
എല്ലാവരുടെ ഉള്ളിലും ധാരാളം സ്വപ്‌നങ്ങളുണ്ടാകും. അതേസമയം ആ സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാം മറന്ന് അധ്വാനിക്കാൻ തയ്യാറാകുന്നവർ കുറവായിരിക്കും. എന്നാൽ, തന്റെ സ്വപ്നങ്ങൾക്കുവേണ്ടി അധ്വാനിക്കാനും, പോരാടാനും തയ്യാറായ ഒരു പെൺകുട്ടിയാണ് മധു പ്രിയ. അടുത്തകാലത്ത് അവൾ തന്റെ ജീവിതകഥ സാമൂഹ്യമാധ്യമത്തിൽ പങ്കിടുകയും, അത് വലിയ രീതിയിൽ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
മധു പ്രിയയുടെ മാതാപിതാക്കൾ ചെന്നൈയിൽ പച്ചക്കറി വിറ്റാണ് ഉപജീവനം നടത്തുന്നത്. വളരെ കഷ്ടപ്പെട്ടിട്ടാണ് അവർ മധുവിനെ വളർത്തിയതും, പഠിപ്പിച്ചതും. എന്നാൽ, ഇപ്പോൾ അവൾക്ക് ഒരു വലിയ അന്താരാഷ്ട്ര കമ്പനിയിൽ ജോലി ലഭിച്ചിരിക്കുന്നു. തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടിനെ കുറിച്ചാണ് ആ പോസ്റ്റിൽ അവൾ പറയുന്നത്. തന്റെ എല്ലാ വിജയത്തിനും കാരണക്കാരി അമ്മയാണെന്നും അവൾ അതിൽ പറയുന്നു.
രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിൽ പഠിക്കാനൊന്നും അവളുടെ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ, തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാതിരുന്ന ഭാഗ്യം മകൾക്ക് നൽകണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ മകളെ ഒരു വലിയ കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. ജീവിക്കാനായി കഷ്ടപ്പെടുന്ന അവരെ സംബന്ധിച്ചിടത്തോളം അതൊട്ടും എളുപ്പമായിരുന്നില്ല. എന്നിരുന്നാലും മൂന്ന് വർഷത്തിന്റെ കഷ്ടപ്പാടിനൊടുവിൽ മകളെ നഗരത്തിലെ ഒരു പ്രമുഖ സ്കൂളിൽ ചേർക്കാൻ അവർക്കായി.
പല പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും കായികതാരങ്ങളുടെയും പെൺമക്കൾ പഠിക്കുന്ന സ്കൂളായിരുന്നു അത്. അവരുടെ കൂട്ടത്തിൽ അവൾ തികച്ചും വ്യത്യസ്തയായിരുന്നു. അവിടെ മധു വല്ലാതെ ഒറ്റപ്പെട്ടു. അവളോട് സംസാരിക്കാനും, കൂട്ടുകൂടാനും ആരും വന്നില്ല. താൻ എത്ര പാവപ്പെട്ടവളാണെന്ന് അവൾക്ക് ബോധ്യമായ ദിവസങ്ങളായിരുന്നു അത്. ടീമായി ചെയ്യേണ്ട കാര്യങ്ങൾ വരുമ്പോൾ മധുവിനെ പലപ്പോഴും കൂട്ടുകാരികൾ തഴഞ്ഞു. രക്ഷാകർതൃ-അധ്യാപക സമ്മേളനങ്ങളിൽ, മധുവിന്റെ അമ്മ എല്ലായ്‌പ്പോഴും അവസാനം മാത്രം എത്തി.
“എന്റെ അമ്മ മറ്റ് മാതാപിതാക്കളിൽ നിന്ന് വേറിട്ടു നിന്നു. മറ്റ് മാതാപിതാക്കൾ വലിയ മോഡേൺ രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ വന്നപ്പോൾ എന്റെ അമ്മ മാത്രം എല്ലായ്പ്പോഴും ഒരു സാധാരണ സാരി ഉടുത്തു വന്നു. എപ്പോഴും വൈകി മാത്രം എത്തുന്ന അമ്മയോട് കാര്യം അറിയാതെ ഞാൻ കലഹിക്കുമായിരുന്നു. എന്നാൽ, സ്കൂൾ പഠനം കഴിഞ്ഞപ്പോഴാണ് അതിന്റെ കാരണം അമ്മ പറയുന്നത്. എന്റെ അമ്മയാണെന്ന് മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാകുമോ എന്ന് ഭയന്നായിരുന്നു എല്ലായ്പ്പോഴും അമ്മ വൈകിയെത്തിയിരുന്നത്” മധു പറയുന്നു.
