
അമേരിക്കയിൽ ആറ് അക്ക ശമ്പളമുള്ള ഡാറ്റാ സയന്‍റിസ്റ്റ് ജോലി, മികച്ച ജീവിത സൗകര്യങ്ങൾ, ഏറെ പ്രതീക്ഷയോടെ നേടിയ എച്ച് 1 ബി വിസ — എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ യുവതിയുടെ തീരുമാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ദിഷ ലാംബ എന്ന മുൻ ഡാറ്റാ സയന്‍റിസ്റ്റാണ് അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് ഗുരുഗ്രാമിലെ മാതാപിതാക്കൾക്കൊപ്പം താമസിക്കാനായി ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്.
ഇന്ത്യയിൽ ജനിച്ച് വളർന്ന ദിഷ, അച്ഛന്‍റെ ആഗ്രഹ പ്രകാരമാണ് 2021 - ന്യൂയോർക്കിലെത്തി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് കോഴ്സിന് ചേരുന്നത്. അമേരിക്കയിലെ അഞ്ച് വർഷത്തെ ജീവിതം തന്നെ കൂടുതൽ ആത്മവിശ്വാസിയും സ്വതന്ത്രയുമായ വ്യക്തിയാക്കി മാറ്റിയെന്ന് അവർ അവകാശപ്പെട്ടു. 2024 -ൽ സിവിഎസിൽ ജോലി ലഭിക്കുകയും കമ്പനി എച്ച് 1 ബി വിസ സ്പോൺസർ ചെയ്യുകയും ചെയ്തു. 2026 മാർച്ചിൽ എച്ച് 1 ബി ലോട്ടറിയിൽ തെരഞ്ഞെടുക്കപ്പെട്ടെന്ന വിവരം ലഭിച്ചെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം ഇതിനോടകം താൻ എടുത്തിരുന്നെന്ന ദിഷ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജോലി, സാമൂഹിക ജീവിതം, ഉയർന്ന ശമ്പളം എന്നിവയിൽ സന്തോഷമുണ്ടായിരുന്നെങ്കിലും കുടുംബത്തിൽ നിന്നുള്ള അകലം തന്നെ ഏറെ അലട്ടിയിരുന്നെന്ന് ദിഷ പറയുന്നു. അമ്മയുമായി വീഡിയോ കോളുകൾ നടത്താൻ പോലും സമയ വ്യത്യാസം കണക്കിലെടുക്കേണ്ടി വന്നു. കുടുംബത്തോടൊപ്പം കഴിയുമ്പോഴാണ് താൻ കൂടുതൽ സന്തോഷവതിയെന്ന് തിരിച്ചറിഞ്ഞതായും അവർ പറയുന്നു.
എച്ച് 1 ബി വിസയിലെ നിയന്ത്രണങ്ങളും മറ്റൊരു പ്രധാന കാരണമായിരുന്നു. യാത്രയ്ക്കായി വിസ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ, ജോലി മാറുന്നതിലെ പരിമിതികൾ, കരിയർ ബ്രേക്ക് എടുക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കിയതായും ദിഷ കൂട്ടിച്ചേർത്തു. 2026 മേയിൽ സിവിഎസിലെ ജോലി രാജിവച്ച് ഗുരുഗ്രാമിലേക്ക് മടങ്ങിയ അവർക്ക് നിലവിൽ പുതിയ ജോലി ലഭിച്ചിട്ടില്ല. അതിനാൽ തന്നെ താൻ എടുത്ത തീരുമാനം ശരിയായിരുന്നോവെന്ന ആശങ്ക ഇപ്പോഴും ഉണ്ടെങ്കിലും, ദിവസവും മാതാപിതാക്കളെ കാണാനും ചേർത്തുപിടിക്കാനും കഴിയുന്നത് തിരിച്ചുവരവ് വിലമതിക്കാനാവാത്തതാക്കുന്നു എന്നാണ് ദിഷയുടെ വാക്കുകൾ.