മോഷ്ടിച്ച ശേഷം ഉറങ്ങാനാവുന്നില്ല, ദുസ്വപ്നങ്ങൾ കാണുന്നു, മോഷ്ടിച്ച വി​ഗ്രഹം തിരികെയേൽപ്പിച്ച് കള്ളന്മാർ

By Web TeamFirst Published May 18, 2022, 3:07 PM IST
Highlights

പ്രസ്തുത വി​ഗ്രഹങ്ങൾ മോഷ്ടിച്ച ശേഷം തങ്ങൾക്ക് ഉറങ്ങാനേ കഴിഞ്ഞിട്ടില്ല. എപ്പോഴും ഓരോ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുകയാണ് എന്നാണ് കത്തിൽ എഴുതിയിരുന്നത്.

ദൈവഭയം വന്നുപോയാൽ ആളുകളെങ്ങനെ മാറുമെന്ന് പ്രവചിക്കുക വയ്യ. യുപിയിലെ ചിത്രകൂട് ജില്ലയിലെ ബാലാജി ക്ഷേത്രത്തിൽ (Balaji Temple in Chitrakoot district) നിന്ന് മോഷ്ടിച്ച 16 വിഗ്രഹങ്ങളിൽ 14 എണ്ണവും തിരികെ നൽകാൻ ചില കള്ളന്മാരെ പ്രേരിപ്പിച്ചതും ഇതേ ദൈവഭയം തന്നെയാണത്രെ. 

എട്ട് ലോഹങ്ങളുടെ കൂട്ടിൽ നിർമ്മിച്ച അഷ്ടധാതു വി​ഗ്രഹങ്ങളടക്കമാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. ഇതിന് കോടികൾ വിലവരും. തരൗൺഹയിലെ ഈ ബാലാജി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആളുകളാണ് വി​ഗ്രഹം തിരികെ കൊണ്ടുവച്ചിരിക്കുന്നതായി കണ്ടത്. ഇത് അവരെ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്‍തു. എന്നാൽ, അതിനേക്കാൾ ആളുകളെ അമ്പരപ്പിച്ചത് അതിന്റെ കൂടെയുണ്ടായിരുന്ന ഒരു കത്താണ്. 

പ്രസ്തുത വി​ഗ്രഹങ്ങൾ മോഷ്ടിച്ച ശേഷം തങ്ങൾക്ക് ഉറങ്ങാനേ കഴിഞ്ഞിട്ടില്ല. എപ്പോഴും ഓരോ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുകയാണ് എന്നാണ് കത്തിൽ എഴുതിയിരുന്നത്. മോഷ്ടിക്കപ്പെട്ട് ആറ് ദിവസങ്ങൾക്ക് ശേഷമാണ് വി​ഗ്രഹവും കത്തും കണ്ടെത്തിയിരിക്കുന്നത്. 

പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, 'മോഷണം നടത്തിയതുമുതൽ ഞങ്ങൾ പേടിസ്വപ്നങ്ങൾ കാണുകയാണ്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് ഞങ്ങൾ മടുത്തു, നിങ്ങളുടെ വിലപ്പെട്ടവ തിരികെ നൽകുന്നു.'

പൂജാരിയുടെ വീടിന് സമീപത്തായിട്ടാണ് വി​ഗ്രഹവും കത്തും ഇട്ടിരുന്നത്. മോഷണം പോയ ഈ വിഗ്രഹങ്ങൾക്ക് 300 വർഷത്തിലേറെ പഴക്കമുണ്ട്. 

click me!