Valentina Tereshkova: 'പാവാടയിട്ട ഗഗാറിന്‍', ബഹിരാകാശത്ത് ആദ്യമായി കാലുകുത്തിയ സ്ത്രീ!

Published : Jun 16, 2022, 04:11 PM ISTUpdated : Jun 16, 2022, 04:42 PM IST
Valentina Tereshkova: 'പാവാടയിട്ട ഗഗാറിന്‍', ബഹിരാകാശത്ത് ആദ്യമായി കാലുകുത്തിയ സ്ത്രീ!

Synopsis

ആദ്യമായി ഒരു വനിത ബഹിരാകാശത്ത് കാല്‍കുത്തിയിട്ട് ഇന്നേക്ക് 59 വര്‍ഷം. വലന്റീന്‍ തെരഷ്‌കോവയുടെ അസാധാരണമായ ജീവിതകഥ. പി ആര്‍ വന്ദന എഴുതുന്നു  

ആയിരം പൂര്‍ണചന്ദ്രന്‍മാരേയും അതില്‍ കൂടുതലും കണ്ടുകഴിഞ്ഞിരിക്കുന്ന വലന്റീന നമ്മളെ ഓര്‍മപ്പെടുത്തുന്നത് ഒരു ലളിതമായ കാര്യമാണ്. ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുക.

 

 

ജൂണ്‍ പതിനാറ്, സ്ത്രീകള്‍, ബഹിരാകാശം. ഒന്ന് ഒരു തീയതി. മറ്റേത് ഒരു ലിംഗം. മൂന്നാമത്തേത് ഭൂമിക്ക് പുറത്തുള്ള ഒന്ന്. 

പരസ്പരബന്ധമില്ലാത്ത മൂന്ന് പദങ്ങള്‍, അല്ലേ? എന്നാല്‍ അല്ല. മൂന്നും തമ്മില്‍ ബന്ധമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണ്‍ പതിനാറിനാണ് ആദ്യമായി ഒരു വനിത ബഹിരാകാശത്ത് എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍, 1963-ലാണ് വലന്റീന്‍ തെരഷ്‌കോവ ഭൂമിക്ക് പുറത്തെ വലിയ ലോകത്ത് പെണ്‍പെരുമ രേഖപ്പെടുത്തിയത്. പഴയ സോവിയറ്റ് യൂനിയന്റെ ചങ്ങാതി കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നൊരു പെണ്‍സഞ്ചാരി എത്തുന്നതും മറ്റൊരു ജൂണ്‍ പതിനാറിന്. 49 വര്‍ഷത്തിനിപ്പുറം 2012-ല്‍.  

ടയര്‍ ഫാക്ടറിയിലെ തൊഴിലാളി എന്നതായിരുന്നു വാലന്റീനയുടെ ആദ്യ തൊഴില്‍ മേല്‍വിലാസം. ജോലിക്കൊപ്പം സ്‌കൈഡൈവിങ്, പാരച്യൂട്ട് പറത്തല്‍ എന്നിവയും പരിശീലിച്ചു. കറസ്‌പോണ്ടന്‍സ് ആയി പഠിത്തം തുടര്‍ന്നു. ആകാശചാട്ടങ്ങള്‍ വലന്റീനക്ക് ഇഷ്ടമായിരുന്നു. അതുതന്നെയാണ് പിന്നീട് പറന്നുപൊങ്ങുന്ന ഒരിടത്തേക്കുള്ള കുതിച്ചുചാട്ടത്തിന് വഴിവെച്ചതും. 

 

വലന്റീന ഇന്ന്
 

യൂറി ഗഗാറിന്‍ ആദ്യ ബഹിരാകാശസഞ്ചാരിയായി ചരിത്രത്തിലിടം നേടിയതിന്റെ അഭിമാനം നല്‍കിയ സന്തോഷത്തിലായിരുന്നു സോവിയറ്റ് യൂനിയന്‍ അന്ന്. അപ്പോഴാണ് അമേരിക്ക വനിതാസഞ്ചാരിയെ അയക്കാനുള്ള പദ്ധതികള്‍ തുടങ്ങിയതായി അറിയുന്നത്. എല്ലാ മേഖലയിലും മത്സരബുദ്ധി ഭരിച്ചുകൊണ്ടിരുന്ന കാലത്ത് പിന്നോട്ട് പോകാന്‍ റഷ്യക്ക് കഴിയുമായിരുന്നില്ല. ഉടനെ തുടങ്ങി വനിതാസഞ്ചാരിയെ കണ്ടെത്താനും അയക്കാനും വേണ്ട പദ്ധതിയും നടപടിയും. 1963-ല്‍ വിഭാവനം ചെയ്ത ദൗത്യത്തിലേക്ക് സ്ത്രീകള്‍ക്ക് പരിശീലനം തുടങ്ങാനായിരുന്നു തീരുമാനം. 30 വയസ്സില്‍ താഴെ പ്രായമുള്ള, 170 സെമിയില്‍ താഴെ ഉയരമുള്ള, 70 കിലോയിലധികം ഭാരമില്ലാത്ത സ്ത്രീകള്‍ക്കായിരുന്നു അപേക്ഷ അയക്കാന്‍ പറ്റുക. ആദ്യം 400 പേര്‍, പിന്നെ 58, പിന്നെ 23, അവസാനം 1962 ഫെബ്രുവരിയില്‍ 5 പേരുടെ അന്തിമപട്ടികയായി. അതിലുള്‍പ്പെട്ടിരുന്നു വലന്റീനയും. കര്‍ക്കശമായ പരിശീലനപരിപാടികളുടെ ദിവസങ്ങളായിരുന്നു പിന്നെ. സൈനികപരിശീലനം ഉള്‍പ്പടെ. 