തന്നെ പഠിപ്പിക്കാനായി അച്ഛനും അമ്മയും എത്ര കഷ്ടപ്പെടുന്നു എന്ന് മനസിലാക്കിയ അവൾ ഒരിക്കലും പഠിപ്പ് മുടക്കിയില്ല. എപ്പോഴും പരീക്ഷകളിൽ അവൾ മുൻപന്തിയിൽ എത്തി. എന്നിട്ടും പക്ഷേ അവൾക്ക് അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ഈ അവഗണന കാലക്രമേണ കൈകാര്യം ചെയ്യാൻ അവൾ പഠിച്ചു. "മൂന്ന് സുഹൃത്തുക്കൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അവരെല്ലാം താമസിയാതെ എന്നിൽ നിന്ന് അകന്നു. എന്നോട് കൂട്ടുകൂടരുതെന്ന് അവരുടെ വീടുകളിൽ നിന്ന് അവർക്ക് നിർദേശമുണ്ടായിരുന്നു. എന്നാൽ, ആദ്യമൊന്നും എനിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അന്ന് എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു സുഹൃത്ത് എന്റെ അമ്മയായിരുന്നു" മധു പറഞ്ഞു. അപ്പോഴേക്കും മധുവിന്റെ സഹോദരി ഇതെല്ലാം സഹിക്കാനാകാതെ മറ്റൊരു സ്കൂളിലേക്ക് മാറിയിരുന്നു. എന്നാൽ, അവൾ മാതാപിതാക്കൾക്ക് വേണ്ടി, അവളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ആ അവഗണനയും, ഒറ്റപ്പെടലും സഹിച്ച് സ്കൂളിൽ തുടർന്നു. ഒടുവിൽ നല്ല മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം അവൾ പൂർത്തിയാക്കി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ഒരു കോളേജിൽ പ്രവേശനം നേടി.
ഇന്ന് മധു ഒരു അന്താരാഷ്ട്ര ഐടി സ്ഥാപനത്തിൽ അസോസിയേറ്റ് മാനേജരായി ജോലി ചെയ്യുന്നു. അവളുടെ പോസ്റ്റ് വൈറലായതിനുശേഷം, നിരവധി സ്കൂളുകളും കമ്പനികളും അവളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കണമെന്ന് അവളോട് ആവശ്യപ്പെട്ടിരിക്കയാണ്. അത് മാത്രവുമല്ല അവളുടെ സ്കൂൾ സഹപാഠികൾ അവളെ കാണാൻ വീണ്ടും എത്തിയിരുന്നു. “എന്റെ സഹപാഠികളിൽ പലരും എത്തി. ചെയ്ത തെറ്റിന് അവർ എന്നോട് ക്ഷമ ചോദിച്ചു” മധു പറഞ്ഞു. എല്ലാവരും നെഞ്ചിലേറ്റിയ അവളുടെ പോസ്റ്റിന്റെ അവസാനം ഇങ്ങനെയായിരുന്നു: ഞാൻ ഒരു പച്ചക്കറി കച്ചവടകാരിയുടെ മകളാണെന്ന് ലോകത്തിന് മുൻപിൽ ഞാൻ അഭിമാനത്തോടെ പറയുന്നു. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഞാൻ ഇവിടെ വരെയെത്തി. എല്ലാവരും കരുതിയതിലും മുകളിൽ പോകാൻ എന്റെ അമ്മ എന്നെ സഹായിച്ചു. അമ്മയുടെ നിരന്തരമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി. ഇതാണ് എന്റെ ആദ്യത്തെ പ്രമോഷൻ, ഞാൻ ഇത് എന്റെ അമ്മയ്ക്ക് സമർപ്പിക്കുന്നു.”
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona