മയക്കുമരുന്നിന് പണം വേണം, നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച 49 -കാരൻ ജയിലിൽ

By Web TeamFirst Published Apr 1, 2023, 12:18 PM IST
Highlights

2009 ലും 2013 -ലും ഇയാൾക്ക് മാതാപിതാക്കളെ കാണുന്നതിന് വിലക്ക് ഉണ്ടായിരുന്നു. മാതാപിതാക്കളെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ, ഇയാൾ അവരെ ബുദ്ധിമുട്ടിക്കുന്നത് തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നു.

മയക്കുമരുന്ന് വാങ്ങാൻ പണത്തിന് വേണ്ടി നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച ഇന്ത്യൻ വംശജനെ യുകെ -യിൽ ജയിലിൽ അടച്ചു. 49 -കാരനായ ഡേവൻ പട്ടേലാണ് ജയിലിലായത്. പണത്തിന് വേണ്ടി ഇയാൾ നിരന്തരം തന്റെ മാതാപിതാക്കളെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ക്രൂരനായ മകന്റെ ഈ പെരുമാറ്റത്തിൽ ആകെ നിരാശരും വിഷാദികളുമായി തീരുകയായിരുന്നു അച്ഛനും അമ്മയും. 

മാർച്ച് 27 -നാണ് വോൾവർഹാംപ്ടൺ ക്രൗൺ കോടതി വാദം കേട്ടത്. ഇയാൾ നിരന്തരം പണത്തിന് വേണ്ടി തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയായിരുന്നു. അതിന് വേണ്ടി ഒരു ദിവസം പത്ത് തവണ വരെ ഇയാൾ തന്റെ മാതാപിതാക്കളെ വിളിക്കുമായിരുന്നു. വിളിച്ചിട്ട് ഫോൺ എടുത്തില്ല എങ്കിൽ നേരെ മാതാപിതാക്കളെ കാണാനായി അവരുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്യുമായിരുന്നു ഇയാൾ. 

ശിക്ഷ വിധിക്കുന്ന സമയത്ത് ജഡ്ജി ജോൺ ബട്ടർഫീൽഡ് ഇയാൾ തന്റെ മാതാപിതാക്കളുടെ ജീവിതം ദുരിതപൂർണമാക്കി എന്ന് അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന് പണം കണ്ടെത്തുന്നതിന് വേണ്ടി ഒരു ദയയും ഇല്ലാതെയാണ് ഇയാൾ അവരെ ശല്യം ചെയ്തത് എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. 

2009 ലും 2013 -ലും ഇയാൾക്ക് മാതാപിതാക്കളെ കാണുന്നതിന് വിലക്ക് ഉണ്ടായിരുന്നു. മാതാപിതാക്കളെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ, ഇയാൾ അവരെ ബുദ്ധിമുട്ടിക്കുന്നത് തുടർന്നു കൊണ്ടേയിരിക്കുകയായിരുന്നു. വോൾവർഹാംപ്ടണിലെ ബിൽസ്റ്റണിലുള്ള അവരുടെ വീട്ടിൽ പട്ടേൽ മൂന്ന് തവണ കൂടി ഓർഡർ ലംഘിച്ചു ചെന്നുവെന്നും അവർ 28 പൗണ്ട് കൈമാറുന്നതുവരെ അവരെ ബുദ്ധിമുട്ടിച്ചു എന്നും പ്രോസിക്യൂട്ടർ സാറ അലൻ പറഞ്ഞു.

പട്ടേലിന് കൊടുക്കാൻ കാശില്ലാത്തതിനെ തുടർന്നാണ് അയാളുടെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിക്കാൻ തീരുമാനിക്കുന്നത്. നിലവിൽ കാർഡിഫിലെ ജയിലിലാണ് ഇയാൾ. 

click me!