അപകടത്തിൽ അരയ്ക്ക് താഴെ നഷ്ടപ്പെട്ടു, ദുരിതപൂർണമായ ജീവിതത്തിൽ കൈവിടാതെ കാമുകി...

By Web TeamFirst Published May 18, 2022, 2:27 PM IST
Highlights

എന്നാൽ ഈ പ്രയാസങ്ങളും, ചെറിയ ചെറിയ വിജയങ്ങളും യൂട്യൂബിലൂടെ പങ്കുവയ്ക്കുമ്പോൾ, ചിലർക്ക് അറിയേണ്ടത് അതൊന്നുമല്ല എന്നദ്ദേഹം പറയുന്നു. എങ്ങനെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്നത് പോലുള്ള വളരെ വിചിത്രമായ ചോദ്യങ്ങളാണ് ചിലർ തന്നോട് ചോദിക്കുന്നതെന്ന് ലോറൻ പറയുന്നു. 

ദാരുണമായ അപകടത്തിൽ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും നഷ്ടപ്പെട്ട അവസ്ഥ എന്തായിരിക്കും? അത്തരമൊരവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വന്നയാളാണ് യുഎസിലുള്ള ലോറൻ ഷോർസ് (Loren Schauers). അന്നും ഇന്നും അദ്ദേഹത്തിന് കൂട്ടായി അദ്ദേഹത്തിന്റെ പ്രിയതമയുമുണ്ട്. തന്റെ യൂട്യൂബ് (YouTube) ചാനലിലൂടെ അദ്ദേഹം അതിന്റെ ഭീകരമായ അനുഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്നു. എന്നാൽ, ആളുകൾക്ക് തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് അറിയാനാണ് അതിലും താൽപ്പര്യമെന്ന് വേദനയോടെ അദ്ദേഹം പറയുന്നു.  

മൊണ്ടാനയിലെ ഗ്രേറ്റ് ഫാൾസിൽ താമസിക്കുന്ന ലോറൻസിന് അപകടം നടക്കുമ്പോൾ പ്രായം വെറും 19 വയസാണ്. 2019 സെപ്റ്റംബറിൽ ലോറൻ ഒരു നിർമ്മാണ സ്ഥലത്ത് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഒരു ഹൈവേ പാലത്തിന് മുകളിലൂടെ ഫോർക്ക്ലിഫ്റ്റ് ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് ഒറ്റവരിയുള്ള, ഇടുങ്ങിയ വഴിയിലൂടെ നിയമം തെറ്റിച്ച് ഒരു കാർ അദ്ദേഹത്തിന് നേരെ പാഞ്ഞുവന്നു. അദ്ദേഹം വണ്ടി ഒതുക്കാൻ ശ്രമിച്ചപ്പോൾ, ഓരത്തുള്ള ഭൂമി ഇടിഞ്ഞു. ഫോർക്ക്‌ലിഫ്റ്റിൽ നിന്ന് ചാടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കുത്തനെയുള്ള കുന്നിൽ നിന്ന് 50 അടി താഴേക്ക് അദ്ദേഹം വീഴുകയായിരുന്നു. തുടർന്ന് നാല് ടൺ ഭാരമുള്ള വാഹനവും അദ്ദേഹത്തിന്റെ മുകളിൽ വന്ന് വീണു. ഫോർക്ക്ലിഫ്റ്റിന്റെ അടിയിൽപെട്ട് അദ്ദേഹത്തിന്റെ ശരീരം തകർന്നു.

വലതു കൈ ചതഞ്ഞരഞ്ഞു. ഇടുപ്പിന് താഴെയുള്ളതെല്ലാം തകർന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ, അരയ്ക്ക് താഴെ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ ഉപദേശിച്ചു. ഒടുവിൽ ധീരനായ അദ്ദേഹം ഹെമികോർപെരെക്ടമി ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകി. തുടർന്ന്, അദ്ദേഹത്തിന്റെ  അരയ്ക്ക് താഴെയുള്ളതെല്ലാം ഛേദിക്കപ്പെട്ടു. ലോറൻ ഷോർസ് സുഖം പ്രാപിച്ചു. എന്നാൽ, ഓപ്പറേഷൻ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ലോറസിന്റെ ജീവൻ രക്ഷിക്കാമെന്ന വിശ്വാസം ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല. കാമുകിയായ സാബിയ റീച്ചിനോടും ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥ വിവരിച്ചു. അവൾ ആറ് തവണയാണ് അദ്ദേഹത്തോട് കണ്ണീരോടെ വിട പറഞ്ഞത്. എന്നാൽ, ശരീരത്തിന്റെ പകുതി അറ്റുപോയതിന് ശേഷവും, ഡോക്ടർമാർ പോലും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വിധിയെഴുതിയതിന് ശേഷവും, ലോറൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഭയാനകമായ അപകടത്തിൽ നിന്ന് കരകയറിയെങ്കിലും, ജീവിതം ദുരിതപൂർണ്ണമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നട്ടെല്ല് ഇല്ലാതെയാണ് അദ്ദേഹം ജീവിക്കുന്നത്. അപകടത്തിൽ ഇയാളുടെ ഒരു കൈയും അറ്റുപോയിരുന്നു. കൂടാതെ അപകടത്തിന്റെ മാനസിക ആഘാതവും എല്ലാം കൂടി ഓരോ ദിവസവും അദ്ദേഹത്തിന് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ, എല്ലാത്തിലും തുണയായി സാബിയയും സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവരുടെ സഹായത്തോടെ അദ്ദേഹം യൂട്യൂബിൽ സ്വന്തമായി ഒരു ചാനൽ തുടങ്ങി ബ്ലോഗിങ്ങ് ആരംഭിച്ചു. സാബിയ അദ്ദേഹത്തെ പരിപാലിക്കാൻ അദ്ദേഹത്തിന്റെ സമീപം തന്നെയുണ്ട് എപ്പോഴും. 23 -കാരിയായ സാബിയ്ക്കും സ്വന്തമായൊരു യൂട്യൂബ് ചാനലുണ്ട്.

എന്നാൽ ഈ പ്രയാസങ്ങളും, ചെറിയ ചെറിയ വിജയങ്ങളും യൂട്യൂബിലൂടെ പങ്കുവയ്ക്കുമ്പോൾ, ചിലർക്ക് അറിയേണ്ടത് അതൊന്നുമല്ല എന്നദ്ദേഹം പറയുന്നു. എങ്ങനെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്നത് പോലുള്ള വളരെ വിചിത്രമായ ചോദ്യങ്ങളാണ് ചിലർ തന്നോട് ചോദിക്കുന്നതെന്ന് ലോറൻ പറയുന്നു. അപകടം നടക്കുന്നതിന് മുൻപ് 18 മാസം മാത്രമാണ് അവർ ഒരുമിച്ച് ജീവിച്ചത്. ശസ്ത്രക്രിയയിലൂടെ ലോറൻസിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ബീജത്തിൽ ചിലത് സംരക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചിരുന്നു, എന്നാൽ അത് ഫലം കണ്ടില്ല. എന്നാൽ ഇതൊന്നും അവരുടെ പ്രണയബന്ധത്തിന്റെ മാറ്റുകുറച്ചില്ല. മറിച്ച്, അപകടം അവരെ കൂടുതൽ അടുപ്പിക്കുകയാണുണ്ടായത്. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും ഇപ്പോൾ വിവാഹിതരാകാൻ തയ്യാറാവുകയാണ്.  

  

 

click me!