പാന്റിനുള്ളില്‍ മൂന്നു പെരുമ്പാമ്പുകള്‍, കള്ളക്കടത്തുകാരന്‍ പിടിയില്‍

By Web TeamFirst Published Oct 7, 2022, 6:41 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. 


പലതരത്തിലുള്ള കള്ളക്കടത്തുകളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന പല വിദ്യകളും അറിയുമ്പോള്‍ നമുക്ക് പലപ്പോഴും അത്ഭുതം തോന്നുന്നതും സാധാരണമാണ്. എന്നാല്‍ യു എസില്‍ കഴിഞ്ഞദിവസം പിടിയിലായ ഒരു കള്ളക്കടത്തുകാരന്‍ പ്രയോഗിച്ച വിദ്യ കേട്ടാല്‍  അത്ഭുതമല്ല ഭയമായിരിക്കും തോന്നുക. കാരണം ആരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിലാണ് ഇയാള്‍ പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചത്. 

യുഎസ് കനേഡിയന്‍ ബോര്‍ഡര്‍ ക്രോസിംഗില്‍ പിടിയിലായ ഇയാള്‍ പെരുമ്പാമ്പുകളെ കടത്താന്‍ പ്രയോഗിച്ച വിദ്യ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഭയന്നുപോയി എന്നതാണ് സത്യം. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ഇയാള്‍  തന്റെ പാന്റിനുള്ളിലാണ് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ സൂക്ഷിച്ചത്.

കാല്‍വിന്‍ ബൗറ്റിസ്റ്റ എന്ന 36 -കാരനാണ് ഇത്തരത്തില്‍ അതിസാഹസികമായി പാമ്പുകളെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്.  മുമ്പും ഇയാള്‍ക്കെതിരെ പാമ്പു കടത്തിയതിന് കേസെടുത്തിട്ടുണ്ട്. 2018-ലായിരുന്നു അത്. അന്ന് ഒരു ബസ്സിനുള്ളിലാണ് ഇയാള്‍ പാമ്പുകളുമായി എത്തി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ബര്‍മീസ് പെരുമ്പാമ്പുകളുടെ ഇറക്കുമതി അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരം ഇവിടെ  നിയമവിരുദ്ധമാണ്. കൂടാതെ ഫെഡറല്‍ നിയമപ്രകാരം മനുഷ്യന് ഹാനികരമായവയുടെ കൂട്ടത്തിലാണ് പെരുമ്പാമ്പുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുഎസ് അറ്റോര്‍ണി കാര്‍ല ബി ഫ്രീഡ്മാന്റെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പനുസരിച്ച്, പിടിയിലായ ബൗറ്റിസ്റ്റയെ ചൊവ്വാഴ്ച അല്‍ബാനിയില്‍ ഫെഡറല്‍ കള്ളക്കടത്ത് കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു.

ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച് 20 വര്‍ഷം വരെ തടവും 250,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്തുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. അതിന്റെ ജന്മദേശമായ ഏഷ്യയില്‍ ഇവയെ ഇനമായി ആണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഫ്‌ലോറിഡയില്‍ ഇവയെ അധിനിവേശ ജനുസ്സായാണ് കണക്കാക്കുന്നത്.  പ്രാദേശിക ജനുസ്സുകള്‍ക്ക് ഭീഷണിയായാണ് ഇവയെ സര്‍ക്കാര്‍ കണക്കാക്കുന്നത്. 
 

click me!