
കാമുകിയുടെ മാസ വരുമാനത്തിൽ നിന്ന് തനിക്ക് റോയൽറ്റി വേണമെന്ന ആവശ്യവുമായി കാമുകൻ രംഗത്ത്. ദിമിത്രി എന്ന 30 -കാരനായ യുവാവാണ് വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്ത് കൊണ്ടാണ് ഇയാൾ തന്റെ ആവശ്യം വെളിപ്പെടുത്തിയത്. തന്റെ കാമുകി ഒൺലി ഫാൻസ് എന്ന സോഷ്യൽ മീഡിയ ആപ്പിൽ നിന്ന് പ്രതിമാസം 8 ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നും അതിൽനിന്ന് ഒരു നിശ്ചിത തുക തനിക്ക് വേണമെന്നും ആയിരുന്നു ഇയാളുടെ ആവശ്യം. കാമുകിക്ക് ഒൺലി ഫാൻസിൽ അക്കൗണ്ട് തുറക്കാൻ താൻ അനുവാദം നൽകിയതിന്റെ പ്രതിഫലമായാണ് ഇയാൾ എല്ലാമാസവും റോയൽറ്റി വേണമെന്ന് ആവശ്യപ്പെട്ടത്.
അഞ്ചു വർഷങ്ങൾക്കു മുൻപ് തങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴാണ് കാമുകിയോട് ഒൺലി ഫാൻസിൽ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെട്ടതെന്നും ഇപ്പോൾ നിരവധി ഫോളോവേഴ്സ് ഉള്ള അവൾക്ക് ഓരോ മാസവും വൻ തുക പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നും ആണ് ഇയാൾ പറയുന്നത്. അതിൽ നിന്ന് ഒരു വിഹിതം തനിക്ക് അവകാശപ്പെട്ടതാണെന്നും ഇയാൾ വാദിക്കുന്നു. ധാരാളം പണം ലഭിച്ചതോടെ ഇപ്പോൾ കാമുകി തന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
കാമുകി സ്വന്തമായി പണം ചെലവഴിക്കുകയാണെന്നും തനിക്ക് ഭക്ഷണം കഴിക്കാനുള്ള പണം പോലും തരുന്നില്ല എന്നുമാണ് അയാൾ പറയുന്നത്. ഇനിയും ഇത് ഇങ്ങനെ തുടരാൻ താൻ അനുവദിക്കില്ലെന്നും ഒൺലി ഫാൻസ് അക്കൗണ്ട് ഇനിയും തുടർന്നു കൊണ്ടുപോകണമെങ്കിൽ തനിക്ക് പണം വേണം എന്നുമാണ് ഇയാളുടെ വിചിത്രമായ വാദം. എന്നാൽ തൻറെ പണത്തിൽ കാമുകൻ എന്ന് പറയപ്പെടുന്ന ആൾക്ക് യാതൊരു അവകാശവുമില്ല എന്നാണ് യുവതി പറയുന്നത്. താൻ ദിമിത്രിയുമായി യാതൊരു വിധത്തിലുള്ള കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും തൻറെ സ്വന്തം ശരീരം കൊണ്ട് സമ്പാദിക്കുന്ന പണത്തിൽ അയാൾക്ക് യാതൊരുവിധ അവകാശവും ഇല്ലെന്നും യുവതി പറഞ്ഞു. എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രോഷ പ്രകടനമാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും യുവാവിനെതിരെ ഉയരുന്നത്.