പരസ്പരം തൊടരുത്, കെട്ടിപ്പിടിക്കരുത്, വിചിത്രമായ നിയമങ്ങളുമായി സ്കൂൾ

Published : Jun 22, 2022, 04:20 PM ISTUpdated : Jun 22, 2022, 04:22 PM IST
 പരസ്പരം തൊടരുത്, കെട്ടിപ്പിടിക്കരുത്, വിചിത്രമായ നിയമങ്ങളുമായി സ്കൂൾ

Synopsis

എന്നാൽ സ്കൂളിന് തികച്ചും വ്യത്യസ്തമായ കാഴ്‌ചപ്പാടാണ് ഇതിലുള്ളത്. സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്ന്, പുതിയ നിയമങ്ങളെ പ്രതിരോധിക്കാൻ സ്കൂൾ പ്രസ്താവന ഇറക്കി.

സ്കൂൾ കാലം ഓർക്കുമ്പോൾ തന്നെ കൂട്ടുകാരെ കെട്ടിപ്പിടിച്ചും, തോളിൽ കൈയിട്ടും, കളിതമാശകൾ പറഞ്ഞും നടന്നതായിരിക്കും ആദ്യം ഓർമ വരുന്നത്. അതിനിടയിൽ ചിലപ്പോഴൊക്കെ ഗൗരവമുള്ള വഴക്കുകളും ഉണ്ടായിട്ടുണ്ടാകും. ഇതെല്ലാം ചേർന്നതാണ് സ്കൂൾ, അല്ലെ? എന്നാൽ ബ്രിട്ടനിലെ ഒരു സ്‌കൂളിൽ കുട്ടികൾ പരസ്പരം ആശ്ലേഷിക്കുന്നതും, തൊടുന്നതും എല്ലാം നിരോധിച്ചിരിക്കയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ മാഞ്ചസ്റ്ററിന് സമീപം സ്ഥിതി ചെയ്യുന്ന മോസ്ലി ഹോളിൻസ് ഹൈസ്‌കൂളിലാണ് ഈ വിചിത്രമായ നിയമം നടപ്പിലാക്കിയിട്ടുള്ളത്.

ഈ നിയമപ്രകാരം, അവർക്ക് അനുവാദമില്ലാതെ പരസ്പരം സ്പർശിക്കാനോ, അടുത്തിടപഴകാനോ ഒന്നും കഴിയില്ല. കൊവിഡ് ഒക്കെയല്ലേ, അത്തരം നിയമങ്ങൾ സാമൂഹ്യ അകലം പാലിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് ചിന്തിച്ചെങ്കിൽ, തെറ്റി. യാതൊരു കാരണവശാലും ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ തൊടാൻ പാടില്ല എന്ന് പ്രസ്താവിക്കുന്ന ഈ 'നോ കോൺടാക്റ്റ്' റൂൾ ഇപ്പോൾ വന്നതല്ല. അതിനൊക്കെ മുൻപ് തന്നെ സ്കൂൾ ഇത് പിന്തുടരുന്നുണ്ട്. വിദ്യാർത്ഥികൾ പാലിച്ചിരുന്ന ഈ ശീലം ഇപ്പോഴാണ് ഒരു നിയമമാക്കി മാറ്റിയത് എന്ന് മാത്രം.    

അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് ഒരു ബെഞ്ചിൽ തിക്കി തിരക്കി ഇരിക്കാനും പാടുള്ളതല്ല. മറ്റൊരു വിദ്യാർത്ഥിയുടെ കൈയിൽ പിടിക്കാനോ, സ്നേഹം പ്രകടിപ്പിക്കാനോ, കെട്ടിപ്പിടിക്കാനോ, വഴക്ക് കൂടാനോ ഒന്നും ഈ നിയമം അനുവദിക്കുന്നില്ല. ഒഴിവ് സമയങ്ങളിലും, ഉച്ചഭക്ഷണ സമയത്തുമാണ് ഇത് കൂടുതൽ ബാധകം. എന്നാൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയാവുകയാണ്. വിദ്യാർത്ഥികളെ കെട്ടിപ്പിടിക്കുന്നതിൽ നിന്ന് വിലക്കുന്നത് ക്രൂരമാണ് എന്നാണ് പലരും പറയുന്നത്. പുതിയ നിയമത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും നെറ്റിസൺമാരും ഒരുപോലെ ആക്ഷേപിക്കുന്നു.  

എന്നാൽ സ്കൂളിന് തികച്ചും വ്യത്യസ്തമായ കാഴ്‌ചപ്പാടാണ് ഇതിലുള്ളത്. സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്ന്, പുതിയ നിയമങ്ങളെ പ്രതിരോധിക്കാൻ സ്കൂൾ പ്രസ്താവന ഇറക്കി. ലോക്ക്ഡൗൺ കാലം വിദ്യാർത്ഥികൾ വീടുകളിലാണ് ചെലവിട്ടത്. അത് കൊണ്ട് തന്നെ പലർക്കും സ്കൂളിൽ പഴയ പോലെ അച്ചടക്കത്തോടെ പെരുമാറാൻ ബുദ്ധിമുട്ടാകുമെന്നാണ് അതിൽ സ്കൂൾ പറയുന്നത്. സുഹൃത്തുക്കളോട് എങ്ങനെ ഉചിതമായി പെരുമാറണമെന്നോ, എങ്ങനെ ബഹുമാനിക്കാമെന്നോ കൃത്യമായി അറിയില്ലെന്നും സ്കൂൾ പറയുന്നു. 

"അതിനാൽ, ഞങ്ങൾ ചെയ്‌തത്, ഞങ്ങളുടെ 25 വർഷത്തെ നല്ല ശീലത്തെ എളുപ്പത്തിൽ പിന്തുടരാവുന്ന ഒരു നിയമമാക്കി മാറ്റുക എന്നതാണ്" സ്കൂളിലെ  പ്രധാനാധ്യാപിക ആൻഡ്രിയ ദിൻ പറയുന്നു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക മാത്രമാണ് സ്കൂൾ ഇതിലൂടെ ചെയ്യുന്നതെന്നും, പരസ്പരം പോസിറ്റീവ് മനോഭാവം വളർത്താനും, സമപ്രായക്കാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും ഈ നിയമം സഹായിക്കുമെന്നും സ്കൂൾ കൂട്ടിച്ചേർത്തു. എന്നാൽ നോ കോൺടാക്റ്റ് നിയമത്തിലൂടെ സ്‌കൂൾ തങ്ങളുടെ കുട്ടികളെ റോബോട്ടുകളാക്കി മാറ്റുകയാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.  

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!