ഇത് തക്കാളി കൊണ്ടുള്ള ബൊക്കയല്ല, പുതിയ ഇനം പരിസ്ഥിതി സൗഹൃദ തക്കാളി!

By Web TeamFirst Published Jan 5, 2020, 11:28 AM IST
Highlights

നഗരപ്രദേശങ്ങളില്‍ ആളുകള്‍ വളരെ കുറഞ്ഞ ഉയരത്തില്‍ വളരുന്ന ചെടികളാണ് ഇഷ്ടപ്പെടുന്നത്. ചെറിയ പാത്രങ്ങളിലും അധികം വലുപ്പമില്ലാത്ത മുറികളിലും വളര്‍ത്താന്‍ കഴിയുന്ന ചെടികളാണ് പലരും തിരഞ്ഞെടുക്കുന്നത്. 

കര്‍ഷകര്‍ക്ക് ഇനി മുന്തിരിക്കുല പോലെ നിറഞ്ഞുനില്‍ക്കുന്ന തക്കാളിയും കൃഷി ചെയ്യാം. ആകാശംമുട്ടുന്ന കെട്ടിടത്തിന് കീഴിലും വേണമെങ്കില്‍ ശൂന്യാകാശത്തും തക്കാളി വളര്‍ത്താന്‍ പറ്റുമോയെന്ന ഗവേഷണത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍. ജീനുകളില്‍ മാറ്റം വരുത്തിയ ഒരുതരം തക്കാളി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവര്‍.

'അര്‍ബന്‍ അഗ്രിക്കള്‍ച്ചര്‍ ടൊമാറ്റോ' വികസിപ്പിച്ച കോള്‍ഡ് സ്പ്രിങ്ങ് ഹാര്‍ബര്‍ ലബോറട്ടറിയിലെ പ്രൊഫസറായ സാച്ച് ലിപ്മാന്‍ പറയുന്നത് ഇതാണ്, ' അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ വളരുന്ന ചെടികളെ മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്താന്‍ വേണ്ടിയാണ് ജനിതക ഘടനയില്‍ മാറ്റം വരുത്തിയത്. നഗരപ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയിലും തക്കാളിച്ചെടികള്‍ക്ക് അതിജീവിക്കാന്‍ കഴിയും'.

കുലകളായി കാണപ്പെടുന്ന ചെറിയ തക്കാളികളാണ് ഈ പുതിയ ഇനത്തിന്റെ പ്രത്യേകത. ഒരു ബൊക്കെയിലെ പനിനീര്‍പ്പൂക്കള്‍ക്ക് പകരം ചെറിയ തക്കാളികള്‍ കൊണ്ട് അലങ്കരിച്ചാല്‍ എങ്ങനെയുണ്ടാകും? അതാണ് ഈ തക്കാളി ചെടികളില്‍ പഴുത്ത് നില്‍ക്കുമ്പോഴുള്ള കാഴ്ച.

നട്ടുവളര്‍ത്തിയാല്‍ വെറും 40 ദിവസം കൊണ്ട് തക്കാളി വിളവെടുക്കാന്‍ കഴിയും. പഴുത്ത തക്കാളിപ്പഴങ്ങള്‍ പറിച്ചെടുത്ത് കഴിക്കാവുന്നതാണ്.

'വളരെ ചെറിയ ആകൃതിയാണ് ഈ തക്കാളിക്ക്. വളരെ രുചികരവുമാണ്. കഴിക്കുന്നവരാണ് തക്കാളിയുടെ രുചി തീരുമാനിക്കുന്നത്.' ലിപ്മാന്‍ പറയുന്നു.

പരിസ്ഥിതി സൗഹൃദ തക്കാളി കൂടിയാണിത്. ' ഈ പുതിയ ഇനം തക്കാളി കൃഷി ചെയ്യുന്നതിലൂടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത കൃഷിരീതി കൂടി നമുക്ക് മനസിലാക്കാം. കൃഷിഭൂമി വല്ലാതെ ഉഴുത് മറിക്കേണ്ട ആവശ്യമില്ല. അമിതമായി വളപ്രയോഗം ആവശ്യമില്ല. രാസവളങ്ങള്‍ ഒഴുകി അരുവികളിലേക്കും പുഴകളിലേക്കുമെത്തി മലിനമാക്കുമെന്ന പേടി വേണ്ട. കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറച്ച് പരിസ്ഥിതിക്ക് പ്രശ്മനില്ലാത്ത രീതിയില്‍ തക്കാളി കൃഷി ചെയ്യാമെന്നതാണ് മേന്മ.' ലിപ്മാന്‍ പറയുന്നു.

