അന്ന് അഞ്ചു രൂപയ്ക്ക് വസ്ത്രം തുന്നി, ഇന്ന് 5 ലക്ഷം രൂപ മാസവരുമാനമുള്ള ടെക് കമ്പനി ഉടമ!

Published : Apr 17, 2026, 11:27 AM IST
Durgesh Ojha

Synopsis

മധ്യപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ദുർഗേഷ് ഓജ, പ്രതിസന്ധികളെ അതിജീവിച്ച് 'ഹൈബ്രിഡ് ഇന്‍റർനെറ്റ്' എന്ന സ്ഥാപനം കെട്ടിപ്പടുത്തു. ഇന്ന് അദ്ദേഹത്തിന്‍റെ കമ്പനി, വയർലെസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലഡാക്ക്, അരുണാചൽ പ്രദേശ് തുടങ്ങിയ ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനം എത്തിക്കുന്നു.

 

ന്‍റർനെറ്റ് ലഭ്യത ദുർഗേഷ് ഓജ എന്ന വ്യക്തിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്ന്, തനിക്ക് ലഭിച്ച ആ അവസരം ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്ളവർക്കും ലഭ്യമാക്കാൻ കഠിനമായി പരിശ്രമിക്കുകയാണ് 36 -കാരനായ ഈ സംരംഭകൻ. മധ്യപ്രദേശിലെ ഗുണ എന്ന കൊച്ചു പട്ടണത്തിൽ ഒരു ആശാരിയുടെ മകനായി ജനിച്ച ഓജയ്ക്ക് പരിമിതമായ ജീവിത സാഹചര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ജന്മനാട്ടിൽ ഒരു കമ്പ്യൂട്ടർ പരിശീലന കേന്ദ്രം തുറന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്. അവിടെ നിന്ന് തുടങ്ങിയ യാത്ര ഇന്ന് 'ഹൈബ്രിഡ് ഇന്‍റർനെറ്റ്' (Hybrid Internet) എന്ന വിജയകരമായ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലെത്തി നിൽക്കുന്നു.

അതിജീവനത്തിനായി പല ജോലികൾ

കുട്ടിക്കാലം മുതൽക്കേ അതിജീവനത്തിനായി അദ്ദേഹം പല ജോലികൾ ചെയ്തിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, അയൽ വീട്ടിൽ ടിവി കാണാൻ പോകുമായിരുന്ന ഓജ, അവിടെ വെച്ച് തയ്യൽ ജോലികൾ പഠിച്ചു. പത്താം ക്ലാസായപ്പോഴേക്കും ഷർട്ടും പാന്‍റും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ തയ്ക്കാൻ അദ്ദേഹം പഠിച്ചിരുന്നു. കുടുംബത്തിന്‍റെ വരുമാനത്തിനായി വിവാഹ സീസണുകളിൽ മറ്റ് തയ്യൽക്കാരെ സഹായിക്കാനും അദ്ദേഹം പോയി. ഇതിനിടയിൽ ഫോട്ടോഗ്രാഫർമാരെ സഹായിച്ചും അദ്ദേഹം ചെറിയ വരുമാനം കണ്ടെത്തി.

കമ്പ്യൂട്ടിറിന്‍റെ അത്ഭുത ലോകത്ത് 

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്‍റെ ജ്യേഷ്ഠൻ വഴിയാണ് കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തെക്കുറിച്ച് ഓജ അറിയുന്നത്. അവിടെ ചേർന്ന അദ്ദേഹം കമ്പ്യൂട്ടർ ഓപ്പറേറ്റിംഗിന് പുറമെ ഹാർഡ്‌വെയറും റിപ്പയറിംഗും പഠിച്ചു. ഇതാണ് പിന്നീട് അദ്ദേഹത്തിന്‍റെ ആദ്യ ജോലിക്ക് വഴിയൊരുക്കിയത്. 2009-ൽ സുഹൃത്തുമായി ചേർന്ന് ഗുണയിൽ ഒരു സൈബർ കഫേയും കമ്പ്യൂട്ടർ റിപ്പയറിംഗ് ഷോപ്പും അദ്ദേഹം ആരംഭിച്ചു. ഇതിനായി കടം വാങ്ങിയാണ് മുതൽ മുടക്കിയത്. എന്നാൽ, സാമ്പത്തിക പ്രയാസങ്ങൾ കാരണം ഒരു വർഷത്തിനുള്ളിൽ ആ സംരംഭം പൂട്ടേണ്ടി വന്നു. കടം വീട്ടാൻ പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാൻ അദ്ദേഹം വീണ്ടും നിർബന്ധിതനായി.