1963 ജൂണിലായിരുന്നു ദൗത്യം തീരുമാനിച്ചത്. വോസ്താക് 5 -ല്‍ വലേരി ബൈക്കോവ്‌സ്‌കി യാത്രികനാകും. വോസ്താക് 6-ല്‍ ചരിത്രയാത്രക്ക് വലന്റീനയെ ശുപാര്‍ശ ചെയ്തു. പാവാടയിട്ട ഗഗാറിന്‍ എന്നാണ് ബഹിരാകാശയാത്രികരുടെ പരിശീനത്തലവന്‍ നിക്കോളായ് കമാനിന്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് നികിത ക്രൂഷ്‌ചേവ് ശുപാര്‍ശ അംഗീകരിച്ചു. യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ട്രാക്ടര്‍ ഡ്രൈവറുടെ മകള്‍ എന്നത് പ്രസിഡന്റിന് കുറച്ചുകൂടി സന്തോഷമായി.

 

 

1963 ജൂണ്‍ പതിനാറിന് കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വോസ്താക് 6 വലന്റീനയുമായി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. 26-ാം വയസ്സില്‍ വലന്റീന ആദ്യബഹിരാകാശയാത്രികയായി. വിക്ഷേപണം വിജയകരമായതിന് പിന്നാലെ വലന്റീനയുടെ ആദ്യസന്ദേശം ഇതായിരുന്നു...

'ഹായ്. ഇത് സീഗള്‍ (വലന്റീനക്ക് നിശ്ചയിച്ച കോഡ്). എല്ലാം നന്നായി. ഞാന്‍ ചക്രവാളം കാണുന്നു. ഭൂമി എത്ര സുന്ദരമാണ്.'

ഏകദേശം മൂന്ന് ദിവസം, കൃത്യമായി പറഞ്ഞാല്‍ 70 മണിക്കൂറും 50 മിനിറ്റും വലന്റീന ബഹിരാകാശത്ത് ചെലവഴിച്ചു. വോസ്താക് 6 ഭൂമിയെ ചുറ്റിയത് 49 തവണയാണ്. ജൂണ്‍ 19-ന് വലന്റീന ഭൂമിയില്‍ തിരിച്ചെത്തി. അള്‍ട്ടായ് മേഖലയിലെ ഗ്രാമീണര്‍ ഭാരമേറിയ ബഹിരാകാശയാത്രാവേഷത്തില്‍ നിന്ന് പുറത്തുവരാന്‍ സഹായിച്ചു. മൂന്ന് മണിക്കൂറിനിപ്പുറം വോസ്താക് 5-ല്‍ യാത്ര ചെയ്ത ബൈക്കോവ്‌സ്‌കിയും തിരിച്ചെത്തി.

 

രണ്ടുപേരെയും അനുമോദിക്കാനും അഭിനന്ദിക്കാനും മോസ്‌കോയില്‍ നൂറുകണക്കിന് പേര്‍ ഒത്തുകൂടി.  ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയന്‍, ഓര്‍ഡര്‍ ഓഫ് ലെനിന്‍  പുരസ്‌കാരങ്ങള്‍ രണ്ടുപേര്‍ക്കും സമ്മാനിച്ചു. വലന്റീനക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം പക്ഷേ അതൊന്നുമായിരുന്നില്ല. യുദ്ധത്തില്‍ അച്ഛന്‍ മരിച്ചുവീണയിടം കണ്ടെത്തിത്തരണമെന്ന അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു. കരേലിയയിലെ ലെമെറ്റിയില്‍ രാജ്യം ഒരു സ്മാരകം തീര്‍ത്തു. കുഞ്ഞുന്നാളില്‍ വിട്ടിട്ടുപോയ അച്ഛനായി താരങ്ങളുടെ ലോകത്ത് മിന്നി മകള്‍ നേടിക്കൊടുത്ത അംഗീകാരം.  

നിരവധി വിദേശപര്യടനങ്ങളാണ് പിന്നീട് വലന്റീന നടത്തിയത്. ധൈര്യത്തിന്റേയും കരുത്തിന്റേയും മുഖമായി ലോകമെമ്പാടും വലന്റീന നിറഞ്ഞു. വിവിധ അന്താരാഷ്ട്രസമിതികളിലും പരിപാടികളിലും അവര്‍ സോവിയറ്റ് യൂണിയന്റെ തന്നെ മേല്‍വിലാസമായി. 

