ലേഡീസ് ഹോസ്റ്റലില്‍ അസാധാരണ സംഭവങ്ങള്‍, പ്രേതഭയം മൂത്ത് പെണ്‍കുട്ടികള്‍ സ്ഥലംവിട്ടു

By Web TeamFirst Published Oct 7, 2022, 6:45 PM IST
Highlights

കോളേജ് ഹോസ്റ്റലിൽ ബൾബുകൾ താനെ അണയുന്നു, ജനൽ പാളികൾ വിറയ്ക്കുന്നു,ഭിത്തികളിൽ നിഴൽ രൂപങ്ങൾ; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് പെൺകുട്ടികൾ

സത്യത്തില്‍ പ്രേതം എന്ന് ഒന്നുണ്ടോ? അറിയില്ല, ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉത്തര്‍പ്രദേശിലെ ഒരു പെണ്‍കുട്ടികളുടെ കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇതേ തുടര്‍ന്ന് ഭയചകിതരായ കുട്ടികള്‍ കൂട്ടത്തോടെ ഹോസ്റ്റല്‍ നിന്ന് രക്ഷപെട്ട് ഓടുകയാണ്.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ വീരംഗന ഝല്‍കാരി ബായ് ഗവണ്‍മെന്റ് ഗേള്‍സ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കാണ് കഴിഞ്ഞദിവസം ഭയാനകമായ അനുഭവമുണ്ടായത്. ഇതേ  തുടര്‍ന്ന് 63 ഓളം അന്തേവാസികള്‍ അവരുടെ മുറികള്‍ വിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കുട്ടികള്‍ പറയുന്നത് അനുസരിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഭയാനകമായ സംഭവങ്ങള്‍ ഹോസ്റ്റലില്‍ അരങ്ങേറിയത്. ഹോസ്റ്റലിന്റെ ഭിത്തിയില്‍ ഇടയ്ക്കിടെ നിഴല്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ ആരോ ശക്തമായി ഓടുന്ന ശബ്ദം കേട്ടു എന്നും കുട്ടികള്‍ പറയുന്നു. ഇതിനെല്ലാം പുറമേ ജനല്‍ പാളികള്‍ താനെ വിറയ്ക്കുന്നതായും ഹോസ്റ്റലിലേക്കുള്ള വൈദ്യുതി പ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരെത്തുടരെ ഉണ്ടായതായും ഇവര്‍ പറയുന്നു. ഹോസ്റ്റലില്‍ നിന്നും ഭയന്ന് വീടുകളിലേക്ക് മടങ്ങിയ കുട്ടികള്‍ കോളേജ് പ്രിന്‍സിപ്പല്‍ ജി എസ് യാദവിന് പരാതി നല്‍കിയിട്ടുണ്ട്. ഏതായാലും അത്ര വേഗത്തില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് കുട്ടികള്‍.

എന്നാല്‍ ഹോസ്റ്റലിനു സമീപത്ത് താമസിക്കുന്ന പ്രദേശവാസികളായ ചില ആണ്‍കുട്ടികള്‍ തങ്ങളുടെ ഹോസ്റ്റല്‍ കോമ്പൗണ്ടിനുള്ളില്‍ കടന്ന് തങ്ങളെ പേടിപ്പിക്കാന്‍ ചെയ്തു കൂട്ടുന്നതാണ് ഇതെല്ലാം എന്നാണ് ഹോസ്റ്റലില്‍ ഇപ്പോഴും താമസിക്കുന്ന മറ്റു ചില കുട്ടികള്‍ പറയുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒന്നുമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലത്താണ് ഈ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. സുരക്ഷാ ഗാര്‍ഡുകളോ സിസിടിവി ക്യാമറയോ ഹോസ്റ്റലില്‍ ഇല്ല . ഇതു മുതലെടുത്ത് പ്രദേശവാസികളായ ആണ്‍കുട്ടികള്‍ ഒപ്പിക്കുന്നതായിരിക്കാം ഇതെല്ലാം എന്നാണ് ചില കുട്ടികള്‍ പറയുന്നത്. ഏതായാലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!