കൊതുകുകളെ അന്തരീക്ഷത്തിൽ വച്ച് വേട്ടയാടി കൊല്ലും; കുഞ്ഞൻ ഡ്രോണുകളുമായി യുഎസ് സ്റ്റാർട്ടപ്പ്

Published : Jul 15, 2026, 03:03 PM IST
tiny drones for hunt mosquitoes

Synopsis

യുഎസ് സ്റ്റാർട്ടപ്പായ 'ടോർന്യോൾ' കൊതുകുകളെ അന്തരീക്ഷത്തിൽ വെച്ച് വേട്ടയാടി കൊല്ലുന്ന മൈക്രോ ഡ്രോണുകൾ വികസിപ്പിച്ചു. നിലവിലെ മാർഗ്ഗങ്ങളേക്കാൾ 100 മടങ്ങ് ചിലവ് കുറഞ്ഞ ഈ സാങ്കേതികവിദ്യ, അൾട്രാസോണിക് സെൻസറുകൾ ഉപയോഗിച്ച് പ്രാണികളെ കണ്ടെത്തുകയും നഗരങ്ങളെ കൊതുക് മുക്തമാക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു.

ലോകത്തിൽ മനുഷ്യരുടെ ഏറ്റവും വലിയ വില്ലനായ കൊതുകുകളെ അന്തരീക്ഷത്തിൽ വെച്ചുതന്നെ വെടിവെച്ചിടാൻ പുതിയ സാങ്കേതികവിദ്യയുമായി യുഎസ് സ്റ്റാർട്ടപ്പ് കമ്പനിയായ 'ടോർന്യോൾ'. ഒരുകാലത്ത് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന സാങ്കേതിക വിദ്യയെ യാഥാർത്ഥ്യമാക്കിക്കൊണ്ട്, പ്രാണികളെ പിന്തുടർന്ന് വേട്ടയാടാൻ കഴിയുന്ന ഒരു സ്വയം നിയന്ത്രിത മൈക്രോ ഡ്രോൺ കമ്പനി വിജയകരമായി പരീക്ഷിച്ചു.

ആദ്യ ഇര ഒരു ശലഭം

പരീക്ഷണ പറക്കലിനിടെ അന്തരീക്ഷത്തിൽ പറക്കുകയായിരുന്ന ഒരു ശലഭത്തെ ഈ കുഞ്ഞൻ ഡ്രോൺ കൃത്യമായി ഇടിച്ച് വീഴ്ത്തി. ലോകപ്രശസ്ത സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററായ 'വൈ കോംബിനേറ്ററിന്‍റെ' സാമ്പത്തിക പിന്തുണയോടെ പ്രവർത്തിക്കുന്ന ടോർന്യോളിന്‍റെ ഈ വിജയം, ഭാവിയിൽ മാരക രോഗങ്ങൾ പരത്തുന്ന കൊതുകുകളെ പൂർണ്ണമായി തുടച്ചുനീക്കാനുള്ള ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

40 ഗ്രാം ഭാരം, ചിലവ് 100 മടങ്ങ് കുറയും!

അലക്സ് ടൂസൈന്‍റ്, ക്ലോവിസ് പീഡാലു എന്നീ എഞ്ചിനീയർമാർ ചേർന്ന് രൂപം നൽകിയ ഈ ഡ്രോണുകൾക്ക് വെറും 40 ഗ്രാം മാത്രമാണ് ഭാരം. നിലവിലുള്ള കൊതുക് നിർമ്മാർജ്ജന മാർഗ്ഗങ്ങളെക്കാൾ 100 മടങ്ങ് കുറഞ്ഞ ചിലവിൽ ഈ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന തരം മൈക്രോഫോണുകൾ, കാറുകളുടെ പാർക്കിംഗ് സിസ്റ്റത്തിലുള്ള അൾട്രാസോണിക് സെൻസറുകൾ, അത്യാധുനിക സോഫ്റ്റ്‌വെയർ എന്നിവ സമന്വയിപ്പിച്ചാണ് ഇവ പ്രാണികളെ ട്രാക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള 10 ഡ്രോണുകൾ ഉണ്ടെങ്കിൽ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള കൊതുകുകളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

 

 

കഴിഞ്ഞ ജൂലൈ 14-നായിരുന്നു സാങ്കേതിക ലോകത്തെ വിസ്മയിപ്പിച്ച ഈ പരീക്ഷണം നടന്നത്. ഒരു പരീക്ഷണ മുറിക്കുള്ളിൽ വെച്ച് ഡ്രോൺ സ്വയം ഒരു പ്രാണിയെ പിന്തുടർന്ന് ഇല്ലാതാക്കുന്നതിന്‍റെ വീഡിയോ അലക്സ് ടൂസൈന്‍റ് പുറത്തുവിട്ടു. കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ "എയർ-ടു - എയർ കിൽ" എന്നാണ് അദ്ദേഹം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. നിലവിൽ കമ്പ്യൂട്ടറുകളുടെയും മോഷൻ - ക്യാപ്ചർ ക്യാമറകളുടെയും സഹായത്തോടെയാണ് പരീക്ഷണം നടത്തിയതെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സാങ്കേതികവിദ്യ പൂർണ്ണമായും ഡ്രോണിന്‍റെ സ്വന്തം ഇൻ - ബിൽറ്റ് ഹാർഡ്‌വെയറിലേക്ക് മാറ്റാൻ സാധിക്കുമെന്നും എഞ്ചിനീയർമാർ വ്യക്തമാക്കി.

കൊതുകുകളുടെ ലിംഗഭേദം തിരിച്ചറിയും

അൾട്രാസോണിക് തരംഗങ്ങൾ പുറപ്പെടുവിച്ച്, പ്രാണികളുടെ ചിറകടി ശബ്ദത്തിന്‍റെ പ്രതിധ്വനി വിശകലനം ചെയ്താണ് ഡ്രോണുകൾ ഇരയെ കണ്ടെത്തുന്നത്. ഈ ശബ്ദവ്യത്യാസം ഉപയോഗിച്ച് കൊതുകുകളെ മറ്റ് പ്രാണികളിൽ നിന്ന് വേർതിരിച്ചറിയാൻ മാത്രമല്ല, അവ ഏത് ഇനത്തിൽപ്പെട്ടതാണെന്നും, അവ ആൺകൊതുകാണോ പെൺകൊതുകാണോ എന്നുവരെ കൃത്യമായി തിരിച്ചറിയാനും ഈ കുഞ്ഞൻ ഡ്രോണിന് സാധിക്കും. തടസ്സങ്ങളിൽ ഇടിക്കാതെ പറക്കാൻ സാധിക്കുന്ന ഇത്തരം ഡ്രോണുകളുടെ വലിയ കൂട്ടങ്ങളെ ഉപയോഗിച്ച് ഭാവിയിൽ നഗരപ്രദേശങ്ങളിലെ കൊതുകുകളെ പൂർണ്ണമായും മുക്തമാക്കുകയാണ് ടോർന്യോളിന്‍റെ ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

അച്ഛന്‍റെ കടം വീട്ടാൻ കോടീശ്വരിയായ മകൾക്ക് മടി; പാശ്ചാത്യ കുടുംബ ബന്ധങ്ങളെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ച
ഐഐടി പരീക്ഷയിൽ തെറ്റായ ഉത്തരങ്ങളെഴുതി മനഃപൂർവം തോറ്റ് യുവാവ്; കാരണം വിശദീകരിച്ച് പോസ്റ്റ്, വൈറൽ