
തമിഴ്‌നാട്ടിലെ നാമക്കൽ – സേലം റോഡിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രൈവർ, സൈഡ് മിററില്‍ അസാധാരണമായ ചലനം ശ്രദ്ധിച്ചു. ഒരു കുഞ്ഞൻ പാമ്പ് പതിയെ പുറത്തേക്ക് വരുന്നു. കഴ്ച കണ്ട് ഡ്രൈവർ അമ്പരക്കുന്നു. എന്നാൽ, അദ്ദേഹം ഓടിക്കുന്നതിനിടെ മിറർ കവറിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്ന പാമ്പിന്‍റെ ദൃശ്യങ്ങൾ പകർത്തി.
കാര്‍ ഈ സമയമത്രയും നാമക്കൽ – സേലം റോഡിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. കാറിനെ മറികടന്ന് പോയ ബൈക്ക് യാത്രക്കാര്‍ പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് അമ്പരന്ന് തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വഴിയാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടർന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിന് പിന്നാലെ വന്യജീവി വിദഗ്ദ്ധർ വാഹനം ഓടിക്കുന്നവർക്കായി മുന്നറിയിപ്പ് പങ്കുവെച്ചു.
തണുപ്പുള്ളതോ മഴയുള്ളതോ ആയ സമയങ്ങളിൽ മൃഗങ്ങൾ സുരക്ഷിതവും ചൂടുള്ളതുമായ ഇടങ്ങൾ തേടുന്നതിനാൽ വാഹനം എടുക്കുന്നതിന് മുമ്പ് സൈഡ് മിററുകൾ, എഞ്ചിൻ കമ്പാർട്ട്‌മെന്‍റുകൾ, വീൽ ആർച്ചുകൾ എന്നിവ പ്രത്യേകം പരിശോധിക്കണം. ഭാഗ്യവശാലാണ് ഡ്രൈവർക്ക് വാഹനം സുരക്ഷിതമായി നിർത്താൻ കഴിഞ്ഞത്. അല്ലെങ്കിൽ സ്ഥിതി അപകടകരമാകുമായിരുന്നുവെന്നും അവർ മുന്നറിയിപ്പ് നല്‍കി. ജാഗ്രത പാലിക്കുക, കുറച്ച് സമയം മുൻകരുതലുകൾക്കായി നീക്കി വെച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ദൃശ്യങ്ങൾ സമൂഹ മാധമങ്ങളില്‍ വൈറലായതോടെ വ്യത്യസ്ത പ്രതികരണങ്ങളും ഉയർന്നു. കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ വിഷമുള്ളതാണെന്ന് ഒരാൾ കുറിച്ചപ്പോൾ അതൊരു ബ്ലൈൻഡ് സ്പോട്ട് അല്ലെങ്കില്‍ കടി സ്പോട്ടാണ് എന്നായിരുന്നു മറ്റൊരാൾ കൂട്ടിച്ചേർത്തത്. മറ്റ് ചിലർ ഡ്രൈവറുടെ സുരക്ഷയിൽ ഞെട്ടലും ആശങ്കയും പങ്കുവച്ചു. മുന്നറിയിപ്പിന് നന്ദി എന്നും ഇനി വാഹനം ഓടിക്കുന്നതിന് മുമ്പ് തീർച്ചയായും പരിശോധിക്കുമെന്നും മറ്റ് ചിലരും എഴുതി.