പിന്നീടൊരു യാത്ര നടത്തിയില്ലെങ്കിലും യൂറി ഗഗാറിന്‍ ബഹിരാകാശയാത്രിക പരിശീലനകേന്ദ്രത്തില്‍  ട്രെയിനറായി ജോലി ചെയ്തു. രാഷ്ട്രീയരംഗത്ത്, പാര്‍ട്ടി പ്രവര്‍ത്തരംഗത്ത് സജീവമായി. ഡ്യൂമയില്‍ അംഗമായി. 2013-ല്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുട്ടിന്‍ റഷ്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് അലക്‌സാണ്ടര്‍ നെവ്‌സ്‌കി നല്‍കി വലന്റീനയെ ആദരിച്ചു. 

 

വലന്റീന വിവാഹ ചടങ്ങില്‍

 

ചരിത്രത്തിലിടം പിടിച്ച വര്‍ഷം തന്നെ വലന്റീന വിവാഹിതയുമായി. ബഹിരാകാശയാത്രികന്‍ തന്നെയായ ആന്‍ഡ്രിയന്‍ നിക്കോളയേവ് ആയിരുന്നു ഭര്‍ത്താവ്. ക്രൂഷ്‌ചേവ് തന്നെയായിരുന്നു കാരണവര്‍ സ്ഥാനത്ത് വിവാഹം നടത്താന്‍ എത്തിയത്. രണ്ട് ബഹിരാകാശയാത്രികരുടെ വിവാഹം നാടോടിക്കഥകളിലേതു പോലെ സോവിയറ്റ് യൂണിയന്‍ ആഘോഷിച്ചു. അതവര്‍ക്ക് ശാസ്ത്രത്തിനും രാഷ്ട്രീയത്തിനും കുറേക്കൂടി ആളെ കൂട്ടാനുള്ള വഴിയായിരുന്നു.   ലോകത്തിലെ ആദ്യ ബഹിരാകാശ ദമ്പതികളുടെ മകളായി 1964-ല്‍ എലേന ജനിച്ചു. 1982ല്‍ വലന്റീനയും ആന്‍ഡ്രിയനും പിരിഞ്ഞു. സര്‍ജന്‍ ആയിരുന്ന യുളി ഷപോനിഷ്‌കോവ് ആണ് പിന്നെ വലന്റീനയുടെ ജീവിതപങ്കാളിയായത്. 

ഇന്നും ഒറ്റക്ക് ബഹിരാകാശയാത്ര നടത്തിയ വനിത എന്ന തലക്കെട്ടിന് താഴെ വലന്റീനയുടെ മാത്രം പേരാണുള്ളത്. റോഡുകള്‍, പാട്ടുകള്‍, സ്മാരകങ്ങള്‍ തുടങ്ങി വലന്റീനയുടെ ചരിത്രനേട്ടത്തിന്റെ ഓര്‍മ പുതുക്കാന്‍ ഏറെ വഴികളുണ്ട്. രാഷ്ട്രീയവും ശൈലിയും മാറിയ ജന്മനാടിന്റെ രണ്ടു മുഖങ്ങളിലും അവര്‍ ആദരിക്കപ്പെട്ടു. ആയിരം പൂര്‍ണചന്ദ്രന്‍മാരേയും അതില്‍ കൂടുതലും കണ്ടുകഴിഞ്ഞിരിക്കുന്ന വലന്റീന നമ്മളെ ഓര്‍മപ്പെടുത്തുന്നത് ഒരു ലളിതമായ കാര്യമാണ്. ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുക.

 

ലിയു യാങ്

 

49 വര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്നൊരു വനിത ബഹിരാകാശത്ത് എത്തിയതും അതേ പ്രമാണം കൈയില്‍പിടിച്ചാണ്. ഷെന്‍ഷൗ 9 പേടകത്തിലേറിയാണ് ലിയു യാങ്ങ് നാടിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ സ്വന്തം പേര് ചേര്‍ത്തത്. ജിങ് ഹായ്‌പെങ്, ലിയു വാങ് എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇക്കഴിഞ്ഞ അഞ്ചാംതീയതി ലിയു യാങ് വീണ്ടും ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ഷെന്‍ഷൗ 14 പേടകത്തിലേറി പോയ ലിയു യാങ്ങിനൊപ്പം ഇക്കുറിയും രണ്ടുപേരുണ്ട്. ഷെന്‍ഷൗ 11-ല്‍ യാത്ര ചെയ്തിട്ടുള്ള ചെന്‍ ഡോങ്, ഇതാദ്യമായി സഞ്ചരിക്കുന്ന സായ് സുഷെ എന്നിവര്‍. തിയാങ്‌ഗോങ് നിലയത്തിനായി 180 ദിവസത്തെ ദൗത്യമാണ് മൂന്നംഗസംഘത്തെ ഏല്‍പിച്ചിരിക്കുന്നത്.  

ജൂണ്‍ പതിനാറും ബഹിരാകാശവും സ്ത്രീയും. ബന്ധമുണ്ടോ ഇല്ലയോ, ഇനി പറയൂ.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!