നേപ്പാളിലുണ്ട് ഒരു 'ഉത്തര കൊറിയൻ സ്റ്റൈൽ' കമ്യൂണിസ്റ്റ് നഗരം

By Web TeamFirst Published Oct 21, 2021, 10:20 AM IST
Highlights

 നേപ്പാളീസ് യുവതക്കുമേൽ ഇന്ത്യൻ ദുഃസ്വാധീനങ്ങളുണ്ട് എന്നും കോമ്രേഡ് രോഹിത് പറയുന്നു.

'ജുച്ചേ' എന്ന വാക്ക് ലോകത്തിന് സംഭാവന ചെയ്തത് ഉത്തര കൊറിയയിലെ കിം ജോംഗ് കുടുംബമാണ്. ആ വാക്കിന്റെ അർഥം 'സ്വാശ്രയത്വം' എന്നാണ്. ഓരോരുത്തരും, സ്വയം പര്യാപ്തമാവുന്നതിലൂടെ ശാക്തീകരിക്കപ്പെടുന്നതിലൂടെ രാജ്യത്തിന് പുരോഗതി നേടാം എന്നാണ് ഈ പ്രത്യയശാസ്ത്രം പറയുന്നത്. ഉത്തര കൊറിയക്കു വെളിയിൽ ഈ തത്വങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ഒരൊറ്റ നഗരമേയുള്ളൂ, അതാണ് കാഠ്മണ്ഡുവിലെ നേപ്പാളീസ് നഗരമായ ഭക്തപൂർ.

ഇവിടത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ നേപ്പാൾ വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടി ആണ് ജുചെയുടെ പ്രചാരണത്തിന് പിന്നിലും. പാർട്ടിയുടെ ഹെഡ് ക്വാർട്ടേഴ്സിൽ കോമ്രേഡ് കിം ഇൽ സങ്ങിന്റെയും കിം ജോംഗ് ഇല്ലിന്റെയും വർണ ചിത്രങ്ങൾ പാർട്ടി ചെയർമാൻ കോമ്രേഡ് രോഹിത് എന്നറിയപ്പെടുന്ന നാരായൺ മാൻ ബിജുക്ചെയുടെ ചിത്രത്തിനൊപ്പം ചില്ലിട്ടു തൂക്കിയിട്ട് ചുവരിൽ. എംപി ആണ് കോമ്രേഡ്. എംപിയായ ശേഷമാണ് തനിക്കൊന്ന് ഉത്തരകൊറിയ വരെ പോവാനൊത്ത എന്ന് അദ്ദേഹം പറയുന്നു. ഉത്തര കൊറിയയുടെ മുതലാളിത്ത വിരുദ്ധ, സ്വതന്ത്ര, ദേശീയതാ വാദം അനുകരിക്കത്തക്കതാണ് എന്നാണ് അദ്ദേഹം കരുതുന്നത്.

ഏകദേശം 80,000 -ൽ പരം പേരാണ് ഭക്തപൂരിൽ കഴിഞ്ഞു പോരുന്നത്. തികഞ്ഞ വൃത്തിയും അച്ചടക്കവുമുള്ള ഒരു നഗരമെന്നാണ് ഇവിടം നേപ്പാളിൽ അറിയപ്പെടുന്നത്. വളരെ മികച്ച രീതിയിൽ ഏകോപിതമായ, ഫലപ്രദമായ പൊതുസേവനങ്ങളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. നഗരത്തിൽ ഭൂരിപക്ഷമുള്ള നേവാർ ഗോത്ര വർഗത്തിന്റെ പിന്തുണ സിറ്റി കൗൺസിലിനുണ്ട്. ഉത്തര കൊറിയയിലെ യുവാക്കളുടെ മനസ്സുകളെ അമേരിക്കൻ, ജാപ്പനീസ് സ്വാധീനങ്ങൾ ദുഷിപ്പിക്കും പോലെ നേപ്പാളീസ് യുവതക്കുമേൽ ഇന്ത്യൻ ദുഃസ്വാധീനങ്ങളുണ്ട് എന്നും കോമ്രേഡ് രോഹിത് പറയുന്നു.

ടൂറിസമാണ് ഈ നഗരത്തിന്റെ പ്രധാന വരുമാന മാർഗമെങ്കിലും, ടൂറിസ്റ്റുകളിൽ ആർക്കും ഇവിടെ വേരുറപ്പിക്കാൻ അനുവാദമില്ല. വരത്തന്മാരെ തികഞ്ഞ സംശയ ദൃഷ്ടിയോടെ മാത്രമാണ് ഭക്തപൂർ എന്നും കണ്ടുപോന്നിട്ടുള്ളതും. "ഉത്തര കൊറിയൻ മാതൃക പിന്തുടരുന്നതാണ് എന്തുകൊണ്ടും ഉത്തമം. അവിടം ഒരു സോഷ്യലിസ്റ്റ് സ്വർഗമാണ്. എല്ലാം സർക്കാർ ഉടമസ്ഥതയിലാണ്. പഠനത്തിനോ ചികിത്സയ്‌ക്കോ ഒന്നും ആർക്കും ഒരു ചില്ലി ചെലവിടേണ്ട ഗതികേടില്ല അവിടെ. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉത്തര കൊറിയയാണ്‌" എന്നും ഒരിക്കൽ അദ്ദേഹം പഹിലോ പോസ്റ്റിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഉത്തര കൊറിയൻ സോഷ്യലിസത്തിനും സ്വാശ്രയത്വത്തിനും പുറമെ ചൈനീസ് മാർക്സിസ്റ്റ് ലെനിനിസത്തിനും ഭക്തപൂരിൽ പിന്മുറക്കാറുണ്ട്. അയൽ രാജ്യമായതുകൊണ്ട് ചൈനയിൽ നിന്നുള്ള കാര്യമായ നയതന്ത്ര, സാമ്പത്തിക പിന്തുണയും ഭക്തപൂരിനും പാർട്ടിക്കും കിട്ടുന്നുണ്ട്. കിം ജോംഗ് ഉന്നിന് ഓരോ ജന്മദിനത്തിലും മുടങ്ങാതെ സമ്മാനങ്ങൾ അയച്ചു വിടുന്ന പതിവും കോമ്രേഡിനുണ്ട്. ഇത്രയും ലോക്കൽ സപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഭക്തപൂറിനു പുറത്തേക്ക് തങ്ങളുടെ നോർത്ത് കൊറിയൻ പ്രീണന രാഷ്ട്രീയം എത്തിക്കാൻ നേപ്പാൾ വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടിക്കോ കോമ്രേഡ് രോഹിതിനോ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

click me!