
ഗ്യാസ് കിട്ടാനില്ലാത്തതിനാൽ പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ തുറന്നിരിക്കുന്ന ഹോട്ടലുകളിൽ പലതിലും വില വർധനവും ഉണ്ടായി. അങ്ങനെ വില വർധിപ്പിച്ചതായി കാണിച്ച് ഒരു ഹോട്ടൽ പതിച്ചിരിക്കുന്ന നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. പുനെയിലെ ഒരു ഹോട്ടലിലാണ് സാധാരണ നോട്ടീസുകളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള രസകരമായ ഒരു നോട്ടീസ് പതിച്ചിരിക്കുന്നത്. സാധാരണയായി വിലക്കയറ്റം അറിയിക്കുമ്പോൾ ഉടമകൾ പറയാറുള്ള പതിവ് ന്യായീകരണങ്ങൾക്ക് പകരം ഈ നോട്ടീസിൽ കാണുന്നത് വിചിത്രമായ കാരണമാണ്. സായാലി മഹാഷൂർ എന്ന യുവതിയാണ് നോട്ടീസിന്റെ ചിത്രം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്നത്.
നോട്ടീസിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; 'ഓറഞ്ച് നിറത്തിലുള്ള മുടിയുള്ള ഒരു മണ്ടൻ തുടങ്ങിയ യുദ്ധം കാരണം ക്രൂഡ് ഓയിൽ വില വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി എൽപിജി, പ്ലാസ്റ്റിക് എന്നിവയ്ക്കും വില കൂടി. അതിനാൽ മാർച്ച് 21 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. ദയവായി സഹകരിക്കുക, അല്ലെങ്കിൽ ആ യുദ്ധം നിർത്താൻ സഹായിക്കുക'.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, അദ്ദേഹത്തെ ഉദ്ദേശിച്ചുള്ള പരിഹാസമാണിതെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ആഗോള സംഭവങ്ങൾ സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നുവെന്ന് തമാശ കലർന്ന ഭാഷയിൽ അവതരിപ്പിച്ച ഹോട്ടലുടമയുടെ ധൈര്യത്തെയും പലരും പ്രശംസിച്ചു. പോസ്റ്റ് വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
'കാര്യങ്ങൾ ഇത്ര സത്യസന്ധമായും സർഗ്ഗാത്മകമായും അവതരിപ്പിച്ച ഹോട്ടലുടമയ്ക്ക് കൈയടി' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഇന്ത്യയിൽ മാത്രമേ രാഷ്ട്രീയവും തമാശയും ഇത്ര കൃത്യമായി കലർത്തി നോട്ടീസ് അടിക്കാൻ കഴിയൂ' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വിലക്കയറ്റം ചെറുകിട ബിസിനസ്സുകാരെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ നേർചിത്രമാണിതെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.