കോടികളുടെ ആസ്തിയുണ്ടായിട്ടും പ്രായമായ അച്ഛന്‍റെ കടം വീട്ടാൻ മടിച്ച അമേരിക്കൻ യുവതിയുടെ കഥയാണ് ഇത്. 'ദി റാംസി ഷോ'യിൽ നടന്ന ഈ സംഭവം, കുടുംബത്തോടുള്ള സാമ്പത്തിക ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ-ഇന്ത്യൻ സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് കാരണമായി.
സ്വന്തം അക്കൗണ്ടിൽ കോടികളുടെ സമ്പാദ്യമുണ്ടായിട്ടും പ്രായമായ അച്ഛന്‍റെ കടം വീട്ടാൻ പണം നൽകണോയെന്ന് ആലോചിച്ച് മടിച്ചുനിൽക്കുന്ന അമേരിക്കൻ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. പ്രശസ്ത യുഎസ് ധനകാര്യ ഉപദേശകനായ ഡേവ് റാംസി നയിക്കുന്ന 'ദി റാംസി ഷോ'യിൽ വന്ന ഒരു ഫോൺ കോളാണ് ഇപ്പോൾ ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ വലിയ ചർച്ചയായത്. ഏകദേശം 20 മുതൽ 30 ലക്ഷം ഡോളർ വരെ (16 മുതൽ 25 കോടിയിലധികം ഇന്ത്യൻ രൂപ) ആസ്തിയുള്ള 56-കാരിയായ യുവതിയാണ് അച്ഛന് സഹായം നൽകാൻ മടിച്ച് ഷോയിലേക്ക് വിളിച്ചത്. 55,000 ഡോളർ (ഏകദേശം 46 ലക്ഷം രൂപ) തന്‍റെ അച്ഛന്‍റെ കടം വീട്ടാനായി നൽകാൻ മടിക്കുന്ന ഇവരുടെ നിലപാട് കണ്ട് അത്ഭുതപ്പെടുകയാണ് ലക്ഷക്കണക്കിന് ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
'അച്ഛന്‍റെ കടം വീട്ടാൻ ഞാനെന്തിന് പണം കൊടുക്കണം?'
തന്‍റെ 80 വയസ്സുകാരനായ അച്ഛനും ഭാര്യയും ചേർന്ന് അവരുടെ കടങ്ങൾ വീട്ടാനായി ഒരു വലിയ തുക ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാണ് സ്ത്രീ ഷോയിലേക്ക് വിളിക്കുന്നത്. യുവതി ഷോയിൽ വ്യക്തമാക്കിയത് ഇങ്ങനെ: "ഞാനും ഭർത്താവും ജോലിയിൽ നിന്നും വിരമിച്ചവരാണ്. നിലവിൽ ഞങ്ങൾക്ക് മറ്റ് കടബാധ്യതകളൊന്നുമില്ല. എങ്കിലും ഇപ്പോൾ ഞങ്ങൾക്ക് കൃത്യമായ, പരിമിതമായ വരുമാനം മാത്രമേ ഉള്ളൂ. അവർ ആവശ്യപ്പെടുന്ന അത്രയും തുക ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടില്ല. ഈ തുക നൽകണമെങ്കിൽ ഞങ്ങളുടെ റിട്ടയർമെന്‍റ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കേണ്ടി വരും. അതിന് ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ല. അതിനാൽ കൃത്യമായ എന്തൊക്കെ കാരണങ്ങൾ നിരത്തി അച്ഛനെ എങ്ങനെ പിന്തിരിപ്പിക്കാമെന്ന് ചോദിക്കാനാണ് ഞാൻ വിളിച്ചത്." യുവതിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവതാരകൻ ഡേവ് റാംസി ചോദിച്ചപ്പോൾ തങ്ങൾ ബാങ്കിൽ 'കോടിപതികൾ' ആണെന്ന് അവർ സമ്മതിച്ചു. കൂടുതൽ ചോദ്യങ്ങളിലേക്ക് കടന്നപ്പോഴാണ് തങ്ങൾക്ക് 20 മുതൽ 30 ലക്ഷം ഡോളർ വരെ ആസ്തിയുണ്ടെന്നും അച്ഛൻ ചോദിച്ചത് മൂന്ന് ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും ഒരു കാർ ലോണും അടച്ച് തീർക്കാനുള്ള 55,000 ഡോളർ മാത്രമാണെന്നും അവർ വെളിപ്പെടുത്തിയത്.
68 ലക്ഷം പേർ കണ്ട വീഡിയോ
എക്സിൽ (X) പ്രചരിച്ച ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ 68 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പ്രമുഖ ഇന്ത്യൻ യുവ സംരംഭകൻ ഇഷാൻ ഗോസ്വാമി എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: "കയ്യിൽ 30 ലക്ഷം ഡോളർ ഉണ്ടായിട്ടും സ്വന്തം അച്ഛന് അതിൽ നിന്നും 55,000 ഡോളർ നൽകാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ, നിങ്ങൾ ജീവിതത്തിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു." മാതാപിതാക്കളെ ദൈവതുല്യമായി കാണുന്ന ഇന്ത്യൻ സംസ്കാരവും, പണത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്ന പാശ്ചാത്യ രീതിയും തമ്മിലുള്ള വലിയ സാംസ്കാരിക വ്യത്യാസമാണ് ഈ ഒരൊറ്റ വീഡിയോയിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്.


