
1858 മുതല്‍ 1947 വരെ, 89 വര്‍ഷം, ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടനിലെ പ്രധാനമന്ത്രിക്കസേരയിലേക്ക് ഋഷി സുനക് എന്ന 42-കാരന്‍ എത്തുമ്പോള്‍ അത് ചരിത്രത്തിന്റെ കാവ്യനീതിയാണെന്ന് വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ ഏറെയാണ്. വെറും 45 ദിവസങ്ങള്‍ മാത്രം പ്രധാനമന്ത്രിക്കസേരയിലിരുന്ന ശേഷം സ്ഥാനമൊഴിഞ്ഞ ലിസ് സ്ട്രസിന്റെ പകരമാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഭരണക്കസേരയില്‍ എത്തുന്നത്.
ഇപ്പോഴും ഇന്ത്യന്‍ പൗരത്വം സൂക്ഷിക്കുന്ന, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍, അക്ഷിതയാണ് ഋഷി സുനക്കിന്റെ ഭാര്യ. ഒപ്പം, ഇന്ത്യന്‍ സംസ്‌കാരത്തോട് ആഭിമുഖ്യമുള്ളയാളാണ് ഋഷി സുനക്. ആ നിലയ്ക്ക്, ഋഷി സുനക്കിന്റെ സ്ഥാനലബ്ധിയില്‍ ആഹ്‌ളാദിക്കേണ്ടതുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഇന്ത്യക്കാര്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, ഋഷി സുനക്കിന്റെ കുടുംബ വേരുകള്‍ ചികയുമ്പോള്‍ അദ്ദേഹം ഇന്ത്യക്കാരനാണോ എന്ന ചോദ്യം ഉയരുന്നതായി വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഋഷി സുനക്കിന്റെ മുത്തച്ഛന്‍ രാംദാസ് സുനക് 1930-ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ഗുജ്‌റവാലയില്‍ നിന്നും കെനിയയിലെ നെയ്‌റോബിയിലേക്ക് ജോലി സംബന്ധമായി കുടിയേറിയ ആളാണ്. ഗുജ്‌റവാല എന്ന പ്രദേശം ഇപ്പോള്‍ പാകിസ്ഥാനിലാണ്. സുനക്കിന്റെ പിതാവ് കെനിയയിലും, അമ്മ ടാന്‍സാനിയയിലുമാണ് ജനിച്ചത്. സുനക്ക് ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. താന്‍ അടിമുടി ഒരു ബ്രിട്ടീഷുകാരനാണ് ഋഷി സുനക് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതും. അതിനാല്‍ പാകിസ്ഥാനും കെനിയയ്ക്കും ടാന്‍സാനിയയ്ക്കും ഇത്തരം അവകാശം ഉന്നയിക്കാം എന്നാണ് ഈ നിലയ്ക്ക് ഉയര്‍ന്ന വാദങ്ങള്‍.
കാര്യം എന്തായാലും, ഇന്ത്യന്‍ വംശജന്‍ തന്നെയാണ് ഋഷി സുനക്. അതില്‍ ആര്‍ക്കും സംശയമേയില്ല. ആദ്യമായി ഒരു വിദേശ രാജ്യത്ത് ഭരണക്കസേരയിലിരുന്ന ഇന്ത്യന്‍ വംശജനുമല്ല അദ്ദേഹം. ഇപ്പോള്‍ തന്നെ മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ഭരണക്കസേരയിലുണ്ട്. ഇന്ത്യന്‍ വേരുകളുള്ള ഈ ഭരണാധികാരികളില്‍ ചിലര്‍ എന്നാല്‍ ഋഷി സുനക്കിനെപ്പോലെ ആഘോഷിക്കപ്പെട്ടിട്ടുമില്ല. അമേരിക്ക, മൗറീഷ്യസ്, പോര്‍ച്ചുഗല്‍, എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ വംശജര്‍ ഭരണക്കസേരയിലിരിക്കുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
കമല ഹാരിസ്-യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക (Kamala Devi Harris)
അമേരിക്കയുടെ നിലവിലുള്ള വൈസ്പ്രസിഡന്റാണ് കമല ദേവി ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ കമല യു എസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ്. തമിഴ് വേരുകളുള്ള കമല 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായിരുന്നു.
