
അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് ഏകദേശം 40,000 പൗണ്ട് (18,144 കിലോഗ്രാം) ബിയർ മോഷണം പോയ സംഭവത്തിൽ പ്രതിഫലം പ്രഖ്യാപിച്ച് നിർമ്മാതാക്കളായ പാബ്സ്റ്റ് ബ്രൂയിങ് കമ്പനി. പാബ്സ്റ്റ് ബ്ലൂ റിബൺ (PBR) ഉൾപ്പെടെയുള്ള ബിയർ ശേഖരമാണ് മോഷണം പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ, മോഷ്ടിച്ച ബിയർ തിരികെ എത്തിക്കാൻ കമ്പനിയുടെ ഭാഗത്ത് നിന്നും രസകരമായ ചില നീക്കങ്ങളും അഭ്യർഥനയും പുറത്തുവന്നു.
ആഗസ്റ്റ് 17 -ന് കാലിഫോർണിയയിലെ മോൺട്‌ക്ലെയറിലുള്ള ആൻഹ്യൂസർ - ബുഷ് വിതരണ കേന്ദ്രത്തിൽ നിന്നാണ് രണ്ട് തവണയായി മോഷണം നടന്നത്. ആദ്യ സംഭവത്തിൽ ഏകദേശം 45,000 ഡോളർ (ഏകദേശം 42,70,000 രൂപയോളം) വിലവരുന്ന ബിയർ വിതരണത്തിനായി കൊണ്ടുപോയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം, വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു സബ്‌കോൺട്രാക്ടർ കമ്പനിയെന്ന വ്യാജേന എത്തിയ സംഘം 25,000 ഡോളർ (ഏകദേശം 23,70,000 രൂപയോളം) വിലവരുന്ന ആൻഹ്യൂസർ - ബുഷ്, പാബ്സ്റ്റ് ഉൽപ്പന്നങ്ങൾ കൈപ്പറ്റിയതായാണ് പൊലീസ് പറയുന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്. ഏകദേശം 40,000 പൗണ്ട് (ഏകദേശം 18,143 കിലോയോളം) പാബ്സ്റ്റ് ബിയറായിരുന്നു മോഷണം പോയത്. 1,500-ലേറെ കേസുകളിലായി ഏകദേശം 34,000 കാൻ ബിയറാണ് നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മൊത്തം മോഷ്ടിക്കപ്പെട്ട ചരക്കിന്‍റെ മൂല്യം ഏകദേശം 70,000 ഡോളറാണ് (ഏകദേശം 66,48,000 രൂപയോളം).
സംഭവം പുറത്തറിഞ്ഞതോടെ പാബ്സ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മോഷ്ടാവിനോട് ബിയർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ‘ചോദ്യങ്ങളൊന്നുമില്ലാതെ’ ചരക്ക് തിരികെ നൽകാൻ 18 ദിവസവും 44 മിനിറ്റും സമയപരിധിയും കമ്പനി പ്രഖ്യാപിക്കുകയും വിവരം നൽകുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് ‘ബിയർ ചൂടാകുന്നു, പക്ഷേ, അന്വേഷണം തണുക്കുന്നു’ എന്ന രീതിയിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും കമ്പനി സംഭവത്തോട് പ്രതികരിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഒരു ട്രക്ക് പോലും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും മറിച്ച് ചരക്ക് മാത്രമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഒപ്പം പ്രതികളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിക്കുന്നു.