കലിപ്പ് ഡാ...; 15 വർഷമായി പോലീസുകാരുടെ വീടുകളിൽ മാത്രം മോഷണം, പകയുടെ കാരണം പറഞ്ഞ് കള്ളൻ

Published : Feb 13, 2026, 08:20 AM IST
theft

Synopsis

മധ്യപ്രദേശിൽ പോലീസുകാരുടെ വീടുകളിൽ മാത്രം മോഷണം നടത്തിയിരുന്ന ദീപേഷ് എന്ന കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം മുൻപ് ഒരു പോലീസുകാരനിൽ നിന്നുണ്ടായ ദുരനുഭവമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മറ്റൊരു മോഷണശ്രമത്തിനിടെയാണ് ഇയാൾ പോലീസിന്‍റെ പിടിയിലായത്.

 

മോഷ്ടാക്കൾക്ക് ഓരോരുത്തർക്കും ഓരോ ശൈലികളുണ്ടാകുമെന്നാണ് പോലീസിന്‍റെ നീരിക്ഷണം. അത്തരത്തിൽ പോലീസുകാരുടെ വീടുകളിൽ മാത്രം മോഷണം നടത്തുന്ന ഒരു കള്ളനെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഖണ്ട്വയിൽ വച്ച് പോലീസുകാർ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഖണ്ട്വയിൽ പോലീസുകാർ താമസിക്കുന്ന ലൈനുകളിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ജനുവരി 20 ന് രാത്രി നടത്തിയ മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. ഇവിടെ നിന്നും സ്വർണ്ണ, വെള്ളി ആഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ പോലീസ് സർവീസിലുള്ള ഉദ്യോഗസ്ഥരുടെ വീടുകളായിരുന്നു മോഷണം നടന്നത് എന്നത് കൊണ്ട് തന്നെ മോഷണത്തിൽ ഊർജ്ജിതമായ അന്വേഷണം നടന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ എല്ലാം ശേഖരിക്കപ്പെട്ടു. മോഷണം നടന്നതിന് തൊട്ടടുത്ത സമയങ്ങളിൽ സംശയാസ്പദമായി കണ്ട എല്ലാവരും നീരീക്ഷണത്തിലായി. അങ്ങനെ മോഷ്ടാവിനെ പോലീസ് തിരിച്ചറിയുകയും ചെയ്തു.

15 വർഷത്തെ പക

ഏറെ നേരത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിൽ അലിരാജ്പൂർ ജില്ലക്കാരനായ ദീപേഷ് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ ഏകദേശം 15 വർഷമായി താൻ കൊണ്ട് നടക്കുന്ന പകയെ കുറിച്ച് ദീപേഷ് പോലീസിനോട് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനുമായുള്ള തർക്കത്തിനിടെ അയാൾ തന്നെ മർദ്ദിച്ചതായും അതിനുശേഷം പോലീസുകാരോട് മൊത്തം ദേഷ്യം തോന്നിയതായും ദീപേഷ് പോലീസുകാരോട് പറഞ്ഞു. ഈ പ്രതികാരം ദീപേഷ് തീർത്തത് പോലീസ് ഉദ്യോഗസ്ഥരുടെ വീടുകൾ കൊള്ളയടിച്ച് കൊണ്ടായിരുന്നു.

പോലീസുകാരുടെ വീടുകൾ കൊള്ളയടിക്കാൻ തെരഞ്ഞെടുത്തത് തന്നെ വലിയ പ്ലാനിങ്ങോടെയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെരുവ് കച്ചവടക്കാരനോ പച്ചക്കറി വിൽപ്പനക്കാരനോ ആയി വേഷംമാറി പകൽ സമയത്ത് പോലീസ് ലൈനുകളിൽ ചുറ്റിനടന്ന് ആളില്ലാത്ത പോലീസ് വീടുകൾ കണ്ടെത്തും. പിന്നീട് രാത്രിയിൽ തിരിച്ചെത്തി മോഷണം നടത്തും. ഇതായിരുന്നു ദീപേഷിന്‍റെ പദ്ധതി. മധ്യപ്രദേശിലെ നിരവധി ജില്ലകളിലായി സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഇതിനകം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ഒടുവിൽ പിടിയിൽ

ജാബുവ, അലിരാജ്പൂർ, ധാർ എന്നിവിടങ്ങളിൽ പോലീസ് സംഘങ്ങൾ ഇയാളെ തിരഞ്ഞുകൊണ്ടിരിക്കെ ദീപേഷ് ഒളിത്താവളങ്ങൾ മാറിക്കൊണ്ടേയിരുന്നു. ഒടുവിൽ ബുർഹാൻപൂരിലേക്ക് അയാൾ പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, പോലീസ് ദീപേഷിന് വേണ്ടി വല വിരിച്ചു. മറ്റൊരു പോലീസുകാരന്‍റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ പോലീസ് ഇയാളെ വളഞ്ഞു. മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചെങ്കിലും താഴേ വീണ് പരിക്കേറ്റു. ഇതോടെ ഇയാൾ പോലീസ് പിടിയിലാവുകയായിരുന്നു. പ്രതിയിൽ നിന്ന് പണവും മോഷണം പോയ ചില ആഭരണങ്ങളും കണ്ടെടുത്തു, ഇയാളുടെ കൂട്ടാളികളെന്ന് കരുതപ്പെടുന്ന രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കൂടുതൽ മോഷണം തെളിയിക്കുന്നതിനായി ഇയാളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

അമേരിക്കൻ ജീവിതം കഷ്ടപ്പാടല്ല, വൻ മാറ്റങ്ങൾ; പോസ്റ്റ് ഷെയർ ചെയ്ത് യുവാവ്
4 മാസമായി ഭർത്താവിന് ജോലിയില്ല, താനാണ് ജോലി ചെയ്യുന്നത്, എന്നിട്ടും സർപ്രൈസ് ​ഗിഫ്റ്റ്; വൈറലായി പോസ്റ്റ്