
വിമാനത്താവളങ്ങള്‍ക്ക് പരാതികള്‍ ലഭിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഡബ്ലിന്‍ വിമാനത്താവളത്തെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പരാതികളുടെ പെരുമഴയായിരുന്നു. 2021-ല്‍ മാത്രം ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെതിരെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് 13,569 പരാതികളാണ് ലഭിച്ചത്. ഏറ്റവും രസകരമായ കാര്യം ഈ പരാതികളില്‍ 12,272 പരാതികളും വിമാനത്താവളത്തിനടുത്ത് എവിടെയോ താമസിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുള്ളതായിരുന്നു എന്നതാണ്.
കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലഭിച്ച പരാതികളുടെ 90 ശതമാനവും ആ അജ്ഞാത വ്യക്തിയില്‍ നിന്നുള്ളതായിരുന്നു. ഒരു വര്‍ഷം 12,272 പരാതികള്‍ എന്ന് പറയുമ്പോള്‍ പ്രതിദിനം ശരാശരി 34 പരാതികളെങ്കിലും അയാള്‍ നല്‍കിയിരിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.
2020 -ലും ഇതേ വ്യക്തി വിമാനത്താവളത്തിന് 6,227 പരാതികള്‍ നല്കിയിരുന്നു. കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും അയാളുടെ പരാതികള്‍ ഇരട്ടിയായി. എന്നാല്‍ കോവിഡ് -19 മഹാമാരി മൂലം ഡബ്ലിന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്കും വിമാന യാത്രകളും ഗണ്യമായി കുറഞ്ഞിരിക്കയായിരുന്നു. മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം വിമാന ഗതാഗതത്തില്‍ മുന്‍ വര്‍ഷത്തേക്കാളും നേരിയ ഉയര്‍ച്ചയേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, ഒരു വ്യക്തിയില്‍ നിന്ന് മാത്രം ഇത്രയേറെ പരാതികള്‍ അവര്‍ക്ക് ലഭിച്ചു.
വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിമാനങ്ങളുടെ ശബ്ദത്തെ ചൊല്ലിയായിരുന്നു ഇയാളുടെ പരാതികളെല്ലാം. പറന്നുയരുന്ന വിമാനങ്ങളുടെ ശബ്ദത്തെ ചൊല്ലി.
ഡബ്ലിനിലെ ഓങ്കാറിലാണ് ഇയാള്‍ താമസിക്കുന്നതെന്നാണ കരുതുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് ലഭിക്കുന്ന പരാതികളില്‍ 2019 മുതല്‍ വന്‍ വര്‍ദ്ധനവാണ് ഈ അജ്ഞാത വ്യക്തി മൂലം ഉണ്ടായിട്ടുള്ളത്. അയാള്‍ നല്‍കിയ പരാതികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍, വിമാനത്താവളത്തിന് 1,296 പരാതികള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നുള്ളൂ.
2022-ലും അയാളുടെ പരാതികള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. മുന്‍വര്‍ഷത്തേക്കാളും കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. ഈ വര്‍ഷം ഏപ്രില്‍ വരെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ലോഗിന്‍ ചെയ്ത മൊത്തം 5,573 പരാതികളില്‍ 5,276 പരാതികളും അയാളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം ശരാശരി 59 പരാതികളോടെ അയാള്‍ തന്റെ മുന്‍പത്തെ പ്രതിദിന കണക്ക് ഇതിനകം തന്നെ മറികടന്നിട്ടുണ്ട്.
എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വക്താവ് തയ്യാറായിട്ടില്ല. എയര്‍പോര്‍ട്ടിന് സമീപം താമസിക്കുന്നവരും, വിമാനത്തിന്റെ വഴിയേ പോകുന്നവരുമാണ് ഇയാള്‍ക്കു പുറമേ പരാതികള്‍ നല്‍കിയവരില്‍ ഏറെയും. രാത്രികാലങ്ങളില്‍ വിമാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് മിക്ക പരാതികളും. തങ്ങള്‍ക്ക് ലഭിച്ച എല്ലാ പരാതികളോടും തങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും വിമാനത്തിന്റെ ശബ്ദം പോലുള്ള വിഷയങ്ങളില്‍ ആളുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്നും വിമാനത്താവള അധികൃതര്‍ പറയുന്നു.