
വീട്ടുവാടകയും ജീവിതച്ചെലവും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുമ്പോൾ, വേറിട്ട ഒരു മാർഗത്തിലൂടെ സാമ്പത്തിക ഭദ്രത കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഈ ദമ്പതികൾ. ഫ്ലോറിഡയിലെ പെൻസക്കോളയിലുള്ള മൂന്ന് കിടപ്പുമുറികളുള്ള വീട് ഉപേക്ഷിച്ച് ഒരു ചെറിയ ഹോട്ടൽ മുറിയിലേക്ക് താമസം മാറിയ മിരാൻഡ ബോവേഴ്സും ഭർത്താവ് ജോണുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
2023 -ൽ ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിൽ ജോണിന്റെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് ഇവരുടെ ജീവിതം മാറിമറിഞ്ഞത്. കുടുംബത്തിലെ പ്രധാന വരുമാനം നിന്നതോടെ പ്രതിമാസം 2,300 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) വാടക നൽകി വീട്ടിൽ കഴിയുന്നത് അസാധ്യമായി. ഇതോടെയാണ് മിരാൻഡയും ജോണും ഹോട്ടൽ ജീവിതം എന്ന പരീക്ഷണം തിരഞ്ഞെടുത്തത്.
നിലവിൽ ആഴ്ചയിൽ 307 ഡോളർ (ഏകദേശം 28,000 രൂപ) മാത്രമാണ് ഇവർ താമസത്തിനായി ചെലവിടുന്നത്. ഇതിൽ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, പാർക്കിംഗ്, വേസ്റ്റ് സർവീസ് തുടങ്ങിയ എല്ലാ ബില്ലുകളും ഉൾപ്പെടുന്നു. 'വാടകയ്ക്കായി ആയിരക്കണക്കിന് ഡോളർ കണ്ടെത്തുകയോ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുകയോ വേണ്ട എന്നതാണ് ഹോട്ടൽ ജീവിതത്തിലെ ഏറ്റവും വലിയ മെച്ചം' എന്നും മിരാൻഡ പറയുന്നു. ഈ മാറ്റത്തിലൂടെ പ്രതിമാസം 1,000 ഡോളറോളം (ഏകദേശം 94,000 രൂപ) ലാഭിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. വർഷത്തിൽ ഏകദേശം 11 ലക്ഷത്തോളം രൂപയാണ് ഇവർ ഇത്തരത്തിൽ സമ്പാദ്യമായി മാറ്റിവെക്കുന്നത്.
ഹോട്ടൽ മുറി ചെറുതാണെങ്കിലും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവർ അവിടെ ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ മുറിക്കുള്ളിലെ ചെറിയ അടുക്കളയിൽ തന്നെയാണ് മിരാൻഡ പാചകം ചെയ്യുന്നത്. മുറിക്കുള്ളിൽ പ്രത്യേക പാർട്ടീഷനുകൾ നൽകി ലിവിംഗ് ഏരിയയും ബെഡ്‌റൂമും വേർതിരിച്ച് ഒരു വീടിന്റെ അന്തരീക്ഷം കൊണ്ടുവരാനും ഇവർക്ക് കഴിഞ്ഞു.
വലിയ വീടുകൾക്ക് പുറകെ പോയി കടക്കെണിയിലാകുന്നതിനേക്കാൾ ലളിതമായ ജീവിതമാണ് നല്ലതെന്ന് ഈ ദമ്പതികൾ വിശ്വസിക്കുന്നു. ഹോട്ടൽ ജീവിതത്തിലൂടെ ലാഭിക്കുന്ന തുക ഉപയോഗിച്ച് സ്വന്തമായി ഒരേക്കർ ഭൂമി വാങ്ങണമെന്നും അവിടെ ഒരു ചെറിയ വീട് നിർമ്മിക്കണമെന്നുമാണ് മിരാൻഡയുടെയും ജോണിന്റെയും സ്വപ്നം. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ പ്രതിസന്ധികളെയും അവസരങ്ങളാക്കി മാറ്റാം എന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ.