മനുഷ്യനും പുള്ളിപ്പുലികളും സാഹോദര്യത്തിൽ ജീവിക്കുന്ന ഇന്ത്യൻ ഗ്രാമം ഏതാണെന്ന് അറിയാമോ?

Published : Sep 05, 2023, 02:52 PM IST
മനുഷ്യനും പുള്ളിപ്പുലികളും സാഹോദര്യത്തിൽ ജീവിക്കുന്ന ഇന്ത്യൻ ഗ്രാമം ഏതാണെന്ന് അറിയാമോ?

Synopsis

ഇതിനെല്ലാം പുറമേ ഈ ഗ്രാമത്തിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പുള്ളിപ്പുലികൾക്ക് ജീവിക്കാൻ അനുയോജ്യമായ ഇടമായി ബേരയെ മാറ്റുന്നു.

രാജസ്ഥാനിലെ ചൂടുള്ളതും വരണ്ടതുമായ ഭൂപ്രകൃതിയിൽ, അതിജീവനത്തിനുള്ള ശ്രമങ്ങൾ നടത്തുന്നത് തന്നെ ഒരു പോരാട്ടമാണ്. എന്നാൽ, രാജസ്ഥാനിൽ ഒരു കൊച്ചുഗ്രാമം ഉണ്ട്, അവിടെ പുള്ളിപ്പുലികളും മനുഷ്യരും വലിയ സാഹോദര്യത്തിൽ ആണത്രേ ജീവിക്കുന്നത്.

ഉദയ്പൂരിനും ജോധ്പൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കുഗ്രാമമായ ബേരയാണ് ആ ഗ്രാമം. കാട്ടുമൃഗങ്ങളിൽ ഏറ്റവും ഉഗ്രമായ വേട്ടക്കാരിൽ ഒന്നായ പുള്ളിപ്പുലിയുടെ സാന്നിധ്യം മൂലം വർഷങ്ങളായി പ്രധാന വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് ബേര. മനുഷ്യർക്കും വന്യമൃഗങ്ങൾക്കും സമാധാനപരമായി സഹകരിച്ച് ജീവിക്കാൻ കഴിയുമെന്നതിന് തെളിവായാണ് പലരും ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്.

രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബേര പുള്ളിപ്പുലികളുടെ പ്രസിദ്ധമായ ഒരു ആവാസ കേന്ദ്രമാണ്, അതേസമയം മനുഷ്യരും ഈ പ്രദേശത്ത് താമസിക്കുന്നു. ഇത്തരത്തിൽ ഒരു സഹവർത്തിത്വം ഉണ്ടാകുന്നതിനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് പരസ്പര ബഹുമാനവും അംഗീകാരവുമാണ്. അർദ്ധ നാടോടികളായ ഇടയ സമൂഹമായ റബാറികളാണ് ബേരയിലെ നിവാസികൾ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇറാനിൽ നിന്ന് കുടിയേറിവരാണ് ഇവർ. 

ശിവനെ ആരാധിക്കുന്ന റബാറികൾ, പുള്ളിപ്പുലി കൊലപ്പെടുത്തുന്ന കന്നുകാലികൾ ദൈവത്തിനുള്ള ഭക്ഷണ ബലിയാണെന്നാണ് വിശ്വസിക്കുന്നത്. പുള്ളിപ്പുലികൾക്കും വേട്ടയാടാനുള്ള അവകാശമുണ്ടെന്ന് അവർ അംഗീകരിക്കുന്നു. കൂടാതെ പുള്ളിപ്പുലികളുടെ ഇടങ്ങളിലേക്ക് യാതൊരു വിധത്തിലുള്ള കൈകടത്തലുകളും ഇവർ നടത്തുന്നില്ല. അവയുടെ സ്വൈര്യജീവിതത്തെ തടസ്സപ്പെടുത്താതെയാണ് ഈ ഗ്രാമത്തിലുള്ളവർ തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

ഇതിനെല്ലാം പുറമേ ഈ ഗ്രാമത്തിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പുള്ളിപ്പുലികൾക്ക് ജീവിക്കാൻ അനുയോജ്യമായ ഇടമായി ബേരയെ മാറ്റുന്നു. പാറക്കെട്ടുകളാൽ നിറഞ്ഞ ഈ കുഗ്രാമം, ഗുഹകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് പുള്ളിപ്പുലികൾക്ക് ഏറ്റവും അനുയോജ്യമായ ഒളിത്താവളമായി മാറുന്നു, അതിനാൽ അവയ്ക്ക് മനുഷ്യരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനാകും.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