മരിച്ചുപോയ വിദേശിക്ക് പകരം രണ്ടര വര്‍ഷം ജയിലില്‍; നഷ്ടപരിഹാരം തേടി അസമീസ് വനിത

By Web TeamFirst Published Jun 28, 2019, 7:47 PM IST
Highlights

'ഞാനവരോട് പറഞ്ഞിരുന്നു ഞാന്‍ മധുബാല മണ്ഡല്‍ ആണെന്ന്. 1971 -ലെ വോട്ടേഴ്സ് ലിസ്റ്റില്‍ അച്ഛന്‍റെ പേരുള്ളതിന്‍റെ രേഖയും ഞാന്‍ കാണിച്ചുകൊടുത്തിരുന്നു. ആ രേഖകളൊന്നും ഇപ്പോ കാണിക്കുന്നതില്‍ യാതൊരര്‍ത്ഥവും ഇല്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്' 

ഗുവാഹത്തി: മധുബാല മണ്ഡല്‍ എന്ന 59 -കാരി രണ്ടര വര്‍ഷം അസ്സമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ കഴിഞ്ഞ ശേഷം തിരികെയെത്തി. നഷ്ടപ്പെട്ടുപോയ രണ്ടര വര്‍ഷത്തിനുതകുന്ന നഷ്ടപരിഹാരത്തുക നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മധുബാല മണ്ഡല്‍. ആളുമാറിയാണ് മധുബാലയെ 2016 നവംബറില്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. 'ഞാന്‍ എന്‍റെ എല്ലാ രേഖകളും കാണിച്ചു കൊടുത്തിരുന്നു. വിശദീകരിച്ചിരുന്നു. പക്ഷെ, അവരെന്നെ കേള്‍ക്കാന്‍ തയ്യാറായില്ല' എന്നാണ് മണ്ഡല്‍ പറയുന്നത്. 

2016 നവംബറിലാണ് മണ്ഡലിനെ ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നത്. രണ്ടര വര്‍ഷത്തെ തടങ്കലിന് ശേഷം ബുധനാഴ്ചയാണ് അവര്‍ തിരികെ വെസ്റ്റേണ്‍ അസ്സമിലെ ചിരാംഗ് ജില്ലയിലെ ബിഷ്ണുപൂരിലുള്ള വീട്ടിലെത്തുന്നത്. ആളുമാറിയാണ് മണ്ഡലിനെ ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയതെന്ന് വ്യക്തമാക്കിയ ശേഷമാണ് മണ്ഡല്‍ മോചിപ്പിക്കപ്പെടുന്നത്. ഫോറിനേഴ്സ് ട്രിബ്യൂണല്‍ നല്‍കിയ വിവരമനുസരിച്ച് വിദേശിയാണെന്ന് പറയപ്പെടുന്ന മധുമാല എന്ന സ്ത്രീയാണെന്ന് പറഞ്ഞാണ് മണ്ഡലിനെ കൊണ്ടുപോയി ഡിറ്റന്‍ഷന്‍ ക്യാമ്പിലാക്കിയത്. 

'ഞാനവരോട് പറഞ്ഞിരുന്നു ഞാന്‍ മധുബാല മണ്ഡല്‍ ആണെന്ന്. 1971 -ലെ വോട്ടേഴ്സ് ലിസ്റ്റില്‍ അച്ഛന്‍റെ പേരുള്ളതിന്‍റെ രേഖയും ഞാന്‍ കാണിച്ചുകൊടുത്തിരുന്നു. ആ രേഖകളൊന്നും ഇപ്പോ കാണിക്കുന്നതില്‍ യാതൊരര്‍ത്ഥവും ഇല്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്' എന്നും മണ്ഡല്‍ പറയുന്നു. മണ്ഡലിനെ കൊക്രജാർ ജയിലിൽ പ്രവർത്തിക്കുന്ന ഡിറ്റൻഷൻ ക്യാംപിലേക്കാണ് കൊണ്ടുപോയത്.

ചിരാംഗിലെ പൊലീസ് സൂപ്രണ്ട് സുധാകര്‍ സിങ് ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയത് മധുമല ദാസ് 15 വര്‍ഷം മുമ്പ് മരിച്ചുപോയി എന്നാണ്. ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുപോയ ഒരാള്‍ക്ക് പകരമാണ് മണ്ഡലിനെ തടവില്‍ പാര്‍പ്പിച്ചത്.  മണ്ഡലിന് ആകെയുള്ളത് സംസാരശേഷിയോ, കേള്‍വിശക്തിയോ ഇല്ലാത്ത ഒരു മകള്‍ മാത്രമാണ്. അവരുടെ കാര്യത്തില്‍ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. 

ഡിറ്റന്‍ഷന്‍ ക്യാമ്പിലെ അവസ്ഥയും വളരെ മോശമായിരുന്നുവെന്നും മണ്ഡല്‍ പറയുന്നു. 'മോശം അരിയാണ് വേവിച്ച് നല്‍കിയിരുന്നത്. പച്ചക്കറികളും മോശമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ വെറുതെ ഇരിക്കുകയായിരുന്നു അവിടെ'യെന്നും മണ്ഡല്‍ പറയുന്നു. 'അവസാനം ഞാന്‍ മധുമല ദാസ് അല്ലെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷെ, എന്‍റെ രണ്ടര വര്‍ഷമാണ് അവിടെ നഷ്ടപ്പെട്ടത്. അതിന് നഷ്ടപരിഹാരം സര്‍ക്കാര്‍ തരട്ടെ' എന്നും മണ്ഡല്‍ പറയുന്നു. 


 

click me!