
മുൻ പങ്കാളിയെ ഏഴ് വർഷത്തോളം ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ ഫ്രഞ്ച് ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം, 4 കുട്ടികളുടെ അമ്മയായ 42 വയസ്സുകാരിയെ 2015 -നും 2022 -നും ഇടയിൽ വർഷങ്ങളോളം ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 51 കാരനായ ഗില്ലൂം ബുച്ചി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ഉപദ്രവം കൂടാതെ മറ്റ് പുരുഷന്മാർക്കൊപ്പം കഴിയാൻ ഇയാൾ തന്നെ നിർബന്ധിച്ചിരുന്നതായും യുവതി. ‘തന്നെ ഉപദ്രവിച്ച 487 പുരുഷന്മാരെ വരെ താനെണ്ണി, പിന്നാലെ എണ്ണുന്നത് നിർത്തി’ എന്നാണ് കോടതിയിൽ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഇയാൾ യുവതിയെ വളരെ വൃത്തികെട്ട രീതിയിലുള്ള പ്രവൃത്തികൾക്ക് നിർബന്ധിച്ചിരുന്നു. ഇത് കൂടാതെ, അപരിചിതർ, ട്രക്ക് ഡ്രൈവർമാർ, ഓൺലൈനായും സ്വകാര്യ സർക്കിൾ വഴിയും റിക്രൂട്ട് ചെയ്ത പുരുഷന്മാർ എന്നിവർക്കൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെടാനും യുവതിയെ ഇയാൾ നിർബന്ധിച്ചു. അതിക്രൂരമായ അനുഭവങ്ങളിലൂടെയാണ് യുവതിക്ക് കടന്നുപോകേണ്ടി വന്നത്.
ഗില്ലൂം ബുച്ചി യുവതിയുടെ കഴുത്തു ഞെരിക്കുക, പൊള്ളിക്കുക തുടങ്ങിയ ക്രൂരപ്രവൃത്തികളും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരുടേയും സമ്മതത്തോടെ നടന്നതാണ് എന്നായിരുന്നു ഇയാളുടെ വാദം. അതേസമയം, അനുസരണക്കേട് കാണിച്ചാൽ കൊന്നുകളയുമെന്ന് ഇയാൾ പങ്കാളിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവും പ്രോസിക്യൂട്ടർമാർ കോടതിയിൽ ഹാജരാക്കി. എന്നിട്ടും, അവൾക്ക് വേദനിക്കുന്നുണ്ടെന്ന് തനിക്ക് അറിയുമായിരുന്നില്ല എന്ന വിചിത്രവാദമായിരുന്നു ഇയാൾ ഉയർത്തിയത്. സുഹൃത്തുക്കളും അപരിചിതരും സഹപ്രവർത്തകരുമടക്കം പലരും ബുച്ചിയുടെ സമ്മതത്തോടെ തന്നെ ഉപദ്രവിച്ചു, കുട്ടി ജനിച്ച് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് പോലും ഉപദ്രവം സഹിക്കേണ്ടി വന്നു, താൻ കടുത്ത ഭയത്തിലും വേദനയിലുമാണ് ജീവിച്ചത്, പയ്യെപ്പയ്യെ മരിച്ചുപോകുന്നത് പോലെ തോന്നി എന്നും അതിജീവിതയായ യുവതി വെളിപ്പെടുത്തി.