തമിഴ് വംശജയായ ശ്യാമള ഗോപാലനാണ് കമലയുടെ മാതാവ്. ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ജെ ഹാരിസാണ് പിതാവ്. സ്താനാര്‍ബുദ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞയാണ് കാന്‍സര്‍ ഗവേഷകയായ ശ്യാമള. 1958-ല്‍, 19-ാം വയസ്സില്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥിനി ആയെത്തിയ ശ്യാമള കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് പഠിച്ചത്. കമല പിറന്ന അതേ വര്‍ഷമാണ് അവര്‍ ഡോക്ടറേറ്റ് നേടിയത്. 1961-ലാണ് ഡൊണാള്‍ഡ് ജെ ഹാരിസ് ജമൈക്കയില്‍നിന്നും അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലാ അധ്യാപകനും സാമ്പത്തിക ശാസ്ത്രജ്്ഞനുമായ ഹാരിസും ശ്യാമളയും തമ്മില്‍ കണ്ടുമുട്ടിയത് പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ്. ആക്ടിവിസ്റ്റുകളായ മാതാപിതാക്കളുടെ പാരമ്പര്യം പിന്‍പറ്റിയാണ് കമല രാഷ്ട്രീയത്തില്‍ സജീവമായത്.
പ്രാവിന്റ് കുമാര്‍ ജഗ്‌നോഥ്-മൗറീഷ്യസ് (Pravind Kumar Jugnauth)
മൗറീഷ്യസ് പ്രധാനമന്ത്രിയായ പ്രാവിന്റ് കുമാര്‍ ജഗ്‌നോഥ് കറകളഞ്ഞ രാഷ്ട്രീയക്കാരനായാണ് അറിയപ്പെടുന്നത്. വിവിധ കാബിനറ്റ് പദവികള്‍ വഹിച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. മൗറീഷ്യസിലെ ലാ കവേണിലെ ഹിന്ദു അഹിര്‍ കുടുംബത്തില്‍ 1961-ല്‍ പിറന്നു. പിതാവ് അനീരൂദ് ജഗ്‌നോഥ് അഭിഭാഷകനായിരുന്നു. സ്‌കൂള്‍ അധ്യാപികയായിരുന്നു മാതാവ് സരോജിനി ബല്ല. ശാലിനി ജഗ്‌നോഥ് മല്‍ഹോത്രയാണ് ഏകസഹോദരി. ആര്യന്‍ വേദിക് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ശേഷം അദ്ദേഹം റോയല്‍ കോളജ് ഓഫ് ക്യുര്‍പൈപ്പില്‍ പഠനം തുടര്‍ന്നു. ബ്രിട്ടനിലെ ബക്കിംഗ് ഹാം സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. അതിനുശേഷം ഫ്രാന്‍സിലെ എയിക്‌സ് മാര്‍സെലെ സര്‍വകലാശാലയില്‍നിന്നും സിവില്‍ നിയമങ്ങളില്‍ ഡിപ്ലോമ നേടി. പിന്നീടാണ്, രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.
അന്‍റാണിയോകോസ്റ്റ-പോര്‍ച്ചുഗല്‍ (António Luís Santos da Costa)
പോര്‍ച്ചുഗലിലെ നിലവിലെ പ്രധാനമന്ത്രിയാണ് അന്‍റാണിയോ കോസ്റ്റ. മൂന്നാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരിക്കുന്നത്. പാതി പോര്‍ച്ചുഗീസും പാതി ഇന്ത്യക്കാരനുമായ അന്‍റാണിയോ കോസ്റ്റ പോര്‍ച്ചുഗലിലെ ഏറ്റവും ജന്രപിയനായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്. ലിസ്ബണിലെ സാവോ സെബാസ്റ്റിയോവില്‍ 1961-ലാണ് ജനനം. ഗോവയില്‍ കുടുംബവേരുകളുള്ള എഴുത്തുകാരന്‍ ഓര്‍ലാന്‍ഡോ ഡി കോസ്റ്റയാണ് പിതാവ്. മാധ്യമപ്രവര്‍ത്തകയായ മരിയ അന്‍റാണിയോ പല്ലയാണ് മാതാവ്. മൊസാംബിക്കിലെ മാപ്പുതോയില്‍ ഒരു ഗോവന്‍ കുടുംബത്തിലാണ് ഓര്‍ലാന്‍ഡോ ഡി കോസ്റ്റ പിറന്നത്.
ലിസ്ബണ്‍ സര്‍വകലാശാലയില്‍നിന്നും നിയമബിരുദം പൂര്‍ത്തിയാക്കിയ അന്‍റാണിയോ കോസ്റ്റ എണ്‍പതുകളിലാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നഗരസഭാ കൗണ്‍സിലില്‍ ഡെപ്യൂട്ടി ആയിട്ടാണ് തുടക്കം. നിര്‍ബന്ധിത സൈനിക േസവനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് അഭിഭാഷകവൃത്തിയില്‍ സജീവമായി. പിന്നീടാണ് മുഴുസമയ രാഷ്ട്രീയക്കാരനായത്. പിന്നീട് വിവിധ മന്ത്രിസഭകളില്‍ അംഗമായി. അതിനു ശേഷമാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.