
എച്ച്-1ബി വിസ പ്രോഗ്രാമിന്‍റെ ദുരുപയോഗത്തിനെതിരെ എക്സിൽ കുറിപ്പെഴുതിയ യുഎസ് സെനറ്റർ എറിക് ഷ്മിറ്റ്, വിസ ഗൂഢ സംഘത്തിന് ഇന്ത്യയിലെ ഹൈദരാബാദിൽ സ്വന്തമായൊരു വിസ ക്ഷേത്രമുണ്ടെന്നും ആരോപിച്ചു. എച്ച്-1ബി വിസ യുഎസ്എയിലെ തൊഴിലാളികൾക്ക് വലിയ പ്രതിസന്ധിയാണ് ഉയർത്തിയതെന്ന് ആരോപിച്ച് രംഗത്തെത്തിയ റിപ്പബ്ലിക്കൻ സെനറ്റർ എറിക് ഷ്മിറ്റ്., വൻകിട ടെക് കമ്പനികൾക്കും ഇന്ത്യൻ പൗരന്മാർക്കും മാത്രമാണ് ഇത് കൊണ്ട് പ്രയോജനമെന്നും ആരോപിച്ചു. 2023 മുതൽ മിസോറിയിൽ നിന്നുള്ള ജൂനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായി സേവനമനുഷ്ഠിക്കുന്ന റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരനായ എറിക് ഷ്മിറ്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.
ഒരു 'വിസ കാർട്ടൽ' ആഗോളതലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവഴി യുഎസിലെ ഇന്ത്യൻ ജീവനക്കാർക്ക് വലിയ പ്രയോജനം ലഭിക്കുമെന്നും എറിക് ആരോപിച്ചു. ഒപ്പം അദ്ദേഹം തെലുങ്കാനയിലെ ചിൽക്കൂർ ബാലാജി ക്ഷേത്രത്തിന്‍റെ ചിത്രവും തന്‍റെ കുറിപ്പിനൊപ്പം പങ്കുവച്ചു. ഇതോടെ ചിൽക്കൂർ ബാലാജി ക്ഷേത്രം ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടി. എച്ച് -1ബി, എൽ-1, എഫ്-1, ഒപിടി തുടങ്ങിയ പദ്ധതികൾ യുഎസ് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയും ശമ്പളം കുറയ്ക്കുകയും നമ്മുടെ മധ്യവർഗത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. വഞ്ചനയും ദുരുപയോഗവും വ്യാപകമാണ്. അമേരിക്കൻ തൊഴിലാളികൾ തോൽക്കുകയാണ്, അപ്പോൾ ആരാണ് വിജയിക്കുന്നത്? ഉത്തരം: "വിസ കാർട്ടൽ" എന്നാണ് തന്‍റെ ആദ്യ ട്വീറ്റ് എറിക് തുടങ്ങുന്നത്.
സർവകലാശാലകൾ, ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾ, റിക്രൂട്ടർമാർ, യുഎസുകാരെക്കാൾ കൂടുതലായി വിദേശ തൊഴിലാളികളെ അനുകൂലിക്കുന്ന ടെക് കമ്പനികൾ എന്നിവ ഉൾപ്പെടുന്ന പരസ്പരബന്ധിതമായ ഒരു ഗുഢസംഘമാണ് വിസ കാർട്ടൽ എന്നാണ് എറിക് ഷ്മിറ്റിന്‍റെ വിശദീകരണം. "വലിയ ടെക് കമ്പനികൾ ആയിരക്കണക്കിന് യുഎസ് തൊഴിലാളികളെ പിരിച്ചുവിടുകയും സമാന ജോലിക്കായി ആയിരക്കണക്കിന് എച്ച്-1ബി അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നു. ആ വിദേശ നിയമനങ്ങളിൽ 82 % ശരാശരി വേതനത്തിൽ താഴെയുള്ളവരാണ്.
ഇതിന് പകരം കോടിക്കണക്കിന് ആളുകൾ ഇപ്പോൾ ഇന്ത്യയിലേക്ക് AI പരിശീലനത്തിനായി ഒഴുകുകയാണെന്നും എറിക് ആരോപിക്കുന്നു. ഇതിനായി യുഎസ് സബ്സിഡി പോലും നൽകുന്നെന്നും എറിക് ആരോപിച്ചു. ഇത് ആഗോള വിസ കാർട്ടലിന്‍റെ ഭാഗമാണെന്നും വിദേശത്ത് വച്ചാണ് ഇതിനായുള്ള റിക്രൂട്ട്മെന്‍റ് നടക്കുന്നതെന്നും എറിക് ആരോപണമുയർത്തി. അതോടൊപ്പം തൊഴിലാളികളെ ഇവർ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസ. ഈ വിസ പ്രോഗ്രം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് എറികിന്‍റെ ആരോപണം.
വിസ കാർട്ടൽ എന്നറിയപ്പെടുന്നവർ എച്ച്-1ബി സംവിധാനം സുഗമാക്കാൻ ഇന്ത്യയിലെ വിസ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ചിൽക്കൂർ ബാലാജി ക്ഷേത്രത്തെ ഉപയോഗിക്കുന്നെന്നും എറിക് ആരോപിച്ചു. ഇതിനായി ഫ്രാൻസ് 24 ഇംഗ്ലീഷിൽ വന്ന ഒരു ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങളും എറിക് പങ്കുവച്ചു. വിദേശത്ത് ജോലിയോ വിദ്യാഭ്യാസത്തിനോ ശ്രമിക്കുന്നവർ സ്ഥിരമായി സന്ദർശിക്കുന്ന ക്ഷേത്രമാണ് ചിൽക്കൂർ ബാലാജി ക്ഷേത്രം. ഈയൊരു പ്രത്യേക ഭക്തർ കാരണം ക്ഷേത്രമിന്ന് വിസ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഹൈദരാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് ചിലർ പാസ്‌പോർട്ട് പോലും പ്രാർത്ഥനയ്ക്കായി കൊണ്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.