20 ലക്ഷം മുടക്കി മുൻ സൈനിക വാഹനം വാങ്ങി, ടാക്സിയായി ഓടിക്കാൻ അനുമതി കാത്ത് മെർലിൻ

By Web TeamFirst Published Nov 26, 2021, 3:32 PM IST
Highlights

സുഖപ്രദമായ ഇരിപ്പിടങ്ങൾ, ടിവി, സ്റ്റൗ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. വാഹനത്തിൽ ഒരേ സമയം ഒമ്പത് യാത്രക്കാർക്ക് ഇരിക്കാം. 

ഇക്കാലത്ത് ടാക്സികൾക്ക് ഒരു പഞ്ഞവുമില്ല. അതുകൊണ്ട് തന്നെ വിപണിയിൽ പിടിച്ച് നിൽക്കുകയെന്നത് ശ്രമകരമായ ഒരു കാര്യമാണ്. എന്നാൽ, ടാക്സി ഡ്രൈവറായ മെർലിൻ ബാച്ചലർ എന്ന ബ്രിട്ടീഷുകാരൻ വിപണി കീഴടക്കാൻ ഒരു പുതിയ തന്ത്രവുമായി മുന്നോട്ട് വരികയാണ്. ഇംഗ്ലണ്ടിലെ നോർവിച്ചിലെ തെരുവുകളിൽ മെർലിൻ ഇപ്പോൾ ഓടിക്കുന്നത് ടാങ്ക് ടാക്‌സി(Tank Taxi)യാണ്. ഏകദേശം 20 ലക്ഷം രൂപ മുടക്കിയാണ് അദ്ദേഹം ഈ മുൻ ബ്രിട്ടീഷ് ആർമി ടാങ്ക്(Former British Army Tank) സ്വന്തമാക്കിയിരിക്കുന്നത്.  

1967 -ലെ ഈ സൈനിക വാഹനം കഴിഞ്ഞ വർഷമാണ് ഓൺലൈനിലൂടെ അദ്ദേഹം വാങ്ങിയത്. അതിന് മുമ്പ് നാല് പതിറ്റാണ്ടുകളായി ഇത് ഒരാളുടെ മുറ്റത്ത് കിടക്കുകയായിരുന്നുവെന്ന് മെർലിൻ പറഞ്ഞു. താൻ എന്നും ഒരു ടാങ്ക് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ടാക്സിയായി പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് മെർലിൻ. നിലവിൽ കല്യാണം, ശവസംസ്‌കാരം തുടങ്ങിയ പരിപാടികൾക്ക് യാത്രക്കാരെ കയറ്റാൻ മാത്രമാണ് ലൈസൻസുള്ളത്. ഒരു യാത്രയ്ക്ക് ഏകദേശം 75,000 രൂപയാണ് അദ്ദേഹം ഈടാക്കുന്നത്.  

ആദ്യം, അയൽക്കാരും, സുഹൃത്തുക്കളുമാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ പരിചയമില്ലാത്ത ആളുകൾ വരെ തന്നോട് അതിൽ ഒന്ന് കൊണ്ടുപോകുമോ എന്ന് ചോദിക്കാറുണ്ടെന്ന് അദ്ദേഹം സിബിഎസ് ന്യൂസിനോട് പറഞ്ഞു. എല്ലാ ആഴ്ചയും സൂപ്പർമാർക്കറ്റിൽ പോകാനും, പെൺമക്കളെ നോർവിച്ചിലുള്ള പാർക്കിൽ കൊണ്ടുപോകാനും അദ്ദേഹം ഈ മുൻ സൈനിക വാഹനം ഉപയോഗിക്കുന്നു. മക്കൾക്ക് ഇപ്പോൾ ഇതിൽ സ്കൂളിൽ പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സുഖപ്രദമായ ഇരിപ്പിടങ്ങൾ, ടിവി, സ്റ്റൗ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനകത്തുണ്ട്. വാഹനത്തിൽ ഒരേ സമയം ഒമ്പത് യാത്രക്കാർക്ക് ഇരിക്കാം. അതേസമയം സാങ്കേതികമായി ഇത് ഒരു ടാങ്കല്ലെന്നും, ഒരു കവചിത പേഴ്‌സണൽ കാരിയറാന്നെന്നും അദ്ദേഹം പറഞ്ഞു.  ടാക്സിയിലെ പോലെ സുഗമമായ യാത്ര ഇതിന് നൽകാൻ കഴിയില്ലെങ്കിലും, ഇത് ഒരു വ്യത്യസ്തമായ അനുഭവമാകുമെന്ന് അദ്ദേഹം പറയുന്നു. തെരുവിലൂടെ വാഹനമോടിച്ച് പോകുമ്പോൾ ആളുകൾ തന്നെ ശ്രദ്ധിക്കുകയും, ചിരിക്കുകയും, കൈവീശി കാണിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം നിലവിൽ ഹോണ്ട സിവിക്കാണ് ടാക്സിയായി ഉപയോഗിക്കുന്നത്.  

click me!