Ukraine War : ഒടുവില്‍ റഷ്യ പ്രഖ്യാപിച്ചു, മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചു, ഒരു സംശയവും വേണ്ട!

By Web TeamFirst Published Apr 16, 2022, 5:35 PM IST
Highlights

'ഇത് ലോകമഹായുദ്ധം തന്നെയാണ്, ഒരു സംശയവും വേണ്ട''- ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.  ''നമ്മളിപ്പോള്‍ പൊരുതുന്നത് നാറ്റോയോടല്ല, അവരുടെ ആയുധസമ്പത്തുകളോടാണ'-ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. 

യുക്രൈനിനെതിരെ ആക്രമണം നടത്തുന്നതിന് കരിങ്കടലില്‍ വിന്യസിച്ചിരുന്ന റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ യുക്രൈന്‍ മിസൈലാക്രമണത്തില്‍ തകര്‍ത്തതോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചെന്ന് റഷ്യന്‍ ടിവി ചാനല്‍. റഷ്യന്‍ സര്‍ക്കാറിന്റെ പ്രചാരണങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യ വണ്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് പുതിയ സാഹചര്യത്തെ മൂന്നാം ലോക യുദ്ധമെന്ന് വിശേഷിപ്പിച്ചത്. 

തങ്ങളുടെ യുദ്ധക്കപ്പലിന്റെ തകര്‍ച്ചയോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായാണ് ചാനലിലെ സലെബ്രിറ്റി വാര്‍ത്താ അവതാരകനായ ഓല്‍ഗ സ്‌കബയോവ പറഞ്ഞത്. ''ഇത് ലോകമഹായുദ്ധം തന്നെയാണ്, ഒരു സംശയവും വേണ്ട''- ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.  ''നമ്മളിപ്പോള്‍ പൊരുതുന്നത് നാറ്റോയോടല്ല, അവരുടെ ആയുധസമ്പത്തുകളോടാണ'-ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. 

യുദ്ധക്കപ്പലിന് എതിരായി നടന്ന ആക്രമണം തങ്ങളുടെ മണ്ണിനു നേര്‍ക്കുള്ള യുദ്ധം തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ അഭിപ്രായപ്പെട്ടു. 

യുക്രൈനില്‍ നടത്തുന്ന ആക്രമണത്തെ റഷ്യ ഔദ്യോഗികമായി യുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനു പകരം, പ്രത്യേക സൈനിക നടപടി എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ സൂചിപ്പിച്ചപ്പോള്‍ നമ്മളല്ല യുദ്ധം ചെയ്യുന്നത് ശത്രുക്കളാണെന്ന് അവതാരകന്‍ കൂട്ടിച്ചേര്‍ത്തു. 

ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അവതാരകനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

 

Olga Skabeyeva Russian Media broadcast with commentators calling for all out war after sinking of Moscow, including bombing and possibly discussing dropping "a single bomb on Kyiv" to keep world leaders from visiting. pic.twitter.com/R0uOLol0FV

— EyesFromUkraine (@NowInUkraine)

 


റഷ്യയുടെ തുരുപ്പുചീട്ടായിരുന്ന മോസ്‌ക്‌വ യുദ്ധ കപ്പലാണ് കഴിഞ്ഞ ദിവസം മുങ്ങിപ്പോയത്. തങ്ങളുടെമിസൈലാക്രമണത്തെ തുടര്‍ന്നാണ് വമ്പന്‍ മുങ്ങിക്കപ്പല്‍ തകര്‍ന്നതെന്ന് തൊട്ടുപിന്നാലെ യുക്രൈന്‍ അവകാശപ്പെട്ടു. കപ്പലില്‍ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കപ്പലില്‍ പൊടുന്നനെ തീപിടുത്തം ഉണ്ടായെന്നും  ആയുധശേഖരത്തിലേക്ക് പടര്‍ന്നുവെന്നും റഷ്യന്‍ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന സൈനികര്‍ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടിരുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ റഷ്യ തയാറായില്ല. 

 

Russian propagandists threw a tantrum over the sinking of the Moskva cruiser. One now calls for the destruction of the entire railway infrastructure in Ukraine so that no more weapons will come to us, and Skabeeva openly calls the “special operation” the Third World War. pic.twitter.com/fpXMvnDDWs

— Yuliia Kryvokhatko (@YKryvokhatko)

 

എന്നാല്‍ നെപ്റ്റിയൂണ്‍ മിസൈലുകള്‍ ഉപയോഗിച്ച് കപ്പല്‍ ആക്രമിച്ചു തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ കപ്പല്‍ പൊട്ടിത്തെറിച്ചു മുങ്ങി എന്നാണു ഒഡേസ ഗവര്‍ണര്‍ അവകാശപ്പെട്ടത്. യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്‌നേക്ക് ഐലന്‍ഡിലെ യുക്രൈന്‍ സൈനികരെ റഷ്യ ആക്രമിച്ചത് ഈ കപ്പല്‍ ഉപയോഗിച്ചായിരുന്നു. 

611 അടി നീളമുള്ള, മിസൈലുകളും പോര്‍വിമാനങ്ങളും വഹിക്കുന്ന സോവിയറ്റ് കാലത്തിന്റെ അഭിമാന ചിഹ്നം കൂടിയായിരുന്നു മോസ്‌ക്‌വ യുദ്ധക്കപ്പല്‍. 1980 -ല്‍ സോവിയറ്റ് യൂണിയനില്‍ നിര്‍മിച്ച യുദ്ധക്കപ്പലില്‍ പി 1000 കപ്പല്‍വേധ മിസൈലുകള്‍ ആണ് പ്രധാന ആയുധശേഖരം.

click me!