അതി​ഗംഭീരമായി പാലം പണിതു, എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും ഉപയോ​ഗശൂന്യം, കാരണമിത്...

Published : Sep 09, 2021, 11:54 AM IST
അതി​ഗംഭീരമായി പാലം പണിതു, എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും ഉപയോ​ഗശൂന്യം, കാരണമിത്...

Synopsis

ഭൂമി തർക്കം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഗംഗയിലെ മണ്ണൊലിപ്പ് കാരണം ബജറ്റ് 40 കോടിയിൽ നിന്ന് 55 കോടിയായി ഉയർന്നുവെന്ന് പറയപ്പെടുന്നു. 

ഉത്തർപ്രദേശിൽ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളുമായി അടുത്തുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കാനായി ഗംഗയ്ക്ക് കുറുകെ ഒരു പാലം പണിയുകയുണ്ടായി. 2019 -ൽ ആ പുതിയ പാലം പണിതപ്പോൾ, അടുത്തുള്ള ഗ്രാമങ്ങളിലെ 50,000 -ത്തോളം ആളുകൾക്കും ഒരാശ്വാസമാവുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, പക്ഷേ വർഷം രണ്ട് കഴിഞ്ഞിട്ടും ബിജ്‌നോറിലെ ആ പാലം ഉപയോഗശൂന്യമായി തന്നെ തുടരുകയാണ്. ആർക്കും അവിടെയെത്താൻ കഴിയില്ല. ഇത്രയൊക്കെ ഗംഭീരമായി പണിത പാലത്തിലേക്ക് എത്താൻ അപ്രോച്ച് റോഡ് ഇല്ല എന്നതാണ് കാരണം.  

ഭൂമി തർക്കങ്ങളും, ഫണ്ട് തീർന്നതും ഒക്കെയാണ് പാലം പ്രവർത്തനരഹിതമാവാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. 2015 -ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ഒരു വർഷത്തിന് ശേഷം ബജറ്റിൽ ഇതിനായി 40 കോടി രൂപ വകയിരുത്തുകയും ചെയ്തു. സമീപ പ്രദേശങ്ങളിലേയ്ക്ക് എളുപ്പം എത്തിച്ചേരാമെന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിക്കാൻ പദ്ധതിയിട്ടത്.  2019 ആയപ്പോഴേക്കും പാലത്തിന്റെ പണി പൂർത്തിയായി. എന്നാൽ, പദ്ധതിയുടെ അവസാന ഘട്ടമെത്തിയപ്പോൾ ഒരു പ്രശ്‌നം തലപൊക്കി. ഹരിദ്വാർ ഭാഗത്തേയ്ക്കുള്ള 200 മീറ്റർ അപ്രോച്ച് റോഡിനു വേണ്ടി വകയിരുത്തിയ സ്ഥലം അത്രയും കാലം സർക്കാർ ഭൂമിയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അതൊരു കർഷകന്റെ ഭൂമിയായിരുന്നു. കർഷകർ തന്റെ ഭൂമിയിൽ നിർമ്മാണം നടത്താൻ സമ്മതിച്ചില്ല. കുറേനാൾ അയാൾ ഇടഞ്ഞു തന്നെ നിന്നു. ഒടുവിൽ ആ തർക്കം പരിഹരിച്ചപ്പോഴേക്കും, ഫണ്ടും തീർന്നു.  

"യുപി സർക്കാറിന്റെ പദ്ധതിയായ പാലത്തിന്റെ പണി പൂർത്തിയായി. പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ, റവന്യൂ വകുപ്പിൽ നിന്ന് ഭൂവുടമകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അപ്രോച്ച് റോഡ് നിർമ്മിക്കാൻ കണക്കാക്കിയ ഭൂമി പഞ്ചായത്ത് ഭൂമിയുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്” പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ സാഗർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തുടർന്നാണ് ഭൂമിയെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്. ഭൂമി തർക്കം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഗംഗയിലെ മണ്ണൊലിപ്പ് കാരണം ബജറ്റ് 40 കോടിയിൽ നിന്ന് 55 കോടിയായി ഉയർന്നുവെന്ന് പറയപ്പെടുന്നു. പുതുക്കിയ നിർദ്ദേശം സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ടെന്നും, പണം അനുവദിച്ചാൽ അപ്രോച്ച് റോഡ് പൂർത്തിയാക്കുമെന്നും സാഗർ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്