Twin elephants : അപൂർവം, കെനിയയിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു

By Web TeamFirst Published Jan 22, 2022, 10:55 AM IST
Highlights

റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിക്കവേ, ചാരിറ്റി സ്ഥാപകൻ ഡോ. ഇയിൻ ഡഗ്ലസ്-ഹാമിൽട്ടൺ, 15 വർഷം മുമ്പ് ജനിച്ച ഇരട്ടകൾ ജനിച്ച് അധികനാൾ ജീവിച്ചില്ല എന്നും അതിനാല്‍ ഇത് ആനക്കുട്ടികളുടെ നിർണായക സമയമാണെന്നും പറയുന്നു.

ഇരട്ട ആനക്കുട്ടികള്‍(Twin elephants) പിറക്കുക എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ കെനിയയിലെ നാഷണല്‍ റിസര്‍വില്‍ അങ്ങനെ രണ്ട് ആനക്കുട്ടികള്‍ പിറന്നിരിക്കുകയാണ്. വാരാന്ത്യത്തിൽ സാംബുരു റിസർവി(Samburu reserve)ൽ സഫാരിക്ക് പോയ ടൂർ ഗൈഡുകളാണ് ഇരട്ടകളായ ആണ്‍ ആനക്കുട്ടിയേയും പെണ്‍ ആനക്കുട്ടിയേയും കണ്ടത്. 

പ്രാദേശിക കൺസർവേഷൻ ചാരിറ്റിയായ 'സേവ് ദ എലിഫന്റ്സി'ന്‍റെ കണക്കിലെ രണ്ടാമത്തെ ഇരട്ട ആനക്കുട്ടികളാണ് ഇവ. ചാരിറ്റി പറയുന്നത് ഇങ്ങനെ ആനകളില്‍ ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണ് എന്നാണ്. ഇത്തരത്തിലുള്ള അവസാനത്തെ അറിയപ്പെടുന്ന ഒരു ജനനമുണ്ടായത് 2006 -ലാണ് എന്നും ചാരിറ്റി പറയുന്നു. 

റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിക്കവേ, ചാരിറ്റി സ്ഥാപകൻ ഡോ. ഇയിൻ ഡഗ്ലസ്-ഹാമിൽട്ടൺ, 15 വർഷം മുമ്പ് ജനിച്ച ഇരട്ടകൾ ജനിച്ച് അധികനാൾ ജീവിച്ചില്ല എന്നും അതിനാല്‍ ഇത് ആനക്കുട്ടികളുടെ നിർണായക സമയമാണെന്നും പറയുന്നു. മിക്കവാറും അമ്മയില്‍ രണ്ട് ആനക്കുട്ടികളെ പോറ്റാനാവശ്യമായ പാല്‍ കാണില്ല. അതിനാലാണ് അതിജീവനം ബുദ്ധിമുട്ടാകുന്നത് എന്നും അദ്ദേഹം പറയുന്നു. 

ഏതൊരു സസ്തനിയിലും ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആഫ്രിക്കൻ ആനകളിലാണ്. ഏകദേശം 22 മാസത്തോളം അവർ കുഞ്ഞുങ്ങളെ വഹിക്കുന്നു. ഓരോ നാല് വർഷത്തിലും അവ പ്രസവിക്കുന്നു. ആനക്കൊമ്പ് വ്യാപാരവും സുപ്രധാന ആവാസവ്യവസ്ഥയുടെ നഷ്ടവുമെല്ലാം ആനകളെ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നാച്ച്വറിന്‍റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണമായി. എന്നിരുന്നാലും, കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച രാജ്യത്തെ ആദ്യത്തെ വന്യജീവി സെൻസസ് പ്രകാരം കെനിയയിൽ സമീപ വർഷങ്ങളിൽ ആനകളുടെ എണ്ണം വർദ്ധിച്ചതായി കാണുന്നു. 

ശ്രീലങ്കയില്‍ കഴിഞ്ഞ വർഷം ഇതുപോലെ ഇരട്ട ആനക്കുട്ടികൾ ഒറ്റപ്രസവത്തിലുണ്ടായത് വാർത്തയായിരുന്നു. കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വൈറലായി. 'പിനവാളാ എലിഫന്റ് ഓര്‍ഫനേജ്'ലാണ് അന്ന് ഇരട്ട ആനക്കുട്ടികള്‍ പിറന്നത്. അതിന് മുമ്പ് ശ്രീലങ്കയിൽ അത്തരത്തിലൊരു ഇരട്ട ആനക്കുട്ടികൾ പിറന്നത് 80 വർഷം മുമ്പ് 1941 -ലായിരുന്നു. 
 

click me!