കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ 17-കാരൻ അനസ്തേഷ്യയിൽ നിന്ന് ഉണർന്നപ്പോൾ മാതൃഭാഷയായ ഡച്ചിന് പകരം ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. ഡോക്ടര്‍മാരും നഴ്സുമാരും അന്തംവിട്ടു. ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ…

ശസ്ത്രക്രിയ കഴിഞ്ഞാൽ ആരെങ്കിലും തങ്ങളുടെ മാതൃഭാഷയ്ക്ക് പകരം മറ്റൊരു ഭാഷ സംസാരിക്കുമോ? അത്തരത്തിൽ അപൂർവമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങ് നെതർലാൻഡ്‌സിലാണ്. 17 വയസ്സുള്ള ആൺകുട്ടിയാണ് കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഉണർന്നപ്പോൾ മാതൃഭാഷയായ ഡച്ച് സംസാരിക്കുന്നതിന് പകരം സ്കൂളിലെ പഠനത്തിന്റെ ഭാ​ഗമായി മാത്രം സാധാരണയായി ഉപയോഗിക്കാറുള്ള ഇംഗ്ലീഷ് ഭാഷയിൽ സംസാരിച്ച് തുടങ്ങിയത്.

ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. തുടർന്ന് കാൽമുട്ട് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാൽ, ജനറൽ അനസ്തേഷ്യയിൽ നിന്ന് ഉണർന്നപ്പോൾ, 17 -കാരൻ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുകയും താൻ അമേരിക്കയിലാണെന്ന് ആവർത്തിച്ച് പറയുകയും ചെയ്യുകയായിരുന്നു. മാത്രമല്ല, അവന് തന്റെ മാതാപിതാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല, സ്വന്തം ഭാഷയായ ഡച്ച് സംസാരിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച്, അമ്മയുടെ ഭാഗത്തുനിന്നുള്ള വിഷാദരോഗം അല്ലാതെ കുടുംബത്തിൽ ആർക്കും മറ്റ് മാനസികമായ ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടുമില്ല. ആദ്യമൊക്കെ നഴ്‌സുമാർ കരുതിയത് ഇത് പെട്ടെന്ന് മാറുമെന്നാണ്. എന്നാൽ, മാറിയില്ല.

ഒടുവിൽ സൈക്യാട്രി ഡോക്ടറെ കാണിച്ചു. കുറേനേരം സംസാരിച്ചപ്പോൾ കുറച്ച് ഡച്ചൊക്കെ അവൻ പറഞ്ഞെങ്കിലും നല്ല ബുദ്ധിമുട്ടിയാണ് അത് പറഞ്ഞത്. പിന്നീട് ഡോക്ടർമാർ ഇത് അപൂർവമായ ഒരു അവസ്ഥയാണ് എന്ന് കണ്ടെത്തുകയായിരുന്നു. അധികമൊന്നും അറിയപ്പെടാത്ത ഫോറിൻ ലാം​ഗ്വേജ് സിൻഡ്രോം (Foreign Language Syndrome) എന്ന അവസ്ഥയാണത്രെ ഇത്. ഒരാൾക്ക് താൻ മുമ്പ് ഒട്ടും പഠിച്ചിട്ടില്ലാത്ത അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത ഒരു വിദേശഭാഷ വരെ പെട്ടെന്ന് സംസാരിക്കാൻ കഴിയുന്ന അവസ്ഥയെയാണിത് സൂചിപ്പിക്കുന്നത്.

18 മണിക്കൂർ കഴിഞ്ഞിട്ടും 17 -കാരന്റെ അവസ്ഥയിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഒടുവിൽ, പിറ്റേദിവസം അവന്റെ കൂട്ടുകാർ അവനെ കാണാനായി വന്നപ്പോഴാണ് അവൻ പെട്ടെന്ന് ഡച്ച് മനസിലാക്കാനും സംസാരിക്കാനും തുടങ്ങിയതത്രെ.