77 വര്‍ഷം മുമ്പ് അടിച്ചുമാറ്റിയ ജന്‍മദിന കേക്ക് ഉടമയ്ക്ക് തിരിച്ചുനല്‍കി യുഎസ് സൈനികര്‍!

By Web TeamFirst Published Apr 29, 2022, 7:34 PM IST
Highlights

ആ കേക്ക് ഒരു യുദ്ധകാലത്തിന്റെ ഓര്‍മ്മയായിരുന്നു. 77 വര്‍ഷം മുമ്പ് 1945-ല്‍ അമേരിക്കയും ജര്‍മനിയും തമ്മില്‍ നടന്ന യുദ്ധം നടന്ന നാളുകളുടെ ഓര്‍മ്മ. 
 

വടക്കു കിഴക്കന്‍ ഇറ്റലിയിലെ വിസന്‍സയിലുള്ള ജിയാര്‍ദിനി സാല്‍വി ഗ്രാമത്തില്‍ ഇന്നലെ സവിശേഷമായ ഒരു ജന്‍മദിനാഘോഷ ചടങ്ങ് നടന്നു. ഇന്ന് 90-ാം പിറന്നാള്‍ ആഘോഷിക്കുന്ന മെറി മിയന്‍ എന്ന വൃദ്ധസ്ത്രീയ്ക്ക് ഒരു ജന്‍മദിന കേക്ക് സമ്മാനിക്കുന്നതായിരുന്നു ചടങ്ങ്. അമേരിക്കയില്‍നിന്നും ഇതിനു മാത്രമായി എത്തിയ സൈനിക ഉദ്യോഗസ്ഥരുടെയും മുന്‍ സൈനികരുടെയും സംഘമാണ് ഇറ്റാലിയന്‍ ഇംഗ്ലീഷ് ഭാഷകളില്‍ ഹാപ്പി ബര്‍ത്‌ഡേ എന്ന് എഴുതിയ മനോഹരമായ ജന്‍മദിന കേക്ക് മെറി മിയന് സമ്മാനിച്ചത്. 

ജര്‍മന്‍ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് അവിസ്മരണീയമായത് ചരിത്രപരമായ ഒരു കാരണം കൊണ്ടാണ്. ആ കേക്ക് ഒരു യുദ്ധകാലത്തിന്റെ ഓര്‍മ്മയായിരുന്നു. 77 വര്‍ഷം മുമ്പ് 1945-ല്‍ അമേരിക്കയും ജര്‍മനിയും തമ്മില്‍ നടന്ന യുദ്ധം നടന്ന നാളുകളുടെ ഓര്‍മ്മ. 

 

 

ഒരു സംഘം അമേരിക്കന്‍ സൈനികര്‍ അന്ന് ഒരു ജര്‍മന്‍ ഗ്രാമത്തിലെ വീട്ടില്‍നിന്നും മോഷ്ടിച്ച് വിശപ്പടക്കിയ ഒരു കേക്കിന് പകരമായാണ് ഇന്നലെ പുതുപുത്തന്‍ കേക്ക് മെറി മിയന് കൈമാറിയത്. സാന്‍ പിയത്രോയിലെ മെറി മിയന്റെ വീടിന്റെ ജനാലയ്ക്കല്‍ തണുക്കാന്‍ വെച്ച കേക്കായിരുന്നു അന്ന് യു എസ് സൈനികര്‍ അടിച്ചു മാറ്റിയത്.  അന്ന് 13 വയസ്സുണ്ടായിരുന്ന മെറി മിയന് അവരുടെ അമ്മ ഉണ്ടാക്കി സമ്മാനിച്ചതായിരുന്നു യു എസ് സൈനികര്‍ അടിച്ചു മാറ്റിയ ആ ജന്‍മദിന കേക്ക്.  യുദ്ധത്തിനിടെ, വിശന്നു വലഞ്ഞ അമേരിക്കന്‍ സൈനികര്‍ യാദൃശ്ചികമായി ഒരു വീടിന്റെ ജനാലയ്ക്കടുത്ത് കണ്ട കേക്ക് മോഷ്ടിച്ച് ശാപ്പിടുകയായിരുന്നു. ആറ്റുനോറ്റു കിട്ടിയ ജന്‍മദിന കേക്ക് കാണാതെ പോയതിന്റെ സങ്കടത്തിലായ മെറി മിയന് ആ സങ്കടം മാറ്റാന്‍ 77 വര്‍ഷത്തിനു ശേഷം വന്ന അവസരമായിരുന്നു ഇന്നലത്തെ ചടങ്ങ് 

