
പാൻഡെമിക് സമയത്ത് ഇന്ത്യൻ റെയിൽവേയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്. എന്നാൽ, ഒരു ടിക്കറ്റ് ചെക്കർ(Ticket checker) സെൻട്രൽ റെയിൽവേ(Central Railway)യ്ക്ക് വെറും 11 മാസം കൊണ്ട് ഒരു കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കി നൽകിയത്. റിപ്പോർട്ട് പ്രകാരം പകർച്ചവ്യാധിക്ക് ശേഷം ‘ഒരു കോടി ക്ലബ്ബിൽ’ ചേരുന്ന ആദ്യ ടിക്കറ്റ് ചെക്കറാണ് മുഹമ്മദ് ഷംസ് ചന്ദ്(Mohammed Shams Chand).
ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, 2021 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയിൽ ടിക്കറ്റില്ലാത്ത 13,472 യാത്രക്കാരെ ചാന്ദ് പിടികൂടി. മൊത്തം 1,06,41,105 രൂപ പിഴയായി ഈടാക്കി. ഈ 'ടിക്കറ്റില്ലാത്ത യാത്രക്കാർ' പൊതുവെ തങ്ങൾ ഇരിക്കുന്ന കമ്പാർട്ടുമെന്റിലേക്ക് ആവശ്യമായ ടിക്കറ്റ് ഇല്ലാത്തവരോ അല്ലെങ്കിൽ ടിക്കറ്റ് എടുക്കാത്തവരോ ആണ്.
ലോക്കൽ ട്രെയിനുകളിലും ദീർഘദൂര ട്രെയിനുകളിലും യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കാൻ അധികാരമുള്ള ടിക്കറ്റ് എക്സാമിനർമാരുടെ പ്രത്യേക ബാച്ചിന്റെ ഭാഗമാണ് മുഹമ്മദ്. 2000 -ത്തിൽ സ്‌പോർട്‌സ് ക്വാട്ടയിലാണ് ടിക്കറ്റ് ചെക്കറായി മുഹമ്മദ് ചേരുന്നത്. 2012 വരെ അദ്ദേഹം സെൻട്രൽ റെയിൽവേയുടെ ഹോക്കി ടീമിലെ പ്രമുഖ അംഗമായിരുന്നു.
ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താനും അവരുടെ മനസ് വായിച്ച് അവരെ പിടികൂടാനും സ്പോർട്സിലെ പരിചയം തന്നെ സഹായിച്ചു എന്നാണ് ചാന്ദിന്റെ അഭിപ്രായം. പാൻഡെമിക് സമയത്ത് തന്റെ ജോലി വളരെ ഭയാനകമായിരുന്നു എന്നും അദ്ദേഹം വിവരിച്ചു. ആളുകളെ സേവിക്കാനുള്ള മികച്ച അവസരമായിരുന്നു അത്. എന്നാൽ, അതേ സമയം അത് വളരെ ഭയാനകമായിരുന്നു. ഞങ്ങൾ യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതിനാൽ അപകടസാധ്യത വളരെ കൂടുതലായിരുന്നു. എന്റെ കുടുംബത്തെക്കുറിച്ചും അവർ കൊവിഡിന് വിധേയരാകാനുള്ള സാധ്യതയെക്കുറിച്ചും ഞാൻ കൂടുതൽ ആശങ്കാകുലനായിരുന്നു. എന്നെയും എന്റെ കുടുംബത്തെയും സുരക്ഷിതമായി നിലനിർത്താനുള്ള എല്ലാ മുൻകരുതലുകളും ഞാൻ പാലിക്കാറുണ്ടായിരുന്നു, പക്ഷേ എപ്പോഴും ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഓരോ ദിവസവും പുതിയ തരത്തിലുള്ള യാത്രക്കാരുള്ളതിനാൽ ടിക്കറ്റ് ചെക്കർ ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള ജോലി ആണ് എന്ന് അദ്ദേഹം പറയുന്നു. ചിലർ ആക്രമണോത്സുകരാണ് എങ്കിൽ ചിലർ ടിക്കറ്റ് എടുക്കുന്നവരാണ്. ചിലർ മൃദുഭാഷികളാണ് എന്നും അദ്ദേഹം പറയുന്നു. ഏതായാലും 11 മാസം കൊണ്ട് തന്നെ അദ്ദേഹം ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു വലിയ തുകയാണ് നേടി കൊടുത്തിരിക്കുന്നത്.