​ഗാസയിലെ ആ കൺമണിക്ക് പേര് 'സിം​ഗപ്പൂർ', ഭക്ഷണം തന്ന ചാരിറ്റിയോടുള്ള നന്ദിയും സ്നേഹവും

Published : Oct 22, 2025, 12:11 PM IST
Singapore

Synopsis

യുദ്ധകാലത്ത് തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ ചാരിറ്റി ‘ലവ് എയ്ഡ് സിംഗപ്പൂർ’നോടുള്ള സ്നേഹവും നന്ദിയും. കുഞ്ഞിന് 'സിംഗപ്പൂർ' എന്ന് പേര് നല്‍കി പലസ്തീന്‍ ദമ്പതികള്‍.

ഗാസയിലെ ഒരു പലസ്തീൻ ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് നൽകിയ പേരാണ് ഇപ്പോൾ വാർത്തയാവുന്നത്. 'സിംഗപ്പൂർ' എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. യുദ്ധകാലത്ത് തങ്ങൾക്ക് പതിവായി ഭക്ഷണം നൽകിയ സിംഗപ്പൂരിൽ നിന്നുള്ള ചാരിറ്റിയോടുള്ള നന്ദി സൂചകമായിട്ടാണത്രെ അവർ കുഞ്ഞിന് ഇങ്ങനെ അപൂർവമായ ഒരു പേര് നൽകിയത്. 'ദി സ്ട്രെയിറ്റ്സ് ടൈംസി'ന്റെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 16 -നാണ് കുഞ്ഞ് ജനിച്ചത്. സിം​ഗപ്പൂർ എന്ന് പേരുള്ള പലസ്തീനിലെ ആദ്യത്തെ കുഞ്ഞാണിത് എന്ന് കരുതുന്നു. അവളുടെ പിതാവ് ഹംദാൻ ഹദാദ്, ഏകദേശം രണ്ട് വർഷമായി ഗാസയിലുള്ളവർക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന 'ലവ് എയ്ഡ് സിംഗപ്പൂർ' നടത്തുന്ന ഒരു സൂപ്പ് കിച്ചണിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ്.

സംഘടനയുടെ സ്ഥാപകനും സിംഗപ്പൂരിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകനുമായ ഗിൽബർട്ട് ഗോയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ''തന്റെ ഭാര്യ ​ഗർഭിണിയായ സമയത്തെല്ലാം 'ലവ് എയ്ഡ് സിംഗപ്പൂർ' നടത്തുന്ന കിച്ചണിൽ നിന്നുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ക്ഷാമത്തിന് സമാനമായ ഈ സാഹചര്യത്തിലെല്ലാം ഭക്ഷണം നൽകിയത് ഈ കിച്ചണാണ്. അതിനാലാണ് തന്റെ കുഞ്ഞിന് സിം​ഗപ്പൂർ എന്ന പേര് നൽകാൻ കാരണം, അങ്ങനെ ഒരു പേരിടാൻ ഞാൻ ആ​ഗ്രഹിച്ചിരുന്നു, ഞാനവരെ സ്നേഹിക്കുന്നു'' എന്നാണ് ഹംദാൻ ഹദാദ് പറയുന്നത്.

 

 

'ലവ് എയ്ഡ് സിംഗപ്പൂർ' കുഞ്ഞിന്റെ ഒരു ജനനസർ‌ട്ടിഫിക്കറ്റിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. തങ്ങളുടെ സന്നദ്ധ പ്രവർത്തകരും അതിജീവനത്തിനായി തങ്ങളുടെ കിച്ചൺ ആശ്രയിച്ച കുടുംബങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം കാണിക്കുന്നതാണ് ഈ സംഭവമെന്നും ചാരിറ്റി പ്രതികരിച്ചു. കുട്ടിക്ക് ആയുരാരോ​ഗ്യമുണ്ടാവട്ടെ എന്നും, വെടിനിർത്തലിന് പിന്നാലെ ഒരു തെളിച്ചമുള്ള ലോകത്ത് അവൾ വളരട്ടെ എന്ന് ആ​ഗ്രഹിക്കുന്നുവെന്നും ചാരിറ്റി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