50 വർഷം മുമ്പ് കാണാതായി, ഒരു വിവരവും ലഭിച്ചില്ല, ഇപ്പോള്‍ വിദ്യാർത്ഥിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

Published : Feb 23, 2023, 02:56 PM IST
50 വർഷം മുമ്പ് കാണാതായി, ഒരു വിവരവും ലഭിച്ചില്ല, ഇപ്പോള്‍ വിദ്യാർത്ഥിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

Synopsis

ക്ലിങ്ക്‌സ്കെയിൽസിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചെങ്കിലും ഇപ്പോഴും മരണകാരണം അജ്ഞാതമായി തുടരുകയാണ്. ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല.

ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന രീതിയിലുള്ള നിഗൂഢതകൾ ആയിരുന്നു 1976 -ൽ ജോർജ്ജിയയിൽ നിന്നും കാണാതായ 22 -കാരൻറെ തിരോധാനത്തിൽ ഉണ്ടായിരുന്നത്. വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങളും പരിശോധനകളും നടത്തിയിട്ടും ഒരു തുമ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല. എന്നാൽ, ഇപ്പോൾ ഇതാ നീണ്ട 50 വർഷക്കാലത്തിനൊടുവിൽ കാണാതായ വ്യക്തിയുടെ അസ്ഥികൂടം കണ്ടെത്തിയിരിക്കുകയാണ്. 

1976 ജനുവരി 27- നാണ് കെയ്ൽ ക്ലിങ്ക്‌സ്കെയിൽസ് എന്ന 22 -കാരനെ അവസാനമായി ആരെങ്കിലും കണ്ടത്. ജോർജിയയിലെ തന്റെ ജന്മനാടായ ലാഗ്രേഞ്ചിൽ ഒരു ബാറിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. അവിടെവച്ചാണ് അദ്ദേഹത്തെ അവസാനമായി ജീവനോടെ ആളുകൾ കണ്ടത്. ബാറിലെ ജോലി കഴിഞ്ഞ് അലബാമയിലെ തന്റെ സ്കൂളിലേക്ക് പോകുന്നതായിരുന്നു ക്ലിങ്ക്‌സ്കെയിൽസിന്റെ പതിവ്. എന്നാൽ, അന്നേദിവസം ആ ചെറുപ്പക്കാരൻ സ്കൂളിൽ എത്തിയില്ല. എവിടെപ്പോയി എന്നതിനെക്കുറിച്ച് ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പക്ഷേ, ഒരു തുമ്പും ലഭിച്ചില്ല. 

തൻറെ മകൻറെ തിരോധനത്തെക്കുറിച്ച് ക്ലിങ്ക്‌സ്കെയിൽസിന്റെ അമ്മ ഏറെ വേദനയോടെ വിവരിച്ചത് ഭൂമി തുറന്നു അവനെ ഉള്ളിലേക്ക് കൊണ്ടുപോയത് പോലെ എന്നാണ്. പലവിധത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ക്ലിങ്ക്‌സ്കെയിൽസിനായി തിരച്ചില്‍ നടത്തി. അവൻ സഞ്ചരിക്കാൻ സാധ്യത ഉണ്ടായിരുന്ന വഴികളിലെ തടാകങ്ങൾ വറ്റിച്ചു പോലും ഉദ്യോഗസ്ഥർ അവനെ തിരഞ്ഞു. പക്ഷേ ഒരു ഫലവും കിട്ടിയില്ല. ഒടുവിൽ അഞ്ചു പതിറ്റാണ്ട് പൊലീസിനെ വലച്ച ആ  തിരോധാനത്തെ ചൊല്ലിയുള്ള അന്വേഷണത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.  

ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അലബാമയിലെ കുസെറ്റയിലെ ഒരു അരുവിയിലാണ് ഒരു കാറും കാറിനുള്ളിൽ ഒരു അസ്ഥികൂടവും കണ്ടെത്തിയത്. പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കാറിനുള്ളിൽ നിന്നും അസ്ഥികൂടത്തോടൊപ്പം ജീർണാവസ്ഥയിൽ എത്തിയ വാലറ്റും ഐഡി ക്രെഡിറ്റ് കാർഡുകളും കണ്ടെത്തി. തുടർന്ന് ഫോറൻസിക് വിഭാഗം അസ്ഥികളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ്, കണ്ടെത്തിയ അവശിഷ്ടങ്ങൾ ക്ലിങ്ക്‌സ്കെയിൽസിന്റെത് ആണെന്ന് തിരിച്ചറിഞ്ഞത്.

ക്ലിങ്ക്‌സ്കെയിൽസിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചെങ്കിലും ഇപ്പോഴും മരണകാരണം അജ്ഞാതമായി തുടരുകയാണ്. ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ഇപ്പോഴും പൊലീസിന് സാധിച്ചിട്ടില്ല. 

തങ്ങളുടെ മകന് എന്ത് സംഭവിച്ചു എന്നറിയാത്ത ദുഃഖത്തിലാണ് ക്ലിങ്ക്‌സ്കെയിൽസിന്റെ മാതാപിതാക്കൾ മരണമടഞ്ഞത്. അവർ ജീവിച്ചിരുന്ന സമയത്ത് നിരവധി ആളുകൾ ക്ലിങ്ക്‌സ്കെയിൽസ് ആണ് എന്ന വ്യാജ പ്രചാരണവുമായി അവരുടെ മുൻപിൽ എത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്