ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഇനിയില്ല, അന്ത്യം 22 വയസ്സില്‍

By Web TeamFirst Published Oct 7, 2022, 6:39 PM IST
Highlights

ഇരുപത്തിമൂന്നാം ജന്മദിനത്തിന് വെറും 5 മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് അന്ത്യം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന വിശേഷണത്തിന് അര്‍ഹനായ പെബിള്‍സ് മരിച്ചു. തന്റെ 22 വയസ്സിലാണ് പെബിള്‍സ് എല്ലാവരോടും വിട പറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട പെബിള്‍സ് തങ്ങളെ വിട്ടുപോയി എന്ന വാര്‍ത്ത സൗത്ത് കരോലിനായില്‍ നിന്നുള്ള പെബിള്‍സിന്റെ ഉടമസ്ഥന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ലോകത്തോട് പങ്കുവെച്ചത്.

മരണവിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ കൂടി ചേര്‍ത്തിരുന്നു ''അവള്‍ ജീവിതത്തിലൊരിക്കല്‍ മാത്രമുള്ള കൂട്ടാളിയായിരുന്നു, അവളെ വളര്‍ത്തുമൃഗമായും കുടുംബാംഗമായും ലഭിക്കാനുള്ള അനുഗ്രഹം ലഭിച്ചത് ഞങ്ങളുടെ അഭിമാനമാണ്.'' 

ഇരുപത്തിമൂന്നാം ജന്മദിനത്തിന് വെറും 5 മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് കുടുംബാംഗങ്ങളെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടുള്ള പെബിള്‍സിന്റെ മടക്കയാത്ര എന്നും അദ്ദേഹം പറഞ്ഞു.  

ടോയ് ഫോക്‌സ് ടെറിയര്‍ ഇനത്തില്‍പ്പെട്ട  പെബിള്‍സിന്റെ മരണം തിങ്കളാഴ്ചയാണ് സ്ഥിരീകരിച്ചത്. തികച്ചും സ്വാഭാവികമായ മരണം ആയിരുന്നു അവളുടേത് എന്ന് ഉടമസ്ഥന്‍ പറഞ്ഞു. പ്രായത്തിന്റേതായ അസ്വസ്ഥതകള്‍ മാത്രമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത് എന്നും മറ്റൊരു വിധത്തിലുള്ള യാതൊരു ബുദ്ധിമുട്ടും നേരിട്ടിരുന്നില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. ബോബി, ജൂലി ഗ്രിഗറി എന്നിവരാണ് പെബിള്‍സിന്റെ ഉടമസ്ഥര്‍.

തങ്ങളുടെ വളര്‍ത്തുമൃഗത്തിന് അതുവരെ ഏറ്റവും പ്രായം കൂടിയ നായ എന്നു കരുതിയതിനേക്കാള്‍ പ്രായമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഉടമകള്‍ പെബിള്‍സിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്. ആ വിശ്വാസം സത്യമായിരുന്നു. മെയ് മാസത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പെബിള്‍സ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി. ബഹുമതിക്ക് അര്‍ഹനായ മുന്‍നായ
ടോബികീ ത്തിന് 21 വയസ്സായിരുന്നു.

2000 മാര്‍ച്ച് 28-നാണ് പെബിള്‍സ് ജനിക്കുന്നത്. ആ വര്‍ഷം തന്നെ ഗ്രിഗറി അതിനെ ദത്തെടുത്തു. പിന്നീട് ഇങ്ങോട്ട് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു  പെബിള്‍സ് . കഴിഞ്ഞവര്‍ഷം ടോബി കീത്തിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു റെക്കോര്‍ഡ് ഉള്ളതായി ഗ്രിഗറി അറിയുന്നത്. ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യുകയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പെബിള്‍സിന് കിട്ടുകയും ചെയ്തു.

നാടന്‍ സംഗീതം കേള്‍ക്കാനും പുതിയ പുതിയ ഭക്ഷണങ്ങള്‍ ആസ്വദിക്കാനും പുതിയ കളികളില്‍ ഏര്‍പ്പെടാനും പെബിള്‍സിന് വിലിയ ഇഷ്ടമായിരുന്നു എന്ന് ഗ്രിഗോറി പറഞ്ഞു. 2016 ലാണ് പെബിള്‍സിന്റെ പാര്‍ട്ണര്‍ റോക്കി മരിക്കുന്നത്. ടേബിള്‍സിനും റോക്കിക്കുമായി 32 പട്ടിക്കുട്ടികള്‍ ഉണ്ട് .

കഴിഞ്ഞ ജന്മദിനത്തിന്, കുടുംബം പെബിള്‍സിന് ഒരു ബബിള്‍ ബാത്തും വാരിയെല്ലുകളുടെ പ്ലേറ്റും ആണ് സമ്മാനം  നല്‍കിയത്. പെബിള്‍സിനെ പ്രണയിക്കാത്ത ആരെയും തങ്ങള്‍ കണ്ടിട്ടില്ല എന്നും  അവളെ വളരെയധികം മിസ് ചെയ്യും എന്നും കുടുംബം പറഞ്ഞു.
 

click me!