
തെക്കന്‍ യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡേസയിലാണ് ആ യുവാവ് താമസിക്കുന്നത് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഒന്ന് കടയില്‍ പോയതാണ് അയാള്‍. പോയി വരുമ്പോേഴക്കും റഷ്യന്‍ മിസൈലുകള്‍ അയാളുടെ അപ്പാര്‍ട്‌മെന്റ് തകര്‍ത്തിരുന്നു. ഭാര്യയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അമ്മായിയമ്മയും കൊല്ലപ്പെട്ടു കിടക്കുകയായിരുന്നു.
ഒഡേസയില്‍ താമസിക്കുന്ന യൂറി ഗ്ലോഡനാണ് തന്റെ വേദന ബിബിസിയുമായി പങ്കിട്ടത്. കുടുംബത്തെ വീട്ടിലാക്കി യൂറി ഗ്ലോഡന്‍ കടയില്‍ പോയതായിരുന്നു. അപ്പോഴാണ് ഫ്‌ലാറ്റിന്റെ പരിസരത്ത് ഒരു മിസൈല്‍ ആക്രമണം ഉണ്ടായതായി അറിയുന്നത്. ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തകര്‍ന്നടിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ ഭാര്യ വലേറിയയുടെയും അവളുടെ അമ്മയുടെയും മൃതദേഹമാണ് അദ്ദേഹം കണ്ടത്. അല്‍പ്പനേരത്തെ തെരച്ചില്‍ കഴിഞ്ഞപ്പോള്‍ മൂന്ന് മാസം പ്രായമുള്ള കിരയുടെ മൃതദേഹവും അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തി.
ഫോട്ടോ ആല്‍ബങ്ങള്‍, ഭാര്യയുടെ സാധനങ്ങള്‍, എഴുത്തുകള്‍ എല്ലാം ചിതറിക്കിടക്കുകയായിരുന്നു അവിടെ. തന്റെ കുഞ്ഞിന്റെ സ്ട്രോളര്‍ കഷണങ്ങളായി ചിതറികിടക്കുന്നത് വേദനയോടെ അദ്ദേഹം നോക്കി നിന്നു. 'ഒറ്റ നിമിഷത്തില്‍ ഞാന്‍ അനാഥനായി തീര്‍ന്നു'- യൂറി ഗ്ലോഡന്‍ പറയുന്നു.
ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു യൂറി ഗ്ലോഡന്‍ വലേറിയയെ വിവാഹം ചെയ്തത്. 'അവള്‍ക്ക് എല്ലാത്തിലും സന്തോഷം കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ആളുകളെ മനസ്സിലാക്കാനും, ആശയവിനിമയം നടത്താനും അവള്‍ക്ക് പ്രത്യേക കഴിവായിരുന്നു. അവള്‍ ഒരു മികച്ച എഴുത്തുകാരിയും, അമ്മയും, സുഹൃത്തുമായിരുന്നു. എല്ലാ ഗുണങ്ങളും തികഞ്ഞവള്‍. വലേറിയയെപ്പോലെ ഇനിയൊരാളുണ്ടാകില്ല. അത്തരമൊരു വ്യക്തിയെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ നിങ്ങള്‍ക്ക് ലഭിക്കൂ, അത് ദൈവത്തിന്റെ സമ്മാനമാണ്'-ഭാര്യയെക്കുറിച്ച് വിതുമ്പലോടെ അദ്ദേഹം പറഞ്ഞു.
അവരുടെ ജീവിതത്തിലേയ്ക്ക് മകള്‍ കിര കടന്ന് വന്നത് കഴിഞ്ഞ ജനുവരിയിലാണ്. അപ്പോഴേക്കും യുദ്ധം ആരംഭിച്ചിരുന്നു. മകളുടെ വരവില്‍ ഇരുവരും അതിരറ്റ് സന്തോഷിച്ചു. ജീവിതത്തില്‍ പുതിയൊരു ലക്ഷ്യബോധവും, പ്രതീക്ഷയും കൈവന്ന നാളുകളായിരുന്നു അത്.
'അവള്‍ ജനിച്ചപ്പോള്‍ ഞങ്ങള്‍ വലിയ സന്തോഷത്തിലായിരുന്നു. ജനന സമയത്ത് ഞാന്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ മകളും ഭാര്യയും എന്നോടൊപ്പമില്ലെന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് സഹിക്കുന്നില്ല. ഇന്നലെ വ ്രെസുന്ദരമായിരുന്നു എന്റെ ലോകം, യുദ്ധം ഇന്നത് തകര്‍ത്തു'-കരച്ചിലടക്കി അദ്ദേഹം പറഞ്ഞു.
ഫോണിലെ മകളുടെ ഫോട്ടോകള്‍ അദ്ദേഹം ഒരു നിധി പോലെ കാത്ത് സൂക്ഷിക്കുന്നു. ഫ്‌ലാറ്റില്‍ നിന്ന് കണ്ടെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ മകളുടെ ഉപയോഗിക്കാത്ത കുറച്ച് നാപ്കിനുകളും ഉണ്ടായിരുന്നു. അത് അദ്ദേഹം ആവശ്യമുള്ള മറ്റാര്‍ക്കെങ്കിലും നല്കാന്‍ ആഗ്രഹിച്ചു. ബാക്കിയുള്ള സാധനങ്ങള്‍ അവരുടെ പ്രിയപ്പെട്ട ഓര്‍മ്മകളായി സൂക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു.
റഷ്യ എന്താണ് ചെയ്യുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി യൂറി ഗ്ലോഡന്‍ പറഞ്ഞു.
അവരെ കൂടാതെ, ആ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് സെലെന്‍സ്‌കി തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ കിരയെ പരാമര്‍ശിക്കുകയുണ്ടായി. അവള്‍ എങ്ങനെയാണ് റഷ്യയ്ക്ക് ഭീഷണിയായതെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളെ കൊല്ലുന്നത് റഷ്യന്‍ ഫെഡറേഷന്റെ ഒരു പുതിയ ദേശീയ ആശയമായിരിക്കാമെന്നും സെലെന്‍സ്‌കി അന്ന് പറഞ്ഞിരുന്നു.