
കൊൽക്ക നഗരത്തിൽ വച്ച് ഒരു യുവാവിന് ഡേറ്റിംഗ് ആപ്പ് വഴിയുണ്ടായ തട്ടിപ്പിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചതോടെ വീണ്ടും സംഘടിത ഡേറ്റിംഗ് തട്ടിപ്പുകളെ കുറിച്ചുള്ള ആശങ്കകൾ സജീവമായി. പ്രണയത്തിന്‍റെ പേരിൽ, പരസ്പരമുള്ള കൂടിക്കാഴ്ചകളിൽ ഒരു സംശയത്തിനും ഇടകൊടുക്കാതെ എങ്ങനെയാണ് കെണിയിലേക്ക് വീഴ്ത്തുന്നതെന്നും പിന്നീട് തട്ടിപ്പിന് ഇരയാക്കപ്പെടുന്നതെന്നും യുവാവ് കുറിച്ചു. ജനപ്രിയ ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട യുവതിയുമായി ഒരു കഫേ ഡേറ്റിംഗ് നടത്തിയതിന് പിന്നാലെ തന്‍റെ പേഴ്സ് കാലിയായ അനുഭവമാണ് യുവാവ് എഴുതിയത്.
ബംബിൾ വഴി കണ്ടെത്തിയ യുവതിയുമായി യുവാവ് പ്രണയത്തിലായി, ഒടുവിൽ ഇരുവരും പരസ്പരം നേരിട്ട് കാണാൻ തീരുമാനിച്ചു. യുവതി റാണികുത്തിക്ക് സമീപമുള്ള കപ്പിൾ കഫേ സോണ്‍ എന്നറിയപ്പെടുന്ന ഒരു കഫേയിലേക്ക് എത്താമെന്ന് അറിയിച്ചു. ഇതോടെ തന്‍റെ ആദ്യ ഡേറ്റിംഗിന് തയ്യാറായി യുവാവും കഫേയിലെത്തി. വളരെ ഊഷ്മളമായ തുടക്കമായിരുന്നു അതെന്ന് യുവാവ് എഴുതുന്നു. ആദ്യം രണ്ട് കപ്പ് കാപ്പിയ്ക്കും ഒരു ഹുക്കയ്ക്കും ഓർഡർ ചെയ്തു. പിന്നാലെ പരസ്പരം സംഭാഷണങ്ങളിൽ മുഴുകി. പരസ്പരം പരിചയപ്പെട്ടു. ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ചു. അസാധാരണമായൊന്നും യുവാവിന് തോന്നിയില്ല. എല്ലാം വളരെ റിലാക്സ്ഡ് ആയിരുന്നു. എന്നാൽ ബില്ല് വന്നപ്പോൾ കളി മാറി. ബില്ല് കണ്ട യുവാവ് വിയർത്തു. 8,500 രൂപ!
ആകെ അമ്പരന്നു. ബില്ല് മാറിയതാകുമെന്ന് കരുതി. അതോ, ഓർഡർ ചെയ്യാത്ത സാധനങ്ങൾ കൂടുതലായി എഴുതി ചേർത്തോ? എന്തായാലും ഇത്രയും വലിയ വിലയുടെ സാധനങ്ങൾ തങ്ങൾ കഴിച്ചിട്ടില്ലെന്ന് യുവാവിന് തോന്നി. പക്ഷേ, പിന്നാലെ ഉണ്ടായ സംഭവങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. കഫേ ജീവനക്കാർ യുവാവിനെ വളഞ്ഞു. ബില്ല് മുഴുവനായും അടയ്ക്കാൻ അയാൾ സമ്മർദ്ദവും പിന്നാലെ ഭീഷണിയും ഉയർത്തി. ഇതിനിടെ സംശയ നിവാരണത്തിനായി യുവതിയോട് ചോദിക്കാനാഞ്ഞപ്പോൾ, അവൾ അവിടെ ഇല്ലായിരുന്നു. പോകുന്ന പോക്കിൽ തിരിഞ്ഞ് നിന്ന് ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയിരുന്നെന്ന് യുവാവ് എഴുതി. പിന്നീട് വെയിറ്ററിനെ തനിക്ക് ഒറ്റയ്ക്ക് നേരിടേണ്ടിവന്നെന്നും യുവാവ് എഴുതി. യുവതിയുടെ ബംബിൾ ചിത്രവും ബില്ലും പങ്കുവച്ച് കൊണ്ടായിരുന്നു യുവാവിന്‍റെ കുറിപ്പ്.
തനിക്ക് മുന്നിൽ പിന്നീട് മറ്റ് വഴികളൊന്നും ഇല്ലായിരുന്നെന്നും ബില്ലിലെ തുക മുഴുവനും തനിക്ക് ഒറ്റയ്ക്ക് അടച്ച് തീർക്കേണ്ടിവന്നെന്നും യുവാവ് കുറിച്ചു. ജീവിതത്തിലാദ്യമായി ഉണ്ടായ അനുഭവം അദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. സമാനമായൊരു അനുഭവം ഇനിയൊൾക്കും ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം എഴുതി. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ചിലർ ദേഷ്യത്തോടെ കുറിപ്പെഴുതി. മറ്റ് ചിലർ ഇത്തരം ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവരുമായി കൃത്യമായ അകലവും ജാഗ്രതയും പാലിക്കണമെന്ന് ഉപദേശിച്ചു.
'ഭായി ഒരു കാപ്പി കുടിച്ചു. 8,500 രൂപയുടെ ഒരു സബ്സ്ക്രിപ്ഷനും വാങ്ങി. പക്ഷേ അത് ബംബിൾ പ്രീമിയത്തേക്കാൾ ചെലവേറിയതായിരുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരൻ പരിഹസിച്ചത്. 'ഈ ട്വീറ്റ് വായിക്കുന്നതിന് മുമ്പ് കൊൽക്കത്തയിലെ എന്‍റെ ബംബിൾ ബന്ധങ്ങളിൽ ആവേശത്തിലായിരുന്നു. വസ്ത്രങ്ങൾ വാങ്ങുന്നു. ഇഷ്ടപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു... പക്ഷേ, ഈ ട്വീറ്റ് വായിച്ചതോടെ ഞാൻ ഒരാശയം എന്ന നിലയിൽ മനുഷ്യബന്ധത്തെ പുനഃപരിശോധിക്കുന്നു. എന്‍റെ എല്ലാ ഡേറ്റിംഗ് ആപ്പുകളും വേണ്ടെന്ന് വച്ചു. ഒരു പൂച്ചയുമൊത്തുള്ള ഏകാന്ത ജീവിതത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നു'വെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. 'ഇത് പ്രണയമല്ല, ഇത് പ്രണയത്തിന്‍റെ മുഖംമൂടി ധരിച്ച സംഘടിത വഞ്ചനയാണ്. നമ്മൾ ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നിടത്തോളം കാലം ഇത് പ്രവർത്തിച്ചുകൊണ്ടിരിക്കും' എന്നായാരുന്നു മറ്റൊരാളുടെ ഉപദേശം.