
യാത്രാനിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഊബർ ഡ്രൈവർ തന്റെ സഹോദരിയെ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ ആരോപണം. ഡൽഹിയില്‍ നിന്നുള്ള അഭിഷേക് പാണ്ഡെ എന്ന യുവാവാണ് തന്റെ സഹോദരിക്കുണ്ടായ അനുഭവം ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്നത്. താരതമ്യേന സുരക്ഷിതമായിരിക്കും എന്ന് കരുതിയാണ് തന്റെ സഹോദരിക്ക് വേണ്ടി റൈഡ് ബുക്ക് ചെയ്തത്. എന്നാൽ, ആപ്പിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതൽ പണം ഡ്രൈവർ ആവശ്യപ്പെട്ടു. ഇത് സഹോദരിയും ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചു, പിന്നാലെ ഡ്രൈവർ ഭീഷണിപ്പെടുത്തി എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
ഊബർ ഡ്രൈവർ തന്റെ സഹോദരിയെ ഭീഷണിപ്പെടുത്തി. 'ഇതിന്റെ പരിണിതഫലം എന്തായിരിക്കും എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ല. പെൺകുട്ടികളെ എങ്ങനെ യാത്ര ചെയ്യണമെന്ന് താൻ പഠിപ്പിക്കും' എന്നെല്ലാം ഊബർ ഡ്രൈവർ തന്റെ സഹോദരിയോട് പറഞ്ഞു എന്നും യുവാവ് തന്റെ പോസ്റ്റിൽ ആരോപിക്കുന്നു. ഈ സംഭവം യുവതിയെ പേടിപ്പിച്ചു. അവൾ സഹോദരനെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയും മറ്റൊരു റൈഡ് എടുത്ത് അവിടെ നിന്നും പോവുകയും ആയിരുന്നു.
''കൂടുതൽ പണം ആവശ്യപ്പെടുക മാത്രമല്ല ഡ്രൈവർ ചെയ്തത്. അത് കൊടുക്കാൻ തയ്യാറാവാതെ വന്നപ്പോൾ അവളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. 'എന്റെ ഐഡി ഡീആക്ടിവേറ്റാക്കിയാലും എനിക്ക് പ്രശ്നമില്ല, പെൺകുട്ടികൾ എങ്ങനെ യാത്ര ചെയ്യണമെന്ന് ഞാൻ പഠിപ്പിക്കും' എന്നാണവൻ പറഞ്ഞത്. അവൾ തനിച്ചായിരുന്നു. പേടിച്ചിരുന്നു. ഇത്തരം സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള എമർജൻസി നമ്പറോ ഒന്നും ഊബർ നൽകിയില്ല'' എന്നും പാണ്ഡേയുടെ പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവാവ് പറഞ്ഞത് സത്യമാണ് എന്നും ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ട് എന്നും അനേകങ്ങളാണ് കമന്റ് നൽകിയത്.