വീണ്ടും നാട്ടിലേക്ക്, സ്വന്തം ബിസിനസ്

2010-ൽ അഹമ്മദാബാദിലെത്തിയ അദ്ദേഹം തന്‍റെ സാങ്കേതിക അറിവ് ഉപയോഗിച്ച് അവിടെ ജോലി കണ്ടെത്തി. അവിടുത്തെ വലിയ കമ്പനികളിൽ നിന്ന് ബിസിനസ് എങ്ങനെ നടത്തണമെന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു, പഠിച്ചു. വീണ്ടും സ്വന്തമായി ബിസിനസ് ചെയ്യണമെന്ന ആഗ്രഹത്തിൽ 2012 -ൽ അദ്ദേഹം തിരികെ ഗുണയിൽ എത്തിച്ചു. 'ഹൈബ്രിഡ് കമ്പ്യൂട്ടർ സൊല്യൂഷൻസ്' എന്ന പേരിൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സേവനങ്ങൾ അദ്ദേഹം ആരംഭിച്ചു. 2014 -ൽ വയർലെസ് ആയി ഇന്‍റർനെറ്റ് നൽകാൻ സാധിക്കുമെന്ന് അറിഞ്ഞതോടെയാണ് അദ്ദേഹം ഈ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചത്. 2015 ഏപ്രിലിൽ അദ്ദേഹം തന്‍റെ കമ്പനിയെ 'ഹൈബ്രിഡ് ഇന്‍റർനെറ്റ്' എന്ന് പുനർനാമകരണം ചെയ്തു.

വയർലെസ് ഇന്‍റർനെറ്റ്

"എയർടെൽ പോലെ ഒരു ഇന്‍റർനെറ്റ് സേവന ദാതാവാണ് ഞങ്ങളും. എന്നാൽ വയറുകളിലൂടെ മാത്രം ഇന്‍റർനെറ്റ് നൽകുന്നതിന് പകരം, വയർലെസ് സാങ്കേതിക വിദ്യയിലൂടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇന്‍റർനെറ്റ് എത്താത്ത വിദൂര പ്രദേശങ്ങളിൽ ഞങ്ങൾക്ക് സേവനം നൽകാൻ കഴിയുന്നത്," ഓജ വിശദീകരിക്കുന്നു. മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ്, ലഡാക്ക്, ജമ്മു കശ്മീർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് ഹൈബ്രിഡ് ഇന്‍റർനെറ്റിന്‍റെ സേവനം ലഭ്യമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിമാസം 3 മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നു. എന്നാൽ, സാമ്പത്തിക വിജയത്തേക്കാൾ ഉപരി, സാധാരണക്കാർക്ക് ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിലുള്ള ചാരിതാർത്ഥ്യമാണ് അദ്ദേഹത്തിനുള്ളത്. അരുണാചൽ പ്രദേശിലെ തവാങ്ങിലുള്ള അനാഥാലയത്തിൽ ഇന്‍റർനെറ്റ് സൗകര്യം എത്തിച്ചതും, ലഡാക്കിലെ 300 -ഓളം ആശുപത്രികളിൽ, അതിൽ 250 എണ്ണത്തിലും ആദ്യമായി ഇന്‍റർനെറ്റ് സൗകര്യം ഒരുക്കിയതും ഓജയുടെയും സംഘത്തിന്‍റെയും വലിയ നേട്ടങ്ങളാണ്. പ്രതികൂലമായ കാലാവസ്ഥയിലും അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിലും ഇന്‍റർനെറ്റ് എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും, താൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ഓജ ഏറെ സംതൃപ്തനാണ്.

PREV
Read more Articles on
click me!

Recommended Stories

ഐടി കമ്പനി, ജോലിക്കെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുന്നു: പക്ഷേ, എല്ലാം വ്യാജം, സൂക്ഷിക്കണമെന്ന് യുവാവ്
1.8 ലക്ഷം രൂപ സ്കോളർഷിപ്പ്, 60 ശതമാനവും വാടകയ്ക്ക്! യുകെ പഠനത്തിലെ സ്വപ്നവും യാഥാര്‍ത്ഥ്യവും, റിയൽ വാഴ 2 റഫറൻസ്