്രയില്‍ തന്നെ ഇരുവരും തമ്മില്‍ ഗാഢമായ പ്രണയത്തിലായി. ലൂസിയ ലെസ്ലിയേക്കാള്‍ 10 വയസിന് മൂത്തതായിരുന്നു. ഇരുവര്‍ക്കും ഒരു കുഞ്ഞ് വേണമെന്നും ആഗ്രഹമുണ്ടായി. അതിന് കൃത്രിമമാര്‍ഗങ്ങളൊന്നും കാണാതായപ്പോള്‍ ലെസ്ലി വിവാഹിതയാവാമെന്ന് സമ്മതിച്ചു. അതൊരു ചെറിയ തീരുമാനമായിരുന്നില്ല. പ്രത്യേകിച്ച് അന്നത്തെ കാലത്ത്. ഏതായാലും ഒരു കുട്ടിക്ക് വേണ്ടി ലെസ്ലി ജൂനിയര്‍ ആര്‍മി ഓഫീസറായ കെന്നത്ത് മൂറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ കാലത്തായിരുന്നു ഇത്. യുദ്ധത്തിനായി ഫ്രാന്‍സിലേക്ക് പോകാനിറങ്ങുകയായിരുന്നു കെന്നത്ത് മൂർ. 

ഏതായാലും അവരുടെ സുഹൃത്ത് കൂടിയായ കെന്നത്ത് ലെസ്ലിയെ വിവാഹം കഴിക്കാമെന്നും ഒരു കുട്ടിയായി കഴിയുമ്പോള്‍ വിവാഹമോചനം നല്‍കാമെന്നും സമ്മതിച്ചു. 1918 -ല്‍ സ്പാനിഷ് ഫ്ലൂ മഹാമാരിക്കാലത്താണ് അവരുടെ മകന്‍ റോബര്‍ട്ട് ജനിക്കുന്നത്. പിന്നീട്, അവരുടെ കുടുംബം ഹവായിയിലേക്ക് നടത്തിയ ഒരു യാത്രയില്‍ ലൂയിസ് ടെയ്ലര്‍ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു. അവളും അവര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നു. ലെസ്ലി, ലൂസിയ, ലൂയിസ് എന്നീ മൂന്നു സ്ത്രീകളും ഒരുമിച്ച് താമസിക്കാനും മകനെ വളര്‍ത്താനും തീരുമാനിക്കുന്നു. അങ്ങനെ മൂവരും ഒന്നിച്ച് താമസിച്ച് തുടങ്ങി. കേട്ടാൽ സങ്കീർണമായൊരു സിനിമാക്കഥപോലെ തോന്നുന്നുണ്ടെങ്കിലും ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണ്.

1920 -ല്‍ ലൂസിയയെ ലെസ്ലി പങ്കാളിയായി പട്ടികപ്പെടുത്തുന്നു. അങ്ങനെ ലെസ്ലി-ലൂസിയ എന്നീ പങ്കാളികളും അവരുടെ ലൂയിസ് എന്ന സുഹൃത്തും കൂടി ഒരുമിച്ച് താമസിക്കുന്നു. ഈ മൂന്ന് സ്ത്രീകളും കൂടി മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം നോക്കിനടത്തി. എന്നാല്‍, 10 വര്‍ഷത്തിനുശേഷം ലൂസിയയേയും ലെസ്ലി സുഹൃത്ത് മാത്രമാക്കി ചുരുക്കിയിരുന്നു. എങ്കിലും അവര്‍ക്കിടയിലെ സ്നേഹത്തിനും സൗഹൃദത്തിനും കോട്ടമൊന്നും സംഭവിച്ചില്ല. സാധാരണ പങ്കാളികളെപ്പോലെ വഴക്കിട്ടും തല്ലിയുമൊന്നും അവര്‍ പിരിഞ്ഞില്ല. പകരം സുഹൃത്തുക്കളായി തുടര്‍ന്നു, ഒരേ വീട്ടില്‍ത്തന്നെ താമസിച്ചു. 

ഇരുവരുടെയും ഒരുപാട് ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ട് എന്ന് മില്ലര്‍ പറയുന്നു. ഇരുവരുടെയും വസ്ത്രധാരണത്തില്‍ പോലും പ്രത്യേകതകളുണ്ടായിരുന്നു. ലെസ്ലി ഇളംനിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലായ്പ്പോഴും തെരഞ്ഞെടുത്തത്. എന്നാൽ, ലൂസിയ കറുത്തതോ ഇരുണ്ട നിറത്തിലുള്ളതോ ആയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അന്നത്തെക്കാലത്തെ ദമ്പതികള്‍ സാധാരണയായി പരസ്പരപൂരകങ്ങളായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അത് തന്നെയാവണം ലെസ്ലിയും ലൂസിയയും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ടാവുക എന്നും മില്ലര്‍ പറയുന്നു. 

മില്ലര്‍ പക്ഷേ ഒരിക്കലും ലെസ്ലിയെ കണ്ടിട്ടില്ല, ലൂസിയയെയും. എന്നാല്‍, റോബര്‍ട്ടിനെ കണ്ടിട്ടുണ്ട്. വളരെ മിടുക്കനായിരുന്നു റോബര്‍ട്ട്, ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുണ്ട് എന്നും മില്ലര്‍ പറയുന്നു. ഒരിക്കലും ലെസ്ബിയന്‍ ദമ്പതികള്‍ വളര്‍ത്തിയെന്നതുകൊണ്ട് ഒരിടത്തും റോബര്‍ട്ട് കുറഞ്ഞ ഒരാളായിരുന്നില്ലെന്നും മില്ലര്‍ പറയുന്നു. ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് വളര്‍ത്തുന്ന കുട്ടി മാത്രമേ മികച്ച ഒരാളാവൂ എന്ന സാമ്പ്രദായികചിന്തകള്‍ തകരുന്നത് ഇവിടെ കാണാം. വളരെ നല്ല ഒരു വ്യക്തിയുമായിരുന്നു റോബര്‍ട്ട്. മൂന്ന് സ്ത്രീകളാണ് അവനെ വളര്‍ത്തിയതെന്നതാവാം അതിന് കാരണമെന്നും മില്ലര്‍ പറയുന്നുണ്ട്. 

ഏതായാലും ഇന്നത്തെ കാലത്ത് പോലും നമുക്ക് സങ്കൽപ്പിക്കാനാകാത്ത ജീവിതമാണ് ഈ സ്ത്രീകൾ ജിവിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. ലെസ്ലി 1946 -ലും ലൂസിയ 1969 ലും ലൂയിസ് 1975 -ലുമാണ് മരിക്കുന്നത്. 

PREV
click me!

Recommended Stories

ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട, വിവാഹിതയായ സ്ത്രീ തന്നെയാണ് അത് തീരുമാനിക്കേണ്ടത്- കോടതി
ഒരുമാസം ചൈനീസ് ജാസ്മിൻ കോഫി മാത്രം കുടിച്ചാൽ എന്ത് സംഭവിക്കും; ഈ ഇന്ത്യൻ യുവാവിന്റെ അനുഭവം പറയും