കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ടിബറ്റ്, ചൈന... ഇന്ത്യയിലേക്ക് പറന്നിറങ്ങി ആയിരക്കണക്കിന് കഴുകന്മാർ;

Published : Dec 29, 2025, 09:53 AM IST
Eurasian Griffon vultures

Synopsis

ശൈത്യകാലം കടുത്തതോടെ യൂറേഷ്യൻ, ഹിമാലയൻ ഗ്രിഫൺ കഴുകന്മാർ ഉൾപ്പെടെയുള്ള ദേശാടന പക്ഷികൾ മധ്യപ്രദേശിലെ പന്ന വനമേഖലയിൽ എത്തിച്ചേർന്നു. മധ്യേഷ്യ, ഹിമാലയം എന്നിവിടങ്ങളിൽ നിന്നെത്തിയ ഈ പക്ഷികൾ അടുത്ത മൂന്ന് മാസം ഇവിടെ തുടരും. 

 

ശൈത്യകാലം കടുത്തതോടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികൾ മധ്യപ്രദേശിലെ പന്നയിലുള്ള പവായ് (Pawai) വനമേഖലയിൽ എത്തിച്ചേർന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും മധ്യേഷ്യയിൽ നിന്നുമാണ് ഈ പക്ഷികൾ പന്നയിലെ വനങ്ങളിലേക്ക് പറന്നിറങ്ങിയത്. എല്ലാവർഷവം ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പക്ഷികളുടെ ദേശാടനം നടക്കാറുണ്ട്. ഏഷ്യയുടെ വടക്കേയറ്റമായ സൈബീരിയയിൽ നിന്ന് പോലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈ ദേശാടനം വ്യാപിക്കുന്നു.

ദേശങ്ങൾ താണ്ടിയെത്തിയ അതിഥികൾ

യൂറേഷ്യൻ ഗ്രിഫൺ കഴുകൻ (Eurasian Griffon vultures), ഹിമാലയൻ ഗ്രിഫൺ കഴുകൻ (Himalayan Griffon vultures), പെയിന്‍ഡ് സ്റ്റോർക്കുകൾ (Painted Storks), അപൂർവ്വ ഇനത്തിൽപ്പെട്ട കറുത്ത കൊക്കുകൾ (Black Storks) എന്നിവയാണ് പനായിൽ എത്തിയ പ്രധാന ഇനങ്ങൾ. വനവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം, യൂറേഷ്യൻ ഗ്രിഫൺ കഴുകന്മാർ (Eurasian Griffon vultures) കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ മേഖലകളിൽ നിന്നാണ് ഇവിടേക്ക് പറന്നെത്തുന്നത്. അതേസമയം, ഹിമാലയൻ ഗ്രിഫൺ കഴുകന്മാരാകട്ടെ (Himalayan Griffon) ഹിമാലയ പർവ്വതനിരകൾ, തിബറ്റ്, മധ്യ ചൈനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് പന്നയിലെ പവായ് വനങ്ങളിലേക്ക് എത്തുന്നത്.

അടുത്ത മൂന്ന് മാസത്തോളം ഈ പക്ഷികൾ പവായ് വനമേഖലയിൽ തുടരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വംശനാശഭീഷണി നേരിടുന്ന കഴുകൻമാരുടെ വർദ്ധിച്ച സാന്നിധ്യം പരിസ്ഥിതിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. മേഖലയിലെ വനംവകുപ്പിന്‍റെ കൃത്യമായ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇത്രയധികം പക്ഷികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമായതെന്ന് സൗത്ത് പന്ന ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ്.ഒ അനുപം ശർമ്മ പറഞ്ഞു.

ഭൂമിയുടെ ശുചീകരണ തൊഴിലാളികൾ

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കഴുകൻമാർ വൻതോതിൽ ഇവിടേക്ക് എത്തുന്നത് മേഖലയിലെ മികച്ച ആവാസവ്യവസ്ഥയുടെ തെളിവായിട്ടാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ചത്ത ജീവികളുടെ അവശിഷ്ടങ്ങൾ ഭക്ഷിച്ച് കാടും പരിസരവും ശുചിയാക്കുന്ന പ്രകൃതിയുടെ 'ശുചീകരണ തൊഴിലാളികൾ' ആണ് കഴുകന്മാർ. മൃഗാവശിഷ്ടങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിലൂടെ രോഗങ്ങൾ പടരുന്നത് തടയാൻ ഇവ സഹായിക്കുന്നു. വംശനാശഭീഷണി നേരിടുന്ന പക്ഷികൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കാൻ കഴിഞ്ഞത് പന്നയിലെ സംരക്ഷണ പ്രവർത്തനങ്ങളുടെ നേട്ടമാണെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. മൂന്ന് മാസത്തോളം ഇവിടെ തുടരുന്ന ഈ പക്ഷികൾ ഫെബ്രുവരി അവസാനത്തോടെയോ മാർച്ചിലോ തങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങിപ്പോകും.

 

PREV
Read more Articles on
click me!

Recommended Stories

വെറുക്കുംവരെ പ്രണയിക്കുക, അപകടകരം ഈ ഡേറ്റിംഗ് ട്രെൻഡ്?
ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; അർദ്ധരാത്രി മദ്യലഹരിയിൽ അയൽക്കാരുടെ വീടിനു നേരെ വെടിയുതിർത്ത് യുവതി, കാരണം