
ഇന്നത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ച് പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പാഠപുസ്തകങ്ങളിലേക്ക് മാത്രമായി പഠനം ചുരുക്കുമ്പോൾ കുട്ടികൾ ജീവിതത്തെ കുറിച്ച് വേണ്ടത്ര മനസിലാക്കാതെ പോകുന്നു എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ദമ്പതികളായ മാർട്ടിനും കരീന സിംപ്‌സൺസും(Martin and Carina Simpson) അതിൽ വിശ്വസിക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് യാത്രകളിലൂടെ കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കാൻ അവർ ആഗ്രഹിക്കുന്നു.
യഥാർത്ഥ ജീവിതത്തെ അടുത്തറിയുമ്പോഴാണ് അറിവ് വളരുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഇതിന് അവർ കണ്ടെത്തിയ മാർഗമാണ് യാത്രകൾ. ചെറുപ്പം മുതലേ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മാർട്ടിനും കരീനയും. പിന്നീട് അവർ ഒന്നിച്ചപ്പോൾ അവർ തങ്ങളുടെ പാഷൻ വിടാതെ പിന്തുടർന്നു. ഇപ്പോഴിതാ തങ്ങളുടെ രണ്ട് പെൺമക്കളെയും യാത്രകളിൽ കൂടെക്കൂട്ടുകയാണ് അവർ. പെണ്മക്കളുടെ പേര് ഈഡൻ, ഐവി Eden and Ivy). ഈഡന് പത്തും, ഐവിയ്ക്ക് എട്ടുമാണ് പ്രായം.
കൊവിഡ് -19 സമയത്തെ ലോക്ക്ഡൗൺ കാരണം ഒരു വർഷത്തിലേറെയായി വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്ന അവർ. എന്നാൽ, ഇപ്പോൾ അവരുടേതായ രീതിയിൽ ലോകം ചുറ്റിക്കറങ്ങാൻ അവർ തുടങ്ങിയിരിക്കുന്നു. ഒരു ഫോക്‌സ്‌വാഗൺ T6 ബസിലാണ് കുടുംബത്തിന്റെ യാത്ര. നാല് പേരടങ്ങുന്ന കുടുംബത്തിന് താമസിക്കാനായി ഏകദേശം 57 ലക്ഷം രൂപ മുടക്കി വാഹനം നവീകരിക്കേണ്ടി വന്നു. എന്നാൽ, ബസിൽ അവർ നടത്തുന്നത് ഒരു സാധാരണ ടൂറല്ല. സ്‌കൂളിന് പുറത്തുള്ള അറിവുകൾ കുട്ടികൾക്ക് പകർന്ന് നൽകുന്നതിനാണ് ഈ യാത്രകൾ. ഇതുകൊണ്ട് വളരെയധികം പ്രയോജനം ലഭിച്ചുവെന്ന് അവർ കരുതുന്നു. യാത്രകളിലൂടെയുള്ള ഈ പഠനത്തെ അവർ 'വേൾഡ്‌സ്‌കൂൾ' എന്ന് വിളിക്കുന്നു. ലോകം ചുറ്റിക്കറങ്ങി വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ എന്നിവ കുട്ടികൾക്ക് അവർ പരിചയപ്പെടുത്തുന്നു.
കുടുംബം ഇതുവരെ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. "ഞങ്ങൾ യാത്രകൾ വഴിയുള്ള വിദ്യാഭ്യാസത്തിനൊപ്പം ഗാർഹിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നു. ലോക്ക്ഡൗണുകൾക്ക് ശേഷം, ഇത് ശരിക്കും അനുയോജ്യമാണെന്ന് ഞങ്ങൾ കരുതി. രണ്ട് വർഷമായി ഞങ്ങളിങ്ങനെ യാത്രകളിലാണ്" കരീന പറഞ്ഞു. എന്നാൽ, ഈഡന്റെയും ഐവിയുടെയും വിദ്യാഭ്യാസം പൂർണമായും ഓഫ്‌ലൈനല്ല. അവർ എല്ലാ ആഴ്ചയിലും രണ്ട് ദിവസം ഒരു സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നു.
ചരിത്രം, കല, ഭൂമിശാസ്ത്രം എന്നിവ മാതാപിതാക്കൾ പഠിപ്പിക്കുമ്പോൾ, മറ്റ് പ്രധാന വിഷയങ്ങളിൽ കുട്ടികളെ സഹായിക്കാൻ ഒരു ട്യൂട്ടറുമുണ്ട്. വ്യത്യസ്‌ത സംസ്‌കാരങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാർട്ടിൻ പറഞ്ഞു. ഈഡന് പഠനവൈകല്യം ഉണ്ടെന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന ഘടകം. ബസിൽ ഏകദേശം 30,000 മൈലുകൾ സഞ്ചരിച്ചിട്ടുണ്ടെന്ന് കുടുംബം കണക്കാക്കുന്നു. യാത്രകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ദമ്പതികൾ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ 'വാൻ ലൈഫ് വിത്ത് കിഡ്‌സി'ൽ പങ്കിടുന്നു.