ഡൽഹിയിൽ ഉയർന്ന റേറ്റിംഗുള്ള ഒരു ഊബർ ഡ്രൈവറിൽ നിന്ന് തനിക്കുണ്ടായ ഭയാനകമായ അനുഭവം പങ്കുവച്ച് യുവാവ്. മരിക്കാതെ ഇറങ്ങാനായത് ഭാഗ്യമായിട്ടാണ് യുവാവ് കാണുന്നത്. റെഡ്ഡിറ്റിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സർവീസിന് നല്ല റേറ്റിംഗ് ഉള്ള ഊബർ ഡ്രൈവർമാരെ പലർക്കും വിശ്വാസമാണ്. എന്നാൽ, അങ്ങനെ ഒരു ഡ്രൈവറിൽ നിന്നും തനിക്കുണ്ടായ അനുഭവം വളരെ മോശമാണ് എന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. റെഡ്ഡിറ്റിലാണ് കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. മരിക്കാത്തത് ഭാഗ്യം എന്നാണ് ഈ റൈഡിനെ കുറിച്ച് യുവാവിന് പറയാനുള്ളത്. അത്രയേറെ കഷ്ടമായിരുന്നത്രെ ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം. അമിതവേഗത, റൂട്ട് മാറ്റൽ തുടങ്ങി പല കാരണങ്ങളും യുവാവ് പോസ്റ്റിൽ പറയുന്നുണ്ട്.
'ഇന്ന് ഡൽഹിയിൽ ഒരു ഈബർ ഡ്രൈവറിൽ നിന്ന് എനിക്ക് ശരിക്കും ഭയാനകമായ ഒരു അനുഭവം ഉണ്ടായി, മറ്റുള്ളവർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ' എന്നാണ് യുവാവ് ചോദിക്കുന്നത്. പിക്കപ്പിന്റെ സമയം മുതലേ യുവാവിന് മോശം അനുഭവമാണ്. രണ്ട് മിനിറ്റേ ഉള്ളൂ എന്ന് ആപ്പിൽ കാണിച്ചെങ്കിലും കാർ വരാൻ അഞ്ച് മിനിറ്റെടുത്തു. ചോദിച്ചപ്പോൾ, തന്റെ ആപ്പിൽ അഞ്ച് മിനിറ്റ് എന്നാണ് കാണിച്ചതെന്നായിരുന്നു ഡ്രൈവറുടെ മറുപടി. റോഡിന്റെ തൊട്ടപ്പുറത്ത് വണ്ടി ഉണ്ടായിരുന്നുവെന്നും ഒരു യു-ടേൺ എടുത്താൽ മാത്രം മതിയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞത്രെ. അത് തന്നെ അസ്വസ്ഥനാക്കിയെങ്കിലും റൈഡ് തുടരുകയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
യാത്ര പകുതിയായപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളായി. ഡ്രൈവറുടെ ഊബർ ആപ്പ് പ്രവർത്തിച്ചിരുന്ന ഫോണിന്റെ ചാർജ് തീർന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് പകരം, തന്റെ പക്കലുള്ള മറ്റൊരു ഫോണിലെ ഗൂഗിൾ മാപ്‌സിൽ ലക്ഷ്യസ്ഥാനം ടൈപ്പ് ചെയ്ത് നൽകാൻ ഡ്രൈവർ യാത്രക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കിത് വലിയ അസ്വസ്ഥതയുണ്ടാക്കി. കാരണം പിന്നീട് അവിടെ ഊബർ വഴിയുള്ള നാവിഗേഷനോ ട്രാക്കിംഗോ ഉണ്ടായിരുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു.
അതിവേഗതയിൽ വാഹനം ഓടിച്ചതിനെ കുറിച്ചും, നിയമങ്ങൾ ലംഘിച്ചതിനെ കുറിച്ചും യുവാവ് പറയുന്നു. ഇതൊന്നും പോരാതെ വേറെ ഏതൊക്കെയോ വഴിയിലൂടെ ഡ്രൈവർ വണ്ടിയോടിച്ചു. ചോദിച്ചപ്പോൾ തന്റെ ആപ്പിൽ ഈ വഴിയാണ് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഒടുവിൽ, സുരക്ഷിതമല്ലെന്ന് തോന്നിയതിന് പിന്നാലെ താൻ പാതിവഴിയിലിറങ്ങി എന്നും യുവാവ് പറയുന്നു. എന്നാൽ, ഇതിനേക്കാളൊക്കെ യുവാവിനെ ഞെട്ടിച്ചത് നല്ല റേറ്റിംഗുള്ള ഡ്രൈവറായിട്ടാണ് ഊബർ ആപ്പിൽ ഇയാളെ കാണുന്നത് എന്നതാണ്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് അനേകങ്ങളാണ് കമന്റ് നൽകിയത്.