കാര്‍ഷിക മേഖലയില്‍ നിന്ന് കാലാവസ്ഥയില്‍ പ്രത്യാഘാതങ്ങളുണ്ടാകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗമാണ് ഈ തക്കാളി. 2019 -ന്റെ തുടക്കത്തില്‍ യു.എന്‍ ഇന്‍ട്രോഗവണ്‍മെന്റള്‍ പാനല്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 500 മില്യണ്‍ ആളുകള്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി വനങ്ങള്‍ വെട്ടിനശിപ്പിക്കുകയും കൃഷിഭൂമി അമിതമായി ഉപയോഗിക്കുകയും ചെയ്തതുകാരണം പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് യു.എന്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം തക്കാളി പോലെയുള്ള വിളകള്‍ നഗരപ്രദേശങ്ങളിലേക്ക് കൂടി നന്നായി കൃഷിചെയ്യാന്‍ കഴിയുമ്പോള്‍ കൃഷിഭൂമിയുടെ ദുരുപയോഗം കുറയ്ക്കാനു കഴിയുമെന്ന് ഇവര്‍ കരുതുന്നു.

നഗരപ്രദേശങ്ങളില്‍ ആളുകള്‍ വളരെ കുറഞ്ഞ ഉയരത്തില്‍ വളരുന്ന ചെടികളാണ് ഇഷ്ടപ്പെടുന്നത്. ചെറിയ പാത്രങ്ങളിലും അധികം വലുപ്പമില്ലാത്ത മുറികളിലും വളര്‍ത്താന്‍ കഴിയുന്ന ചെടികളാണ് പലരും തിരഞ്ഞെടുക്കുന്നത്. അതുപോലെ വളരെ പെട്ടെന്ന് പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കാവുന്ന ചെടികളെയാണ് അവര്‍ക്കാവശ്യം. ഒരു വര്‍ഷത്തില്‍ പല തവണ വിളവെടുക്കാന്‍ കഴിയുമ്പോള്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. വളരെ കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവ്!

ലിപ്മാനും സഹപ്രവര്‍ത്തകരും രണ്ട് ജീനുകള്‍ കൃത്യമായി സംയോജിപ്പിച്ചാണ് പുതിയ തക്കാളി വികസിപ്പിച്ചത്. അതായത് സ്വയം പ്രൂണിങ്ങ് നടത്താന്‍ കഴിയുന്ന SP എന്ന ജീനും SP5G എന്ന ജീനും തമ്മിലുള്ള സങ്കരം. വളരെ പെട്ടെന്ന് വളരുന്നതും പുഷ്പിക്കുന്നതും കായ്ക്കുന്നതും തടയുന്ന ഈ രണ്ടു ജീനുകളെയും ആവശ്യമായ അനുപാതത്തില്‍ സന്നിവേശിപ്പിച്ചതാണ് പുതിയ തക്കാളി.

തണ്ടിന്റെ നീളം നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ജീനായ SIER ലിപ്മാന്റെ നേതൃത്വത്തിലുള്ള ടീം അടുത്തിടെ കണ്ടെത്തിയിരുന്നു. ജീനുകളില്‍ ഉത്പരിവര്‍ത്തമം നടത്തിയാണ് ചെറിയ തണ്ടുകളുള്ള വളരെ ചെറിയ ചെടികള്‍ വികസിപ്പിച്ചെടുത്തത്.

നാച്വര്‍ ബയോടെക്‌നോളജി എന്ന പ്രസിദ്ധീകരണത്തില്‍ ലിപ്മാന്‍ ഈ സാങ്കേതികവിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്നു. കിവി പോലെയുള്ള പഴങ്ങളിലും ഇത്തരം ഉത്പരിവര്‍ത്തനം നടത്താന്‍ മറ്റുള്ളവര്‍ക്ക് ഇത് പ്രചേദനം നല്‍കട്ടെയെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. വിളകളുടെ വലുപ്പം കുറച്ചും വിളവെടുപ്പിന്റെ കാലദൈര്‍ഘ്യം കുറച്ചും കാര്‍ഷിക രംഗത്ത് ഉയര്‍ന്ന ഉത്പാദനം സാധ്യമാക്കാമെന്നാണ് ഇദ്ദേഹം കരുതുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് വിളകളുടെ നാശത്തിനും പോഷകമൂല്യങ്ങള്‍ ഇല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കേണ്ടി വരുന്നതിന് പിന്നിലെന്നും ശാസ്ത്രജ്ഞന്‍മാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷമയമായ പച്ചക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഇന്ന് പലരും സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്ത് കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആയുധമായി അടുക്കളത്തോട്ടത്തെ മാറ്റുന്നുണ്ട്.
 

click me!