കഴിഞ്ഞ 31 വർഷങ്ങളായി കല്ല് കഴിക്കുന്നൊരാൾ! പറയുന്നത് വിചിത്രമായ കാരണം...

By Web TeamFirst Published May 5, 2021, 1:38 PM IST
Highlights

കല്ലുകൾ കഴിക്കുന്ന വീഡിയോ വൈറലായതോടെ രാംദാസ് പ്രധാനവാർത്തകളിൽ ഇടം നേടി. ആദ്യമൊക്കെ കല്ല് കഴിക്കാൻ കുടുംബം അദ്ദേഹത്തെ അനുവദിച്ചില്ലെങ്കിലും, ഇപ്പോൾ കുടുംബാംഗങ്ങളിൽ നിന്ന് കാര്യമായ എതിർപ്പൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

നമ്മുടെ ഈ ലോകത്ത് നിരവധി വിചിത്ര മനുഷ്യരുണ്ട്. കേട്ടാൽ ഞെട്ടിപ്പോകുന്ന വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ ചെയ്യുന്ന അത്തരക്കാർ എല്ലാവർക്കുമൊരു അത്ഭുതമാണ്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ അദാർക്കി ഖുർദ് ഗ്രാമത്തിൽ താമസിക്കുന്ന വൃദ്ധനായ രാംദാസ് ബോഡ്കെ അത്തരത്തിൽ ഒരാളാണ്. കഴിഞ്ഞ 31 വർഷമായി രാംദാസ് ബോഡ്കെ ദിവസവും കഴിക്കുന്നതെന്തെന്നോ? കല്ലുകൾ. വിശ്വസിക്കാൻ പ്രയാസമാണ് എന്നാലും സംഭവം സത്യമാണ്. അദ്ദേഹം ദിവസവും 250 ഗ്രാം കല്ല് വീതം കഴിക്കുന്നു. രാംദാസിന്റെ സവിശേഷമായ ഈ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തെ പതർ വാലെ ബാബ എന്ന് വിളിക്കുന്നു. 'കല്ല് മനുഷ്യൻ' എന്നാണ് അതിനർത്ഥം. എന്നാൽ, അദ്ദേഹം എന്തിനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്?  

1989 -ലാണ് അദ്ദേഹം മുംബൈയിലെത്തിപ്പെടുന്നത്. അവിടെ എത്തിയ അദ്ദേഹം ഒരു തൊഴിലാളിയായി ജോലി ചെയ്‌തു. എന്നാൽ അവിടെ വച്ച് ഒരു ദിവസം അദ്ദേഹത്തിന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. മാസങ്ങളോളം ചികിത്സിച്ചിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല. അദ്ദേഹം കാണാത്ത ഡോക്ടർമാരില്ല, കഴിക്കാത്ത മരുന്നുകളില്ല. മൂന്നുവർഷത്തോളം മുംബൈയിൽ തന്നെ അദ്ദേഹം ചികിത്സ തേടി. എന്നാൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന് ഒരു അറുതി വന്നില്ല. തുടർന്ന് അല്പം വിശ്രമം ആഗ്രഹിച്ച് അദ്ദേഹം സതാരയിൽ വന്ന് കൃഷി ആരംഭിച്ചു.

ഒരു ദിവസം വയലിൽ പണി എടുത്തുകൊണ്ടിരിക്കുന്ന രാംദാസിനെ കാണാൻ ഗ്രാമത്തിൽ താമസിക്കുന്ന ഒരു സ്ത്രീ വന്നു. അവർ അദ്ദേഹത്തോട് വയറു വേദനയുടെ കാര്യം തിരക്കി. തുടർന്ന് ദിവസവും കല്ല് കഴിച്ചാൽ മതി വേദന മാറുമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം കല്ല് കഴിക്കാൻ തുടങ്ങി. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ തന്റെ വയറുവേദന മാറിയെന്ന് അദ്ദേഹം പറയുന്നു. അതിനുശേഷം, അദ്ദേഹം ദിവസവും കല്ലുകൾ കഴിക്കാൻ തുടങ്ങി. ഇപ്പോൾ ഈ ശീലം കഴിഞ്ഞ 31 വർഷമായി അദ്ദേഹം തുടരുന്നു.  

കല്ലുകൾ കഴിക്കുന്ന വീഡിയോ വൈറലായതോടെ രാംദാസ് പ്രധാനവാർത്തകളിൽ ഇടം നേടി. ആദ്യമൊക്കെ കല്ല് കഴിക്കാൻ കുടുംബം അദ്ദേഹത്തെ അനുവദിച്ചില്ലെങ്കിലും, ഇപ്പോൾ കുടുംബാംഗങ്ങളിൽ നിന്ന് കാര്യമായ എതിർപ്പൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് മാത്രമല്ല, ഡോക്ടർമാർക്കും ഇതൊരു അത്ഭുതമാണ്. കല്ലുകൾ കഴിക്കുന്നതുകൊണ്ട് തനിക്ക് ഒരു ആരോഗ്യപ്രശനവുമില്ലെന്നും, താൻ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും രാംദാസ് പറയുന്നു. അതേസമയം, രാംദാസിന്റെ കല്ല് കഴിക്കുന്ന ശീലം മാനസികാരോഗ്യ പ്രശ്‌നമായിരിക്കാമെന്നാണ് ഡോക്ടർമാരുടെ നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!