കടയിൽ കയറിയ കള്ളൻ നേരം പുലർന്നത് അറിഞ്ഞില്ല; ഒടുവിൽ നാട്ടുകാരെ ഭയന്ന് സ്വയരക്ഷക്കായി പൊലീസിനെ വിളിച്ചു

Published : Oct 21, 2022, 02:38 PM IST
കടയിൽ കയറിയ കള്ളൻ നേരം പുലർന്നത് അറിഞ്ഞില്ല; ഒടുവിൽ നാട്ടുകാരെ ഭയന്ന് സ്വയരക്ഷക്കായി പൊലീസിനെ വിളിച്ചു

Synopsis

വന്നവഴിയെ പുറത്തിറങ്ങാനായി ശ്രമിക്കുമ്പോഴാണ് ഖാന് മനസ്സിലായത് നേരം പുലർന്നെന്നും പുറത്ത് ആളുകൾ തന്നെ പിടികൂടാനായി രോഷാകുലരായി നിൽക്കുകയാണെന്നും.

കള്ളന്മാർ മഹാ തന്ത്രശാലികളും സൂത്രശാലികളും ഒക്കെ ആണെന്നാണ് പൊതുവിൽ പറയുന്നത്. പക്ഷേ, എന്ത് ചെയ്യാനാ മനുഷ്യനല്ലേ, അതുകൊണ്ട് കള്ളനായാലും ചിലപ്പോൾ അബദ്ധം പറ്റും. ഇത്തരത്തിൽ മഹാ അബദ്ധങ്ങൾ കാണിച്ച് നാട്ടുകാരുടെയും പൊലീസിന്റെയും ഒക്കെ പിടിയിലായ തസ്കരന്മാർ നിരവധിയാണ്. ആ കൂട്ടത്തിലേക്ക് ഇതാ പുതിയ ഒരാൾ കൂടി. ഒരു പലചരക്ക് കടയിൽ മോഷണത്തിനായി കയറിയതാണ് കക്ഷി. പക്ഷേ, മോഷ്ടിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല. ഒടുവിൽ പുറത്തിറങ്ങാനായി ശ്രമിക്കുമ്പോഴാണ് കള്ളനു മനസ്സിലായത് നേരം നന്നായി വെളുത്തെന്ന്. പുറത്തിറങ്ങിയാൽ നാട്ടുകാർ എടുത്ത് പഞ്ഞിക്കിടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ആശാൻ വളരെ ബുദ്ധിപൂർവ്വം പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞു. ഒടുവിൽ പൊലീസ് എത്തി അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചു.

കഴിഞ്ഞ ബുധനാഴ്ച ബംഗ്ലാദേശിലാണ് സംഭവം നടന്നത്. 40 -കാരനായ യാസിൻ ഖാൻ എന്ന കള്ളനാണ് ബുധനാഴ്ച പുലർച്ചെ തെക്കൻ ബാരിസാൽ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയിൽ കയറി മോഷണം ആരംഭിച്ചത്. കടയിലെ സാധനങ്ങൾ മുഴുവൻ ശേഖരിച്ച് കഴിഞ്ഞപ്പോഴേക്കും പക്ഷേ നേരം വെളുത്തു പോയി. പുറത്തിറങ്ങിയാൽ നാട്ടുകാർ പിടികൂടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ സ്വയരക്ഷയ്ക്കായി പൊലീസിനെ വിളിക്കുകയായിരുന്നു.

വന്നവഴിയെ പുറത്തിറങ്ങാനായി ശ്രമിക്കുമ്പോഴാണ് ഖാന് മനസ്സിലായത് നേരം പുലർന്നെന്നും പുറത്ത് ആളുകൾ തന്നെ പിടികൂടാനായി രോഷാകുലരായി നിൽക്കുകയാണെന്നും. ഒടുവിൽ രക്ഷപ്പെടാനുള്ള ഏകമാർഗ്ഗം എന്നോണം ആണ് ഇയാൾ പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ കടയ്ക്ക് ചുറ്റും തടിച്ചുകൂടി നിൽക്കുകയായിരുന്നു. കടയുടെ ഉള്ളിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പുറത്തുകൊണ്ടുവന്നു. നാട്ടുകാർ രോഷാകുലരായി പാഞ്ഞടുത്തെങ്കിലും അവരിൽ നിന്നും രക്ഷിച്ച് പൊലീസ് ഇയാളെ സ്റ്റേഷനിൽ കൊണ്ടുവന്നു. 

മറ്റ് നിരവധി മോഷണക്കുറ്റങ്ങളിലും പ്രതിയായിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു കള്ളൻ പിടിയിലാകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. കടയ്ക്കുള്ളിലെ സാധനങ്ങൾ മുഴുവൻ വലിയ ബാഗുകളിലായി ഖാൻ അടുക്കിവെച്ചിരുന്നതായി പിന്നീട് കടയുടെ ഉള്ളിൽ കയറിയ കടയുടമ പറഞ്ഞു. ഏതായാലും ഇങ്ങനെ ഒരു അബദ്ധം പറ്റും എന്ന്  യാസിൻ ഖാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!