
ഇന്നത്തെ ടെന്‍ഷന്‍ നിറഞ്ഞ, തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് ഒരു മോചനം നേടാനും, മനസ്സിനെ ഒന്ന് ശാന്തമാക്കാനും ആളുകള്‍ പലതരം വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. സംഗീതം, നൃത്തം, എഴുത്ത് എന്നിങ്ങനെ പലതും പരീക്ഷിക്കാറുണ്ട്. കര്‍ണാടകകാരനായ സൊഹൈല്‍ നര്‍ഗുണ്ടിന് എന്നാല്‍ ഇഷ്ടം തോന്നിയത് കമ്പിളി നെയ്ത്തിനോടാണ്. വെറും വിനോദത്തിന് ആരംഭിച്ചതാണ് അതെങ്കിലും, ഇന്ന് അദ്ദേഹത്തിന്റെ കമ്പിളി വസ്ത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്.
സാധാരണയായി സ്ത്രീകളാണ് കമ്പിളി വസ്ത്രങ്ങള്‍ കൈകൊണ്ട് നെയ്യുന്ന ജോലി ചെയ്തു കണ്ടിട്ടുള്ളത്. പ്രത്യേകിച്ച് പ്രായമായ അമ്മൂമ്മമാര്‍. എന്നാല്‍ സൊഹൈല്‍ അത്തരം ലിംഗവിവേചനങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്. ആണിനും ഇതൊക്കെ ചെയ്യാമെന്ന് അദ്ദേഹം ഇതിലൂടെ തെളിയിക്കുന്നു. കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നുള്ള സൊഹൈലിന് 28 വയസ്സുണ്ട്.
ബാംഗ്ലൂരില്‍ എന്‍ജിനിയറായ അദ്ദേഹം നെയ്ത്ത് ഒരു ഹോബിയായി അദ്ദേഹം തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. ഉത്കണ്ഠയും വിഷാദവും മൂലം ആകെ തകര്‍ന്നിരിക്കയായിരുന്നു അദ്ദേഹം. എങ്ങനെ അതില്‍ നിന്ന് കരകയറണമെന്ന് ആലോചിക്കുമ്പോഴാണ് നെയ്യുന്നത് ടെന്‍ഷന്‍ കുറയ്ക്കുമെന്ന് എവിടെയോ വായിച്ചത്. ഇതോടെ നെയ്ത്ത് ഒരു ഹോബിയാക്കി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു. പ്രായമായാലും ഇത് തനിക്ക് തുടരാം എന്നത് അദ്ദേഹത്തെ ഇതിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിച്ചു.
അദ്ദേഹം ഓണ്‍ലൈനില്‍ സൂചിയും നൂലും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന്, യൂട്യൂബ് വീഡിയോകള്‍ കണ്ട് എങ്ങനെയാണ് നെയ്യേണ്ടതെന്ന് പഠിച്ചു.
2021 ഏപ്രിലില്‍ സ്‌ട്രെസ് കുറയ്ക്കാന്‍ അദ്ദേഹം നെയ്ത് തുടങ്ങി. സഹോദരിയ്ക്ക് വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സ്വറ്റര്‍. അത് അവള്‍ക്ക് ഇഷ്ടപ്പെട്ടു. താമസിയാതെ, സഹോദരിയുടെ സുഹൃത്ത് ഈ സ്വറ്റര്‍ കാണുകയും അതുപോലൊരെണ്ണം തനിക്കും വേണമെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഹോബി ഒരു പാര്‍ട്ട് ടൈം ജോലിയായി മാറുന്നത്. പിന്നീട് 2021 സെപ്റ്റംബറില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജും അദ്ദേഹം ആരംഭിച്ചു. ഇതോടെ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഒന്ന് കൂടി ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തുക്കളും, പരിചയക്കാരും എല്ലാം ഓര്‍ഡറുകളുമായി അദ്ദേഹത്തെ സമീപിക്കാന്‍ തുടങ്ങി. പതുക്കെ അതൊരു ബിസിനസ്സായി വളര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 13,000-ത്തിലധികം ഫോളോവേഴ്സുമുണ്ട്.
നെയ്ത്ത് സ്ത്രീകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം പറയുന്നു. 'ഒരു ജോലിയോടും ലിംഗപരമായ പക്ഷപാതപരമരുത്. നെയ്ത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല, പുരുഷന്മാര്‍ക്കും ഇത് സാധിക്കും. അതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ഛനും സഹോദരിയും അടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ ഈ പുതിയ ഹോബിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു.
സഹോദരി ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, അച്ഛന്‍ ജോലിയില്‍ അദ്ദേഹത്തെ സഹായിക്കുന്നു. എല്ലാ ദിവസവും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും സൊഹൈല്‍ നെയ്യുന്നു. പണം മാത്രമല്ല, ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നേടാനും, മനസ്സിനെ ഒന്ന് ശാന്തമാക്കാനും ഇത് തന്നെ സഹായിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.