ഗുഹകളില്‍ താമസിക്കാന്‍ താല്‍പ്പര്യമുണ്ടോ, എങ്കില്‍, ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്

By Web TeamFirst Published Oct 29, 2021, 12:39 PM IST
Highlights

ഗുഹാ ടൂറിസം എന്ന് വിളിക്കുന്ന ഈ പദ്ധതിയില്‍   വിനോദസഞ്ചാര വകുപ്പ് ഒരുക്കിയത് വലിയ ബംഗ്ലാവോ, റിസോര്‍ട്ടുകളോ, ഹോട്ടലുകളോ ഒന്നുമല്ല, ഗുഹകളാണ്.    

പലരും യാത്രകള്‍ പോകുന്നത് പല ഉദ്ദേശത്തോടെയായിരിക്കും. ചിലര്‍ ബഹളങ്ങളില്‍ നിന്നെല്ലാം വിട്ട് കുറച്ച് സ്വസ്ഥമായിരിക്കാനായിരിക്കും ടൂര്‍ പോകുന്നത്. മറ്റ് ചിലരാകട്ടെ, കാടും, നാടും കാണാനുള്ള സാഹസിക യാത്രയാകും ലക്ഷ്യമിടുന്നത്. എപ്പോഴും വൈവിധ്യം തേടി പോകുന്ന അത്തരക്കാര്‍ക്ക് ഒരു പുതിയ ടൂറിസം പദ്ധതിയുമായിട്ടാണ് ഉത്തരാഖണ്ഡ് വന്നിരിക്കുന്നത്. ഗുഹാ ടൂറിസം എന്ന് വിളിക്കുന്ന ഈ പദ്ധതിയില്‍   വിനോദസഞ്ചാര വകുപ്പ് ഒരുക്കിയത് വലിയ ബംഗ്ലാവോ, റിസോര്‍ട്ടുകളോ, ഹോട്ടലുകളോ ഒന്നുമല്ല, ഗുഹകളാണ്.    

പിത്തോരഗഢിലുള്ള ഗംഗോലിഹാട്ടിലാണ് ഈ ഗുഹാ ടൂറിസം പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. താഴ്വരയില്‍ അടുത്തിടെ നിരവധി ഗുഹകള്‍ കണ്ടെത്തിയിരുന്നു. ഉത്തരാഖണ്ഡ് സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ സെപ്റ്റംബറില്‍ കണ്ടെത്തിയ ഒമ്പത് ഭൂഗര്‍ഭ ഗുഹകളാണ്  ഇപ്പോള്‍ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ആ ഗുഹകള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടാകാം. ഷൈലീശ്വര്‍, ഗുപ്ത ഗംഗ, ബൃഹദ് തുങ്, മുക്തേശ്വര്‍, ദനേശ്വര്‍, മൈല്‍ചൗര എന്നീ പ്രദേശങ്ങളിലാണ് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

ഗുഹകള്‍ക്ക് ഒന്നിലധികം അടരുകളുണ്ടെന്ന് പറയപ്പെടുന്നു. ഏകദേശം 50 മീറ്ററോളം ഉയരമുള്ള ഈ ഗുഹകള്‍ക്ക് മുറികള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്. പൈതൃക കേന്ദ്രങ്ങളായ ഇവിടെ വിനോദസഞ്ചാരികളെ പോകാന്‍ അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ എംപിഎസ് ബിഷ്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് സമ്മതം മൂളിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ ജിയോടാഗിംഗ് അടുത്ത മാസം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പ്രതീക്ഷിക്കാം.

കാര്‍സ്റ്റ് ഭൂപ്രദേശത്തതിന്റെ ഭാഗമാണ് ഗുഹകള്‍. ഇത്തരത്തിലുള്ള ഭൂപ്രകൃതി വൈവിധ്യപൂര്‍ണ്ണമാണ്. അരുവികള്‍, ജലധാരകള്‍, സിങ്കോള്‍സ്, ഗുഹകളില്‍ എന്നിവ ഇവിടെ ഒന്നുചേരുന്നു. ഭൂമിക്ക് താഴെയും, മുകളിലുമുള്ള പാരിസ്ഥിതിക വൈവിധ്യത്തെ പിന്തുണയ്ക്കുന്ന അപൂര്‍വ ആവാസവ്യവസ്ഥയാണിതെന്ന് പറയപ്പെടുന്നു. 

അതുപോലെ, പിത്തോരഗഢിലെ ഭുവനേശ്വര്‍ ക്ഷേത്രം ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊരു ഗുഹ കൂടിയാണ്. വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഗുഹാകേന്ദ്രങ്ങള്‍ക്ക് പേരുകേട്ട മധ്യ യൂറോപ്പിലെ സ്ലോവേനിയയുടെ ചുവട് പിടിച്ചാണ് ഉത്തരാഖണ്ഡ് ഈ ഗുഹാ ടൂറിസം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ വരുമാനത്തിന്റെ 30 ശതമാനവും ഗുഹാ ടൂറിസത്തില്‍ നിന്നാണ് ലഭിക്കുന്നതെന്ന് സ്ലോവേനിയ പറയുന്നു. അതുപോലെ, ഈ ടൂറിസം പദ്ധതിയിലൂടെ നല്ല വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഉത്തരാഖണ്ഡ്.  

click me!