
നമുക്ക് മതേതര ഭരണഘടനയുള്ളപ്പോള്‍ പാകിസ്ഥാനില്‍ മതാധിഷ്ഠിത ഭരണമാണ് നിലനില്‍ക്കുന്നത്. ഗുരുദ്വാരകളിലെ ആക്രമങ്ങള്‍ വ്യക്തമാക്കുന്നത് പോലെ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടരുന്നൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.
വിഭജനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്നതിന്റെ ഭാഗം കൂടിയാണ് സി എ എ. 1950ല്‍ തന്നെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥ നെഹ്‌റു-ലിയാഖത്ത് ഉടമ്പടിയില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ മതപരമായ പരിഗണനകള്‍ക്ക് അതീതമായി ഇന്ത്യ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കിയപ്പോള്‍ പാകിസ്ഥാന്‍ ഭരണഘടന അവിടുത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുകയാണ് ചെയ്തത് (കൂടുതല്‍ വിവരങ്ങള്‍ പാകിസ്ഥാനെ സംബന്ധിച്ച് ജഫ്രലോട്ട് എഴുതിയ പുസ്തകത്തില്‍ കാണാം).
ക്രിസ്ത്യാനികള്‍ അടക്കം അവിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്നത് യാഥാര്‍ത്ഥ്യമാണ്. ആസിയാ ബീവി കേസിലും ആസിയയെ സഹായിച്ചതിന്റെ പേരില്‍ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടതിലൂടെയും ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. 20 നൂറ്റാണ്ട് മുതല്‍ തന്നെ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇവിടെ പൗരത്വം നല്‍കപ്പെടുന്നുണ്ട്. അത്തരത്തിലാണ് ഡോ. മന്‍മോഹന്‍ സിങിനും പൗരത്വം ലഭിച്ചത്.
പാകിസ്ഥാനിലെ മുസ്ലിംകളെക്കുറിച്ചോ ഇന്ത്യയിലെ ഹിന്ദുക്കളെക്കുറിച്ചോ നെഹ്‌റു-ലിയാഖത്ത് ഉടമ്പടിയില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഏത് സമുദായത്തില്‍ പെടുന്ന രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ക്കും ഒരു നിര്‍ദ്ദിഷ്ട പ്രക്രിയയിലൂടെ അഭയം നല്‍കിയ ശേഷം പൗരത്വം നേടാവുന്നൊരു നടപടിക്രമമാണ് നമുക്ക് ഇന്ത്യയിലുണ്ടായിരുന്നത്.