എസി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാതകം പുറത്തേക്ക്, ഭയന്നോടി കള്ളൻ 

Published : Mar 05, 2023, 04:14 PM IST
എസി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാതകം പുറത്തേക്ക്, ഭയന്നോടി കള്ളൻ 

Synopsis

ദൃശ്യങ്ങളിൽ നിന്ന് കള്ളനെ തിരിച്ചറിഞ്ഞതോടെ കടയുടെ ഉടമസ്ഥൻ തന്നെ കള്ളനെയും അയാളുടെ മറ്റൊരു കൂട്ടാളിയെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മോഷണത്തിനിടയിൽ കള്ളന്മാർക്ക് സംഭവിക്കുന്ന രസകരമായ കാര്യങ്ങളെക്കുറിച്ചുള്ള പല വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ നിറയാറുണ്ട്. പലപ്പോഴും സിസിടിവി ദൃശ്യങ്ങളാണ് കള്ളന്മാർക്ക് പറ്റുന്ന ഇത്തരം അക്കിടികൾ പുറത്തെത്തിക്കുന്നത്. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കടയിൽ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കടയുടെ മുൻഭാഗത്തായി പിടിപ്പിച്ചിരിക്കുന്ന എയർകണ്ടീഷണർ പൊളിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിക്കുന്ന കള്ളന്റെ ദൃശ്യമാണ് വീഡിയോയിൽ.

മീററ്റിലെ നൗചണ്ടി പ്രദേശത്തെ ഒരു കടയിലാണ് ഈ മോഷണശ്രമം നടന്നത്.  കടയുടെ പുറത്തായി സ്ഥാപിച്ചിരിക്കുന്ന എസിയുടെ സമീപത്തായി നിൽക്കുന്ന കള്ളൻ അല്പസമയം ചുറ്റും നിരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ആരുമില്ല എന്ന് ഉറപ്പായതോടെ അയാൾ പുറത്തേക്ക് നീണ്ടുനിൽക്കുന്ന പൈപ്പിൽ പിടിച്ചു വലിക്കുന്നു. അല്പസമയത്തെ ബലപ്രയോഗത്തിനുശേഷം പൈപ്പ് പൊട്ടുകയും അതിൽ നിന്നും ശക്തിയായി ഒരു വാതകം പുറത്തേക്ക് വരികയും ചെയ്യുന്നു. ഇതോടെ ഭയന്നുപോയ കള്ളൻ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.   

ദൃശ്യങ്ങളിൽ നിന്ന് കള്ളനെ തിരിച്ചറിഞ്ഞതോടെ കടയുടെ ഉടമസ്ഥൻ തന്നെ കള്ളനെയും അയാളുടെ മറ്റൊരു കൂട്ടാളിയെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എസിയുടെ ഗ്യാസ് പൈപ്പ് ലീക്ക് ആയതോടെ പരിഭ്രാന്തനായ കള്ളൻ ഭയന്ന് ഓടുന്നതിനിടയിലാണ് ഇയാളുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞത്. ഇതാണ് കടയുടമയ്ക്ക് കള്ളനെ പിടിക്കാൻ സഹായകമായത്.

ഏതാനും ദിവസം മുമ്പ് മീററ്റിൽ തന്നെ നടന്ന മറ്റൊരു മോഷണശ്രമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭൂഗർഭ അറ കുഴിച്ച് ജ്വല്ലറിയിൽ മോഷ്ടിക്കാൻ എത്തിയ കള്ളന്മാർ ജ്വല്ലറിയുടെ ലോക്കറിൽ ഒന്നും കാണാത്തതിനെത്തുടർന്ന് ക്ഷമാപണക്കത്ത് എഴുതിവെച്ച് മടങ്ങിയതായിരുന്നു ഇത്. പിറ്റേദിവസം ജ്വല്ലറി ഉടമ കടയിൽ എത്തിയപ്പോഴാണ് ജ്വല്ലറിയുടെ തറ കുഴിച്ചിരിക്കുന്നതും കള്ളന്മാർ എഴുതി വെച്ച ക്ഷമാപണ കത്തും കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു