
51 -മത്തെ വയസില്‍ യുകെ ഓൾഡ്ഹാമിലെ വീട്ടില്‍ മരിക്കുമ്പോഴും അവരുടെ ആഗ്രഹം ഒരു തവണയെങ്കിലും ലോകം ഒന്ന് ചുറ്റി കാണണമെന്നായിരുന്നു. പക്ഷേ, യാത്രകൾ പോകണമെന്ന വലിയ ആഗ്രഹം ഉള്ളിലൊതുക്കി അവര്‍ മക്കളെ വളര്‍ത്തി. അവര്‍ വലുതായപ്പോഴേക്കും ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി വിട വാങ്ങി. ജീവിച്ചിരിക്കുമ്പോൾ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാതെ പോയ മകൾ. മരണാനന്തരം അമ്മയുടെ ആഗ്രഹം സാധിച്ചു. അമ്മയുടെ ഭൗതികാവശിഷ്ടം ഒരു കുപ്പിയിലാക്കി അവൾ കടലിലൊഴുക്കി. ഒപ്പം ഒരു കുറിപ്പും വച്ചു. 'ഇതെന്‍റെ അമ്മയാണ്. കിട്ടിയാല്‍ കടലിലേക്ക് വലിച്ചെറിയുക അമ്മ ലോക സഞ്ചാരത്തിലാണ്.'
ഓഡ്ഹാം സ്വദേശിനിയായ വെന്‍ഡി ചാന്‍ഡ്വിക് അഞ്ച് കുട്ടികളുടെ അമ്മയായിരുന്നു. തന്‍റെ അഞ്ച് കുട്ടികളെയും അവരൊറ്റയ്ക്ക് തന്നെയാണ് വളര്‍ത്തി വലുത്താക്കിയത്. ഓരോ തവണ കുട്ടികൾ ജനിക്കുമ്പോഴും അവര്‍ ഓരോരോ തിരക്കുകളിലേക്ക് പോയി. പ്രസവവും കുട്ടികളുടെ പരിചരണവും ഒഴിച്ച് ജീവിതത്തിലൊരു ഇടവേളയെടുക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ല. ജീവിതത്തിന്‍റെ തിരക്കുകളില്‍ അവര്‍ സ്വയം മറന്നു. എല്ലാം സ്വന്തം മക്കൾക്ക് വേണ്ടി. ഒപ്പം ഉള്ളിന്‍റെയുള്ളില്‍ യാത്രകൾ പോകണമെന്ന സ്വപ്നം അവര്‍ ഒതുക്കി വച്ചു.
വെന്‍ഡിയുടെ മകളാണ് 24 -കാരിയായ കാര മെലിയ. കഴിഞ്ഞ ദിവസം കാര തന്‍റെ അമ്മ വെന്‍ഡി ചാന്‍ഡ്വികിന്‍റെ ഭൗതികാവശിഷ്ടം ഒരു കുപ്പിയിലാക്കി സ്കെഗ്‌നെസ് ബീച്ചില്‍ ഒഴുക്കി. അമ്മ എവിടെ ചെന്നെത്തുമെന്ന് നോക്കാമെന്ന് അവൾ കരുതി. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ യാത്രകൾ പോകാന്‍ പറ്റാതിരുന്ന വെന്‍ഡിയുടെ ചിതാഭാസ്മം 12 മണിക്കൂറുകൾക്ക് ശേഷം അതേ തീരത്ത് തന്നെ വന്നടിഞ്ഞു.
പിന്നാലെ, കെല്ലി ഷെരിഡാൻ എന്നയാളുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് വൈലായി. 'ഓൾഡ്ഹാമിലെ കാരയെ കണ്ടെത്തും വരെ എല്ലാവരും ഈ കുറിപ്പ് വ്യാപകമായി പങ്കുവയ്ക്കണം. അവളെ ഞങ്ങൾ ഇന്ന് രാവിലെ ബട്ലിന്‍സിലെ സ്കെഗ്‌നെസ് ബീച്ചില്‍ വച്ച് കണ്ടിരുന്നു. അവളുടെ ആവശ്യമനുസരിച്ച് അമ്മയെ കടലിലേക്ക് തന്നെ വലിച്ചെറിഞ്ഞിട്ടുണ്ട്. സന്തോഷ യാത്ര, കാരയുടെ അമ്മേ' കെല്ലി ഷെരിഡാൻറെ കുറിപ്പ് വൈറലായി. ബിബിസി കാരയെ കണ്ടു. സംസാരിച്ചു. 'എന്‍റെ അമ്മയ്ക്ക് ഒരിക്കലും യാത്ര പോകാന്‍ അവസരം കിട്ടിയിട്ടില്ല. ജീവിതം സംഭവിക്കുന്നു. അവളെ ആരും വീണ്ടും ഇവിടെ കണ്ടെത്തുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ബാർബഡോസിന്‍റെയോ സ്പെയിനന്‍റെയോ കടല്‍ത്തീരങ്ങളില്‍ അവളെത്തുമെന്നായിരുന്നു കരുതിയത്. എന്തായാലും നന്ദി. ആ കുറിപ്പിലൂടെ എന്‍റെ അമ്മ ലോകം മുഴുവനും ഇപ്പോൾ സഞ്ചരിക്കുകയാണ്.' കാര പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അമ്മ മരിച്ചതെന്നും കാര കൂട്ടിച്ചേര്‍ത്തു.