യു എസ് സൈന്യവും ജര്‍മന്‍ സൈന്യവും തമ്മില്‍ നടന്ന ഘോരയുദ്ധത്തിന് സാക്ഷിയായിരുന്നു അന്ന് 13 വയസ്സുണ്ടായിരുന്ന മെറി മിയന്‍. അമ്മയ്‌ക്കൊപ്പം അവര്‍ താമസിച്ച ഗ്രാമത്തിലാണ് വമ്പന്‍ പോരാട്ടം നടന്നത്. യുദ്ധത്തിനിടെ വന്ന ജന്‍മദിനം കേക്ക് മുറിച്ച് ആഘോഷിക്കാനായിരുന്നു മെറിയുടെ അമ്മ തീരുമാനിച്ചതെങ്കിലും അത് നടക്കാതെ പോയി. ഇരു സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് ഭയന്നുവിറച്ച അവര്‍ വീടുപേക്ഷിച്ച് ഗ്രാമത്തിലെ കൂടുതല്‍ സുരക്ഷിതമായ ഒരിടത്തിലേക്ക് താമസം മാറ്റുകയായിരുന്നു. ഇരു സൈന്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തില്‍ അന്ന് 19 യു എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി യു എസ് ടാങ്കുകള്‍ തകര്‍ക്കപ്പെട്ടു. 

അതു കഴിഞ്ഞ് 77 വര്‍ഷങ്ങള്‍. അതിനിടെ, മെറി മിയന്റെ അമ്മ ലോകത്തുനിന്ന് വിടപറഞ്ഞു. ആ യുദ്ധത്തിന് ഉത്തരവിട്ട ഭരണത്തലവന്‍മാര്‍ മരിച്ചു. യുദ്ധത്തിന് നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥരും യുദ്ധം ചെയ്ത സൈനികരുമെല്ലാം ഓര്‍മ്മകള്‍ മാത്രമായി. ഇന്ന് തൊണ്ണൂറ് വയസ്സു പൂര്‍ത്തിയായ മെറി മിയനെ പോലെ ചിലര്‍ മാത്രം ആ യുദ്ധത്തിന്റെ ഓര്‍മ്മകളുമായി ബാക്കിയായി. അവരുടെ മുന്‍കൈയിലാണ്, ഇന്നലെ ജര്‍മനിയില്‍ പണ്ട് മോഷ്ടിച്ച ആ കേക്ക് തിരികെ നല്‍കിയ ആേഘാഷം നടന്നത്. 

 

 

ഇരു രാജ്യങ്ങളിലെയും സൈനികരും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിലാണ് മെറി മിയന് കേക്ക് കൈമാറിയത്. ഇത്തിരി വിചിത്രമായ കാര്യമാണെങ്കിലും കേക്ക് കൈമാറുന്നതില്‍ ഏറെ സന്തോഷമുള്ളതായി മെറി മിയന് ഉപഹാരം കൈമാറിയ അമേരിക്കന്‍ സര്‍ജന്റ് പീറ്റര്‍ വാലിസ് പറഞ്ഞു. ഇറ്റലിയിലെ ഗാരിസണിലെ യു എസ് ആര്‍മി കമാണ്ടര്‍ കേണല്‍ മാത്യു ഗോംലാക് ചടങ്ങില്‍ സംസാരിച്ചു. അന്ന് നാട്ടുകാരായ ഇറ്റലിക്കാരില്‍ പലരും യു എസ് സൈനികര്‍ക്ക് ഭക്ഷണവും വീഞ്ഞും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആ ഊഷ്മളമായ സ്വീകരണം തന്നെയാണ് ഇന്നും ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

തന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണ് ഇതെന്ന് മെറി മിയന്‍ പറഞ്ഞു. ഈ കേക്ക് തന്റെ കുടുംബാംഗങ്ങളുമൊത്ത് പങ്കു വെയ്ക്കുമെന്നും അവര്‍ പറഞ്ഞു. പണ്ട് ജന്‍മദിന കേക്ക് കിട്ടാതെ പോയതില്‍ സങ്കടപ്പെട്ടിരുന്നുവെങ്കിലും അതിലും പതിന്‍മടങ്ങ് സന്തോഷം ഇന്നുണ്ടായതായി അവര്‍ വികാരനിര്‍ഭരമായ സ്വരത്തില്‍ പറഞ്ഞു. 

click me!